ENTERTAINMENT

വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

സംവിധായകൻ ലോകേഷ് തന്റെ "റെട്രോ" പ്ലേലിസ്റ്റ് ലിയോയിലും ഉള്‍പ്പെടുത്തിയതോടെ പതിറ്റാണ്ടുകള്‍ മുന്‍പ് പുറത്തിറങ്ങിയ ഗാനങ്ങള്‍ വീണ്ടും പ്രേക്ഷകർക്കിടയില്‍ തരംഗമാകുകയാണ്

രവി മേനോന്‍

പിന്നിലേക്കോടിമറയുന്ന വഴിയോരക്കാഴ്ചകളും സ്റ്റീരിയോയിൽ നിന്നൊഴുകുന്ന മധുരഗീതങ്ങളും മതിമറന്നാസ്വദിച്ച് ബസ്സിന്റെ സീറ്റിൽ അലസനായി ചാരിക്കിടന്ന ആ പഴയ കോളേജ് വിദ്യാർത്ഥി ഇപ്പോഴുമുണ്ടാവണം ലോകേഷ് കനകരാജിന്റെ ഉള്ളിൽ. ഇല്ലെങ്കിൽ അന്ന് കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടുകൾ കൊണ്ടൊരു കിടിലൻ "പ്ലേലിസ്റ്റ്" ഉണ്ടാക്കില്ലല്ലോ ലോകേഷ്.

സംവിധായകൻ ലോകേഷിന്റെ ആ "റെട്രോ" പ്ലേലിസ്റ്റാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്ത് ചൂടുള്ള ചർച്ചാവിഷയം. ഏറ്റവും പുതിയ ചിത്രമായ 'ലിയോ'യിൽ ലോകേഷ് ഉൾപ്പെടുത്തിയ പതിറ്റാണ്ടുകൾ പഴക്കമുള്ള പാട്ടുകൾ മൂന്നും സൂപ്പർഹിറ്റ്. യൂട്യൂബിൽ ആ പാട്ടുകളും പാട്ടുകാരെയും തിരയുന്ന തിരക്കിലാണ് സംഗീതപ്രേമികൾ. ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും സുജാതയ്ക്കും അനുരാധ ശ്രീരാമിനും അഭിമാനിക്കാം; സംഗീതജീവിതത്തിലെ ഈ തകർപ്പൻ ട്വിസ്റ്റിന്റെ പേരിൽ. തെല്ലും നിനച്ചിരിക്കാതെ ലഭിച്ചതാണല്ലോ സ്വന്തം പാട്ടുകൾക്ക് ഈ പുനർജന്മം.

പഠനകാലത്ത് ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള ബസ് യാത്രകളിൽ കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടുകളാണ് ഗൃഹാതുരത്വത്തോടെ സ്വന്തം സിനിമകളിൽ ഉപയോഗിക്കുന്നതെന്ന് ലോകേഷ്. 'കൈതി'യിലും 'വിക്ര'മിലും 'മാസ്റ്ററി'ലും എല്ലാമുണ്ടായിരുന്നു അത്തരം പാട്ടുകൾ; ഇപ്പോൾ ഇളയദളപതി വിജയ് അരങ്ങുതകർത്ത 'ലിയോ'യിലും.

"ഇഷ്ടം കൊണ്ട് മാത്രമാവണം ലോകേഷ് ആ പാട്ടുകൾ ലിയോയിൽ ഉൾപ്പെടുത്തിയത്," ഉണ്ണിമേനോൻ പറയുന്നു. "വേണമെങ്കിൽ മറ്റു പലരും ചെയ്യും പോലെ അദ്ദേഹത്തിന് അവ താളക്കൊഴുപ്പോടെ റീമിക്സ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ പുതിയ ഡിജിറ്റൽ ടെക്‌നോളജിയുടെ സഹായത്തോടെ മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാം. അതൊന്നും ചെയ്യാതെ പഴയ ഗാനങ്ങൾ അതേ പടി സിനിമയിൽ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പാട്ടുകളോടുള്ള ലോകേഷിന്റെ ആത്മാർത്ഥമായ സ്നേഹം ഒന്നു മാത്രമാണ് അതിന് പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു."

ഇരുപത്തിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ "ഏഴൈയിൻ സിരിപ്പിൽ" എന്ന ചിത്രത്തിൽ അനുരാധാ ശ്രീരാമിനൊപ്പം ഉണ്ണിമേനോൻ പാടിയ "കറു കറു കറുപ്പായി" (സംഗീതം: ദേവ) ആണ് ലിയോയിൽ ഇടം നേടിയ റെട്രോ പാട്ടുകളിലൊന്ന്. പശുംപൊൻ (1995) എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ഈണത്തിൽ കൃഷ്ണചന്ദ്രനും സുജാതയും പാടിയ "താമരൈ പൂവുക്കും", പൊല്ലാതവനിൽ (1980) എം എസ് വിശ്വനാഥന്റെ ഈണത്തിൽ എസ് പി ബാലസുബ്രഹ്മണ്യം പാടിയ നാൻ പൊല്ലാതവൻ എന്ന പാട്ടുകൾ കൂടി ചേരുമ്പോൾ 'ലിയോ'യിലെ ഗൃഹാതുരലോകം പൂർണമാകുന്നു.

പുറത്തിറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും വലിയതോതിൽ ചർച്ചയാകാതെ പോയ ഒരു ഗാനം 28 വർഷങ്ങൾക്കിപ്പുറം യുവതലമുറ പോലും ആവേശപൂർവം ഏറ്റുപാടുന്നുവെന്ന സത്യം ആഹ്‌ളാദം നിറഞ്ഞ അവിശ്വസനീയതോടെ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് കൃഷ്ണചന്ദ്രനും സുജാതയും. സിനിമയിലെ വിജയിന്റെ സാന്നിധ്യം ഒന്നു മാത്രമാണ് ഈ മാജിക്കിന് പിന്നിൽ എന്ന് വിശ്വസിക്കുന്നു കൃഷ്ണചന്ദ്രൻ. "ഓരോ മനുഷ്യനും വ്യത്യസ്ത അനുഭൂതികളാണ് ഓരോ ഗാനവും പകർന്നുനൽകുക. നമ്മൾ അത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു പാട്ട് മറ്റൊരാളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വികാരനിർഭരമായ അനുഭവമാകാം. എന്തായാലും ഇത്ര കാലത്തിന് ശേഷം ആ പാട്ട് പുനർജ്ജനിക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യം."

ചെന്നൈയിലെ മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയിൽ വിഖ്യാത ശബ്ദലേഖകൻ ശ്രീധർ ആണ് "താമരൈ പൂവുക്കും" റെക്കോർഡ് ചെയ്തത് - സുജാത

ചെന്നൈയിലെ മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയിൽ വിഖ്യാത ശബ്ദലേഖകൻ ശ്രീധർ ആണ് "താമരൈ പൂവുക്കും" റെക്കോർഡ് ചെയ്തതെന്നോർക്കുന്നു സുജാത. സ്റ്റുഡിയോയിലെ ഹാളിൽ ഇരുഗായകരും ഒരുമിച്ചുനിന്ന് ലൈവായാണ് പാടിയത്. വൈരമുത്തുവിന്റെ വരികളും വിദ്യാസാഗറിന്റെ ഈണവും ഭാരതിരാജയുടെ ചിത്രീകരണമികവും എല്ലാം ഒത്തുചേർന്ന ഗാനം. "ലൈവ് റെക്കോർഡിങ്ങിന് അതിന്റെതായ മേന്മ തീർച്ചയായും ഉണ്ടാകും. ഒരുമിച്ചുനിന്ന് പാടുമ്പോൾ സ്വാഭാവികമായി കടന്നുവരുന്ന ഭാവങ്ങൾ പാട്ടിനെ കൂടുതൽ മെച്ചപ്പെട്ടതാക്കും എന്നാണ് എന്റെ അനുഭവം"- കൃഷ്ണചന്ദ്രൻ.

"ഏഴൈയിൻ സിരിപ്പിലെ" ഉണ്ണിമേനോൻ - അനുരാധമാരുടെ ഗാനവും ലൈവ് ആയി റെക്കോർഡ് ചെയ്യപ്പെട്ടത് തന്നെ. "കുസൃതിയും അൽപ്പം കുറുമ്പുമൊക്കെ വേണ്ട പാട്ടാണെന്ന് നേരത്തെ പറഞ്ഞിരുന്നു സംഗീത സംവിധായകൻ ദേവ. പാടുന്നത് പ്രഭുദേവയ്ക്ക് വേണ്ടിയാണെന്നും. അത്തരം ഗാനങ്ങൾ ധാരാളം പാടി പരിചയമുള്ള ആളാണ് അനുരാധ. അതുകൊണ്ടുതന്നെ റെക്കോർഡിങ് അങ്ങേയറ്റം രസകരമായിരുന്നു. ആസ്വദിച്ച് പാടിയ പാട്ടുകളിൽ ഒന്ന്." -ഉണ്ണിമേനോൻ.

അടുത്തിടെ റെക്കോർഡ് ചെയ്ത ഒരു പാട്ട് റിലീസായ പോലെയാണ് ആളുകളുടെ പ്രതികരണം - ഉണ്ണിമേനോൻ

പഴയ പാട്ടുകൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നതിനോട് എതിർപ്പൊന്നുമില്ല ഈ ഗായകർക്കാർക്കും. ഇങ്ങനെയും ചില പാട്ടുകാരും പാട്ടുകളും ഇവിടെ ഉണ്ടായിരുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണല്ലോ ഇത്തരം പരീക്ഷണങ്ങൾ. "എങ്കിലും ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കണം എന്നൊരു അഭിപ്രായമുണ്ട്," സുജാത പറയുന്നു. "പാട്ടുകളുടെ യഥാർത്ഥ അവകാശികൾക്ക് ക്രെഡിറ്റ് നൽകണം. അവരില്ലായിരുന്നെങ്കിൽ ആ പാട്ടുകളുമില്ലല്ലോ..."

'ലിയോ' റിലീസായ ശേഷം മൊബൈൽ ഫോണിന് വിശ്രമമില്ല എന്നതാണ് ഉണ്ണിമേനോന്റെയും കൃഷ്ണചന്ദ്രന്റെയും അനുഭവം. "എത്രയോ പേർ വിളിച്ചു; ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ റെക്കോർഡ് ചെയ്ത ഒരു പാട്ട് റിലീസായ പോലെയാണ് ആളുകളുടെ പ്രതികരണം. മറന്നു തുടങ്ങിയിരുന്ന ഒരു പാട്ട് വീണ്ടും കേൾക്കാൻ എന്നെപ്പോലും പ്രേരിപ്പിച്ചു ലോകേഷ്. നന്ദിയുണ്ട്," കൃഷ്ണചന്ദ്രൻ പറയുന്നു.

"കോഴി കൂവുത്" (1982) എന്ന ചിത്രത്തിൽ ഇളയരാജക്കുവേണ്ടി താൻ പാടിയ "ഏതോ മോഹം" എന്ന ഹിറ്റ് ഗാനം എത്രയോ വർഷങ്ങൾക്കുശേഷം ഒരു സിനിമയിൽ യാദൃച്ഛികമായി കേൾക്കാനിടവന്ന അനുഭവം ഓർത്തെടുത്തു അദ്ദേഹം. "സിനിമയിൽ നായകൻ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പശ്ചാത്തലത്തിൽ സ്റ്റീരിയോയിൽ കേൾക്കുന്ന പാട്ടാണ്. അത്രയും കാലത്തിനുശേഷം നമ്മുടെ പാട്ട് വീണ്ടും സിനിമയിൽ കേൾക്കുമ്പോൾ ഉണ്ടാവാനിടയുള്ള സന്തോഷം പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ."

മുൻപും സിനിമയിൽ പഴയ ഇഷ്ടഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് ലോകേഷ്. ജൂംബലക്ക ജൂംബലക്ക, ആസൈ അധികം വച്ച് (കൈതി), കറുത്ത മച്ചാൻ (മാസ്റ്റർ), ചക്ക്‌ ചക്ക്‌ വാത്തിക്കുച്ചി (വിക്രം) എന്നിവ ഉദാഹരണം. ഈ "പ്ലേലിസ്റ്റ്" ഇവിടെയെങ്ങും അവസാനിക്കില്ല എന്നുറപ്പിക്കാം നമുക്ക്. അതാണല്ലോ ഗൃഹാതുരത്വത്തിന്റെ ഇന്ദ്രജാലം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി