ENTERTAINMENT

'ചെയർമാൻ എന്ന രീതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു'; രഞ്ജിത്തിനെതിരെ ജൂറി അംഗത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് വിനയൻ

'ചില പാട്ടുകൾ കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രമുഖരായ പലരുടെയും പാട്ടുകള്‍ കേൾക്കുമ്പോൾ അത് ചവറാണെന്ന് പറഞ്ഞിരുന്നു'

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരള സംസ്ഥാന അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണവുമായി സംവിധായകൻ വിനയൻ. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിക്കുന്ന ജൂറി അംഗം ജെൻസി ഗ്രിഗറിയുടെ ശബ്ദരേഖ ഫേസ്ബുക്കിലൂടെ വിനയൻ പുറത്തുവിട്ടു.

'ഒരു ചെയർമാൻ എന്ന രീതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് രഞ്ജിത്ത് ചെയ്തത്. ചില പാട്ടുകൾ കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രമുഖരായ പലരുടെയും പാട്ടുകള്‍ കേൾക്കുമ്പോൾ അത് ചവറാണെന്ന് പറഞ്ഞിരുന്നു. അധികം അഭിപ്രായം പറയാൻ രഞ്ജിത്തിനെ അനുവദിച്ചില്ല എന്നതാണ് സത്യം. ആരുടെയും സ്വാധീനത്തിൽ വീഴാൻ നിന്നുകൊടുത്തിട്ടില്ല. അവസാന നിമിഷം വരെ സ്വന്തമായ തീരുമാനം ഉണ്ടായിരുന്നു.' എന്നിങ്ങനെയാണ് ശബ്ദരേഖയില്‍ ജെൻസിയുടെ വാക്കുകള്‍.

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപ്പെട്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വിനയൻ രംഗത്തുവന്നത്. രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ വിനയന്റെ ആരോപണത്തെ തള്ളി മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവാർഡിൽ ഇനിയൊരു പുനഃപരിശോനയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അവാർഡ് കിട്ടിയ മുഴുവൻ അഭിനേതാക്കളും അർഹതപ്പെട്ടവരാണെന്നും ഇതിൽ രഞ്ജിത്തിന് ഒരു പങ്കുമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, അവാർഡ് നിർണയ വിവാദത്തിൽ മറുപടി പറയേണ്ടത് മന്ത്രി സജി ചെറിയാൻ അല്ലെന്നും രഞ്ജിത്താണ് വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും വിനയൻ പ്രതികരിച്ചു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൈകടത്തിയെന്ന് ജൂറി അം​ഗമായ നേമം പുഷ്പരാജ് പറഞ്ഞത് ചൂണിക്കാട്ടിയായിരുന്നു വിനയന്റെ മറുപടി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്