ENTERTAINMENT

'കൊല്ലാന്‍ ഇനിയും നോക്കും അവന്‍, ചാവാതിരിക്കാന്‍ ഞാനും '

പഴയകാല സിനിമകളിലേക്ക് തിരിഞ്ഞുനോട്ടം- വിപിന്‍ മോഹന്‍ എഴുതുന്ന പംക്തി

വിപിൻ മോഹൻ

അതിമനോഹരമായ ഒരു 'താഴ്വാരത്തിലേക്ക്' തികച്ചും അപരിചിതരായ രണ്ട് 'അജ്ഞാതര്‍' എത്തിപ്പെടുന്നതോടെ അവിടം അതിജീവനത്തിന്റെയും തീവ്രമായ പ്രതികാരത്തിന്റെയും സാക്ഷിയാകുന്ന ഒരിടമാകുന്നു. എവിടെനിന്ന് വന്നെന്ന് ഇന്നും എല്ലാവര്‍ക്കും തന്നെ അജ്ഞാതമായ ഒരു ഭൂതകാലത്തിനുടമായായ രാജു/രാഘവനാണ് ആ താഴ്വാരത്തിലെ ആദ്യ അപരിചിതന്‍. തന്റെ ജീവിതവും, അതിലേറെ പ്രാണനെപ്പോലെ സ്‌നേഹിച്ച പെണ്ണിനെയും ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ 'ഉറ്റചങ്ങാതിയെ' തിരഞ്ഞെത്തുന്ന ബാലനാണ് ആ താഴ്വാരത്തിലെത്തുന്ന അടുത്ത അപരിചിതന്‍.

ബാലന്റെ നടപ്പിലും, മുഖത്തും, ശരീരഭാഷയിലുമെല്ലാം ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ശൂന്യതയും, എന്നാല്‍ അതേസമയം പ്രതികാരം ചെയ്യണണമെന്ന നിശ്ചയദാര്‍ഢ്യവും എപ്പോഴും പ്രകടമാണ്. ഒരു പ്രതികാരകഥയിലെ നായകന്റേതെന്ന് അവകാശപ്പെടാനായി ഒരു ശരീരഭാഷയോ, നെടുനീളന്‍ സംഭാഷണങ്ങളോ തന്നെ ബാലന് ഈ ചിത്രത്തില്‍ അവകാശപ്പെടാനില്ല. താനിത്രയും കാലം തേടി നടക്കുന്ന തന്റെ ശത്രുവിനെ എങ്ങനെ വകവരുത്താനാണ് തന്റെ ആഗ്രഹമെന്ന്, അയാളുമായുള്ള ആദ്യ കാഴ്ച്ചയില്‍ തന്നെ ബാലന്‍ ആലോചിക്കുന്നുണ്ട്. പക്ഷേ അയാള്‍ ശത്രുവിനെ, ഒരു കഴുകനെപ്പോലെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്.

ഈ താഴ്വാരത്തിലെ രാജുവിന്റെ അഭയസ്ഥാനത്തെ കാരണവരായ നാണുവേട്ടന്‍ (ശങ്കരാടി )അയാളെക്കുറിച്ച് വാചാലനാവുമ്പോഴെല്ലാം ബാലനെന്ന മോഹന്‍ലാലിന്റെ മുഖത്ത് മിന്നിമായുന്ന ചില ഭാവങ്ങളിലൂടെ ബാലന്‍ എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലിന് പകരം വേറൊരാളെയും ആലോചിക്കാന്‍ കൂടി കഴിയാത്ത തരത്തിലുള്ളതാണ്.

'ഓരോ സമയത്ത് ഓരോ കമ്പാണ് രാഘവന് '

നാണുവേട്ടനിത് പറയുമ്പോള്‍ ബാലന്‍ നിഗൂഢമായ ഒരു ചിരിയുമായി വിദൂരതയിലേക്ക് നോക്കുകയാണ്.

അതുപോലെതന്നെ സിനിമയിലെ ഓരോ രംഗത്തുനിന്നും ബ്ലെന്‍ഡായി വരുന്ന ബാലന്റെ ഫ്‌ളാഷ്ബാക്കുകളും എടുത്തുപറയേണ്ടതാണ്. പണിക്കാരോട് കൂലിക്കാര്യം ഓര്‍മ്മിപ്പിക്കുന്ന കൊച്ചൂട്ടി (സുമലത)യില്‍ നിന്ന് രാജി (അഞ്ജു )യിലേക്കുള്ള ഫ്‌ളാഷ്ബാക്കിന്റെ സമയത്ത് ബാലന്റെ നഷ്ടപ്രണയം മുഴുവന്‍ ആ മുഖത്ത് നിറയുന്നു. നാണുവേട്ടന്‍ തന്റെ നാടിനെക്കുറിച്ചും താഴ്വാരത്തെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം ബാലന്റെ കണ്ണുകള്‍ മാത്രം ആ താഴ്വാരക്കാഴ്ച്ചകള്‍ക്കപ്പുറമായി എന്തോ തിരയുകയാണ്.

'കൊല്ലേണ്ടതിനെ കൊല്ലണം, ദയ വിചാരിച്ച് വിട്ടാല്‍ അത് പിന്നെ അതിലും വലിയ അനര്‍ത്ഥമുണ്ടാക്കും. ദ്രോഹമുണ്ടാക്കുന്ന സൈസാണെന്ന് വെച്ചാല്‍, തരം കിട്ടുമ്പോള്‍ കൊല്ലണം. അതാ മലേലെ നെയമം. എന്താ ബാലാ തെറ്റുണ്ടോ ?'നാണുവേട്ടന്റെ ഈ ചോദ്യത്തിന് നിഗൂഢമായ ഒരു ഭാവത്തോടെ, ദൃഷ്ടി ഒരിടത്തുമാത്രം ഉറപ്പിച്ച്,

'ഉം.. കൊല്ലണം' എന്ന് മാത്രമാണ് ബാലന്റെ മറുപടി.

'ബാലന് രാഘവനെ(രാജു)കണ്ടിട്ട് എന്തെങ്കിലും അത്യാവശ്യമുണ്ടോ?' എന്ന നാണുവേട്ടന്റെ ചോദ്യത്തിന് വൈല്‍ഡായ ചിരിയോടെയുള്ള ബാലന്റെ മറുപടി, 'ഒന്നുമില്ല, വെറുതെ… വെറുതെ ഒന്ന് കാണാന്‍' എന്നാണ്…

ബാലന്റെ പ്രതികാരത്തിന്റെ ഒടുക്കത്തില്‍ ഒരിക്കല്‍പോലും ബാലന് തന്റെ പഴയ ജീവിതം തിരിച്ചുകിട്ടില്ല, എങ്കിലും ആ പ്രതികാരം കൊണ്ട് അയാള്‍ നേടുന്ന ഒരു ആശ്വാസമുണ്ട്.

അനായാസമായായഭിനയിച്ച ലാലിനെ പോലെതന്നെ എടുത്തുപറയേണ്ടത്, രാജുവെന്ന സലിം ഘോഷിന്റെ അഭിനയമാണ്. ഒറ്റ സിനിമകൊണ്ട് തന്നെ ഒരു കോള്‍ഡ് ബ്ലഡഡായ ക്രിമിനലിന്റെ എല്ലാവിധ മാനറിസങ്ങളും കാണികളിലേക്ക് പകര്‍ന്നുകൊണ്ട് സലിം അസാധ്യമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ശക്തമായ സ്ത്രീകഥാപാത്രമായി കൊച്ചൂട്ടിയും, അച്ഛന്‍-മകള്‍ ബന്ധത്തിന്റെ തീവ്രത നമ്മിലേക്ക് പകര്‍ന്ന നാണുവേട്ടനും, കൗബോയ് മ്യൂസിക്കിനോടൊപ്പം തന്നെ നിശ്ശബ്ദത കൊണ്ടുപോലും ബി ജി എം ചെയ്ത ജോണ്‍സണ്‍ മാഷും, വേണുവിന്റെ ക്യാമറയും എടുത്തുപറയേണ്ടതാണ്.

ക്ലൈമാക്‌സ് രംഗത്തിലെ കഴുകന്മാര്‍ പോലും സിനിമയുടെ കഥാതന്തുവുമായി ചേര്‍ന്ന് നില്‍ക്കുന്നു. പരുക്ക് പറ്റി കിടക്കുന്ന ബാലനെ കൊല്ലാന്‍ തക്കം പാര്‍ത്ത് നടക്കുന്ന രാജുവിന്റെയും, ക്ലൈമാക്‌സ് സംഘട്ടനത്തിലെ മരണം കാത്ത് നില്‍ക്കുന്ന കഴുകന്മാരുടെയും സാമ്യത പറയാതെ പോകാനാവില്ല. എന്നാല്‍ ഈ സിനിമയിലെ ക്ലൈമാക്‌സില്‍ ആ കഴുകന്‍ ബാലനായി മാറുകയാണ്.

എം ടി ഒരുക്കിയ ഈ തിരക്കഥയ്ക്ക് ഇത്തരത്തിലൊരു ദൃശ്യാവിഷ്‌ക്കാരം നല്‍കാന്‍ ഭരതനല്ലാതെ അക്കാലത്ത് മലയാളത്തില്‍ മാറ്റാര്‍ക്കുമാവില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്.

താഴ്വാരം പോലും കഥാപാത്രമായി മാറുന്ന ഒരു റിയല്‍ മാജിക്കാണ്, പോസ്റ്റര്‍ ഡിസൈന്‍/കലാസംവിധാനം/ സംഗീതം/സംവിധാനം എന്നിങ്ങനെ അടിമുടി ഭരതന്‍ ടച്ച് നിറഞ്ഞാടിയ ഈ ചലച്ചിത്രകാവ്യത്തിലുള്ളത്.

'The valley was a beautiful heaven until the stranger appeared, then there was dust in the air and blood in the wind.'

മരണത്തിന്റെ മണമുള്ള 'താഴ്വാരം… THE VALLEY'

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ