വാരിസിന്റെ പ്രമോഷൻ പരിപാടികൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കാത്തതിലും ട്രെയിലർ വൈകിയതിലും വിജയ് അതൃപ്തിയിലാണെന്നായിരുന്നു കോളിവുഡിൽ നിന്നുള്ള വാർത്തകൾ. ഇതിന് പിന്നാലെയാണ് താരത്തെ പോലും അമ്പരപ്പിച്ച് സെലിബ്രിറ്റി പ്രീമിയർ ഷോ നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രം തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ന് രാത്രി 8 മണിക്ക് ചെന്നൈയിലെ പ്രമുഖ തീയേറ്ററിലാണ് പ്രത്യേക ഷോ
താരങ്ങളായ ധനുഷ് , കാർത്തി , സംവിധായകരായ ഷങ്കർ, ലോകേഷ് കനകരാജ് , സംഗീത സംവിധായകൻ അനിരുദ്ധ്, തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖരെയാണ് ഷോ യിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതാദ്യമായാണ് വിജയ് ചിത്രത്തിന് സെലിബ്രിറ്റി പ്രീമിയർ ഷോ ഒരുക്കുന്നത്
അജിത്ത് ചിത്രം തുനിവ് നാളെ പുലർച്ചെ 1 മണിക്കും വിജയ് ചിത്രം വാരിസ് പുലർച്ചെ നാലുമണിക്കുമാണ് തീയേറ്ററിലെത്തുക. എന്നാൽ ഈ വെള്ളിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി സർക്കാർ തന്നെയാണ് വിലക്ക് ഏർപ്പെടുത്തിയത് .