ENTERTAINMENT

'ആട്ടം' നാടകപശ്ചാത്തലത്തിൽ പറയുന്ന സസ്‌പെൻസ് ചിത്രം, ഐഎഫ്എഫ്‌ഐ സെലക്ഷൻ സ്വപ്‌നതുല്യം: സംവിധായകന്‍ ആനന്ദ് ഏകർഷി

'ആട്ടം' സിനിമയുടെ വിശേഷങ്ങളും സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചും സംസാരിക്കുകയാണ് ആനന്ദ് ഏകര്‍ഷി

അശ്വിൻ രാജ്

54-ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ മലയാളത്തിൽനിന്നുള്ള 'ആട്ട'മാണ് ഉദ്ഘാടന ചിത്രം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഐഎഫ്എഫ്‌കെയിലേയ്ക്കും കൂടി 'ആട്ടം' തിരഞ്ഞെടുത്തതോടെ സ്വപ്‌നം പോലുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ആനന്ദ് പറയുന്നത്. 'ആട്ടം' സിനിമയുടെ വിശേഷങ്ങളും സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചും സംസാരിക്കുകയാണ് ആനന്ദ്.

തുടക്കം ഒരു യാത്രയിൽനിന്ന്

കോവിഡ് കാലത്ത് നടൻ വിനയ് ഫോർട്ടിനൊപ്പം നടത്തിയ ഒരു യാത്രയാണ് 'ആട്ടം' എന്ന സിനിമയുടെ പിറവിക്ക് കാരണം. സരിൻ ഷിഹാബും കലാഭവൻ ഷാജോണും ഒഴികെ ആട്ടത്തിൽ വേഷമിട്ട വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള മറ്റുള്ളവരെല്ലാം കൊച്ചിയിലെ ലോകധർമി എന്ന നാടകസംഘത്തിൽ അംഗങ്ങളായിരുന്നു. ഞാനും ഈ തിയറ്ററിന്റെ ഭാഗമായിരുന്നു. വിനയ് അവിടെനിന്നാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയത്. മറ്റുള്ളവർ നാടകത്തിൽ തുടർന്നു. ഞാൻ അഞ്ച് - ആറ് വർഷം മുമ്പ് സിനിമാ സംവിധാനത്തിലേക്കും തിരിഞ്ഞു.

യാത്രക്കിടയിലാണ് നമുക്ക് എല്ലാവർക്കും കൂടി ഒരു സിനിമ ചെയ്യാമെന്ന് വിനയ് നിർദേശിക്കുന്നത്. കാരണം കൂടെയുള്ളവരെല്ലാം മികച്ച അഭിനേതാക്കളാണ്, സിനിമയിൽ അവസരം ലഭിച്ചിട്ടില്ലെന്നേയുള്ളൂ. നാടക രംഗത്ത് വളരെ സീനിയറായ അഭിനേതാക്കളാണിവർ. ഈ കൂട്ടത്തിൽ മദൻ എന്ന് പേരുള്ള ഒരാള്‍ സർക്കാർ ഉദ്യോഗസ്ഥനാണെന്നത് മാറ്റി നിർത്തിയാൽ ബാക്കിയുള്ളവരെല്ലാം ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ്. പെയിന്റ് പണിക്കാരും ടൈൽ പണിക്കാരും ഈ കൂട്ടത്തിലുണ്ട്.

അങ്ങനെ ആ യാത്രയിലുണ്ടായ സംസാരത്തിൽനിന്ന് ഇത്തരമൊരു കഥ ആലോചിക്കുകയും വിനയ്‌യോട് അവതരിപ്പിച്ചപ്പോൾ ഇഷ്ടമാവുകയും തുടർന്ന് നിർമാതാവിലേക്ക് എത്തുകയുമായിരുന്നു.

സിനിമ നാടകമല്ല

നാടകത്തിൽനിന്നുള്ളവരാണ് അഭിനയിക്കുന്നത് എന്നുവച്ച് ഈ ചിത്രം ഒരിക്കലും നാടകമല്ല. ഒരു നാടകസംഘത്തിൽ നടക്കുന്ന വിഷയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അല്ലാതെ ഒരു നാടകം സിനിമയാക്കിയതല്ല ഇത്.

നാടകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും ചടുലമായിത്തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കൊമേഷ്യലായി വർക്ക് ചെയ്യണമെന്ന് വിചാരിക്കുകയും ആ രീതിയിൽ എടുക്കുകയും ചെയ്ത ചിത്രമാണ്. എൻഗേജിങ്ങായ കഥപറച്ചിലാണ് ചിത്രത്തിന്റെ സവിശേഷത. സിനിമാ ഴോണറിൽ പറയുകയാണെങ്കിൽ 'ആട്ടം' ഒരു സ്ലോ ബേൺ സസ്‌പെൻസ് ചിത്രമാണ്. സംസാരിക്കുന്നത് ഗൗരവമുള്ളതും പ്രസക്തിയുള്ളതുമായ വിഷയമായതുകൊണ്ടാണ് ചിത്രം ഫെസ്റ്റിവലുകളിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

ആട്ടം സിനിമയുടെ പോസ്റ്റര്‍

ഫെസ്റ്റിവലുകൾ, പുരസ്‌ക്കാരങ്ങൾ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആട്ടം മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്‌കാരം സ്വന്തമാക്കിയത് കഴിഞ്ഞ മാസമാണ്. പിന്നീട് ഐ എഫ് എഫ് കെ, മുംബൈയിലെ ജിയോ മാമി ഫിലി ഫെസ്റ്റിവൽ എന്നിവയിൽ സെലക്ഷൻ ലഭിച്ചു. ഏറ്റവുമൊടുവിലാണ് ഐഎഫ്എഫ്‌ഐയിലെ ഇന്ത്യൻപനോരമയിൽ ഉദ്ഘാടന ചിത്രമായത്. ശരിക്കും സ്വപ്‌ന തുല്യമായിരുന്നു ഇത്. മുമ്പ് ഡെലിഗേറ്റായി പോയിരുന്ന ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ ചിത്രം ഉദ്ഘാടന ചിത്രമായി കാണിക്കുകയെന്നത് വലിയ സന്തോഷം നൽകുന്നു.

നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി, അന്താരാഷ്ട്ര ഡെലിഗേറ്റുകൾക്കായി തിരെഞ്ഞെടുത്ത 20 ചിത്രങ്ങളുടെ പട്ടികയിലും 'ആട്ടം' ഇടംപിടിച്ചു.

ആനന്ദ് ഏകര്‍ഷിയും അജിത്ത് ജോയിയും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ് വേദിയില്‍

റിഹേഴ്‌സലുകൾ, ട്രയൽ ഷൂട്ട്, നിർമാതാവിന്റെ അത്ഭുതപ്പെടുത്തിയ പിന്തുണ

'ആട്ടം' സിനിമയുടെ കഥയുമായി ആദ്യം സമീപിച്ചത് മറ്റൊരു നിർമാതാവിനെയായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമായെങ്കിലും മറ്റൊരു സിനിമ അപ്പോൾ നടക്കുന്നതിനാൽ ഉടനെ ഈ ചിത്രം ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഈ ചിത്രത്തിന് എന്തായാലും ഒരു നിർമാതാവിനെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് ഡോ. അജിത്ത് ജോയിലേക്ക് എത്തുന്നത്.

ഞങ്ങൾ എല്ലാവരും പുതുമുഖങ്ങൾ ആയതുകൊണ്ടുതന്നെ ചിത്രത്തിന്റെ ആദ്യ 10 മിനുറ്റ് ഇതേതാരങ്ങളെ വച്ച് പൈലറ്റ് സീൻ പോലെ ഷൂട്ട് ചെയ്തിരുന്നു. സുഹൃത്തുക്കളിൽനിന്ന് സംഭാവനയായി സ്വീകരിച്ച തുക ഉപയോഗിച്ചായിരുന്നു ഇത് ചെയ്തത്. ഈ സീൻ കണ്ട അജിത്ത് ജോയി എപ്പോഴാണ് നിങ്ങൾ ഷൂട്ട് ചെയ്യുന്നതെന്നായിരുന്നു ചോദിച്ചത്. അതായത് 15 മിനിറ്റ് കൊണ്ട് എല്ലാം ഓക്കെയായി മൂന്ന് മാസം കൊണ്ട് ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തിനായി 35 ദിവസം റിഹേഴ്‌സൽ നടത്തിയിരുന്നു. ഏഴ് ദിവസം ലൊക്കേഷൻ റിഹേഴ്‌സലും നടത്തി. ഇതിന്റെയെല്ലാം ചെലവുകൾ നിർമാതാവാണ് എടുത്തത്. അദ്ദേഹത്തിന് ഈ മുന്നൊരുക്കത്തിന്റെ ആവശ്യകത അറിയാമായിരുന്നു.

'ആട്ടം' ഒരു സിങ്ക് സൗണ്ട് ചിത്രമാണ്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ഇതിനുള്ള സാങ്കേതിക ഉപകരണങ്ങൾ ബോംബെയിൽനിന്ന് എത്തിച്ചു. മൾട്ടി ക്യാമറകൾ ഉൾപ്പെടെയുള്ള ഈ സിനിമയ്ക്ക് എന്തൊക്കെ ആവശ്യപ്പെട്ടോ അതൊക്കെയും നിർമാതാവ് ലഭ്യമാക്കി.

ക്രിയേറ്റീവ് സൈഡിൽ ഒരിക്കൽ പോലും അദ്ദേഹം ഇടപ്പെട്ടില്ല എന്നതാണ് ആട്ടത്തിന്റെ മെയ്ക്കിങ്ങുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ടത്. അതിനാൽ ഈ പ്രോസസ് വളരെയധികം എളുപ്പമായിരുന്നു. മലയാളത്തിൽ ഇത്തരം നിർമാതാക്കൾ അപൂർവമാണ്.

'ആട്ടം' തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്‌ഐ, ഐഎഫ്എഫ്‌കെ എന്നിവയ്ക്കുശേഷം ജനുവരിയോടെ ആട്ടം തിയേറ്ററുകളിൽ എത്തും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം