വിക്രം നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ ചിത്രീകരണം പൂർത്തിയായി. ലുക്കിലും പ്രകടനത്തിലും ഏറെ വെല്ലുവിളികളുള്ള ചിത്രം 118 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അഭിനേതാവെന്ന നിലയിൽ മികച്ച അനുഭവങ്ങൾ സമ്മാനിച്ച ചിത്രമാണ് തങ്കലാനെന്നും സ്വപ്നം പോലെയൊരു യാത്ര സമ്മാനിച്ച രഞ്ജിത്തിന് നന്ദിയെന്നും വിക്രം സോഷ്യൽ മീഡിയയിൽ കുറിച്ചു
മാാളവിക മോഹനനും പാർവതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാർ. അപ്രതീക്ഷിതമായ സമയത്ത് ലഭിച്ച ഒരു സിനിമയും കഥാപാത്രവുമായിരുന്നു തങ്കലാനിലേതെന്ന് മാളവിക മോഹനനും പറയുന്നു. ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ നേരിട്ടേണ്ടി വന്ന ഒരു കഥാപാത്രമാണ് തങ്കലാനിലേത്. കണ്ണീരും വിയർപ്പും രക്തവുമൊക്കെയാണ് സിനിമയെന്ന് പറയാമെങ്കിൽ തന്നെ സംബന്ധിച്ച് അത് തങ്കലാനാണെന്നും മാളവിക ട്വിറ്ററിൽ കുറിച്ചു
ചിത്രീകരണത്തിനിടയിൽ എടുത്ത രസകരമായ ഒരു ലൊക്കേഷൻ വീഡിയോയും നിർമാതാക്കൾ പുറത്തുവിട്ടു.
പിതാമഹന് ശേഷം വിക്രത്തിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കു തങ്കലാനെന്നാണ് സിനിമ നിരൂപകരുടെ വിലയിരുത്തൽ. ചിത്രത്തിനായി അടിമുടി ലുക്ക് മാറ്റിയ വിക്രത്തിന് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരുക്കേറ്റിരുന്നു. തുടർന്ന് ഒരുമാസത്തെ വിശ്രമത്തിന് ശേഷമാണ് താരം മടങ്ങിയെത്തിയത്.
1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം . ബ്രിട്ടീഷ് ഭരണ കാലത്ത് കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ചില സംഭവങ്ങളും ഫാക്ടറി തൊഴിലാളികളുടെ ജീവിതവുമാണ് പ്രമേയമെന്നാണ് സൂചന. വേഷ പകർച്ചകൾ കൊണ്ട് ഇപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുള്ള വിക്രം കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് തങ്കലാനിലെത്തുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.കെജിഎഫ്, കമലഹാസന്‍ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.