ENTERTAINMENT

വിജയ്‌യുടെ പാർട്ടിയുടെ പതാക മഞ്ഞനിറത്തിൽ? നാളെ പുറത്തിറക്കും

തമിഴക വെട്രി കഴകത്തിനുവേണ്ടിയുള്ള ഗാനവും ചടങ്ങിൽ പുറത്തിറക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇളയ ദളപതി വിജയ്‌ രൂപീകരിച്ച തമിഴക വെട്രി കഴകം (ടി വി കെ)പാർട്ടിയുടെ പതാക അനാച്ഛാദനം നാളെ. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് രാവിലെ പത്തരയ്‌ക്കാണ് ചടങ്ങ്. വിജയ് പതാക ഉയർത്തും. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയുള്ള പ്രത്യേക ഗാനവും ചടങ്ങിൽ പുറത്തിറക്കും.

തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള തമിഴ് വെട്രി കഴകത്തിന്റെ മുന്നൂറോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു ചടങ്ങിലേക്കു ക്ഷണമുണ്ട്. ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വിജയ് തിങ്കളാഴ്ച പാർട്ടി അസ്ഥാനം സന്ദർശിച്ചിരുന്നു.

മഞ്ഞനിറത്തിലാകും പാർട്ടി പതാകയെന്നാണ് സൂചന. മറ്റു പ്രചാരണസാമഗ്രികളുടെ ഔദ്യോഗിക നിറവും മഞ്ഞ തന്നെയാവും. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞനിറത്തത്തെ കാണുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ ധരിക്കാറുള്ളത്.

സംഗീത സംവിധായകനും ഗായകനുമായ എസ് തമൻ ആണ് പാർട്ടി ഗാനം ചിട്ടപ്പെടുത്തിയതെന്നാണ് വിവരം. വിവേകിന്റേതാണ് വരികൾ.

ചടങ്ങിനുശേഷം തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ കൊടിമരം സ്ഥാപിക്കാനും പതാകയുയർത്താനും നേതാക്കൾക്കു വിജയ് നിർദേശം നൽകി. സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്നും പ്രവർത്തകർക്കുള്ള നിർദേശം.

പുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്യുന്ന തീയറ്ററുകളിലും പതാക ഉയര്‍ത്തുമെന്നാണ് സൂചന. 1000 തീയറ്ററുകളില്‍ പതാക ഉയര്‍ത്താനാണ് സംഘാടകർ ഒരുങ്ങുന്നത്.

സജീവ അഭിനയത്തിൽനിന്ന് വിടപറയുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാനചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ന്റെ റിലീസിനു ശേഷമായിരിക്കും പതാക അനാച്ഛാദനമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഗോട്ട് തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ആരാധകർക്കിടയിൽ തരംഗം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവണ്ടിയിൽ നടത്തുമെന്നാണ് വിവരം. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.

ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.

വെങ്കട്ട് പ്രഭുവിൻ്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) സെപ്റ്റംബർ അഞ്ചിനാണു പ്രദർശനത്തിനെത്തുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായി തമിഴ്നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം പ്രദര്‍ശനമാരംഭിക്കും. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വെങ്കട്ട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. ബിഗിലിനുശേഷം വിജയ് ഇരട്ടവേഷത്തിലെത്തുവെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം