വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം റിലീസ് മാറ്റിവെച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ കേരളത്തിൽ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. നവംബർ 24 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സാങ്കേതിക പ്രശ്‌നങ്ങളും കേസും കാരണം റിലീസ് മാറ്റിവെച്ചന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ.
എന്നാൽ ചിത്രം നാളെ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് സ്വന്തമാക്കിയ സോണി മ്യൂസിക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകൾ മൂലം സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചതായിട്ടായിരുന്നു വാർത്തകൾ പുറത്തുവന്നത്. റിലീസിന് തലേദിവസമായിട്ട് കൂടി പ്രെമോഷൻ ചടങ്ങുകളോ റിസർവേഷനോ ആരംഭിച്ചിരുന്നില്ല.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു നിർമാണ കമ്പനി കോടതിയെ സമീപിച്ചത്. ചിമ്പുവിനെ നായകനാക്കി ചിത്രം ഒരുക്കുന്നതിന് ഗൗതം മേനോൻ അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ ഓൾ ഇൻ പിച്ചേഴ്‌സ് ആണ് കോടതിയെ സമീപിച്ചത്. തുടർന്ന് 24 -ാം തിയതി രാവിലെ 10.30 ന് മുമ്പായി രണ്ട് കോടി നാൽപത് ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കാനും പണം നൽകിയില്ലെങ്കിൽ ചിത്രം റിലീസ് ചെയ്യരുതെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ ചിത്രം റിലീസ് പ്രഖ്യാപിച്ചപ്പോൾ ഓൾ ഇൻ പിച്ചേഴ്സ് പാർട്ണർ വിജയ് രാഘവേന്ദ്ര ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.
അതേസമയം ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രയങ്ങളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ കണ്ട സംവിധായകൻ ലിങ്കുസ്വാമി മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു. 2016 ൽ ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വർഷങ്ങൾക്കു ശേഷമാണ് റിലീസിനെത്തുന്നത്.
ഋതു വർമ്മ, സിമ്രൻ, ആർ പാർഥിപൻ, ഐശ്വര്യ രാജേഷ്, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്
'ജോൺ' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്പൈ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.
2016ൽ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസർ 2017 ൽ പുറത്തുവന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകർ എത്തിയെങ്കിലും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. തുടർന്ന് 2022ൽ ചിത്രം റിലീസാകുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഗൗതം മേനോൻ അറിയിച്ചിരുന്നു. എന്നാൽ ഡബ്ബിങ്ങും മറ്റും പൂർത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വീണ്ടും വൈകുകയായിരുന്നു.