ENTERTAINMENT

'സുരാജേട്ടന് ഞങ്ങളുടെ ഏരിയയിലുളള ചേട്ടന്മാരുടെ വൈബ്'; 'മുറ'യിലെ ജോബിൻ ദാസ് ചെങ്കൽച്ചൂളയിലെ വൈറൽ ഡാൻസിന്റെ കൊറിയോ​ഗ്രാഫർ

തിരുവനന്തപുരം പശ്ചാത്തലമാക്കി കഥ പറയുന്ന ​ഗാങ്സ്റ്റർ മൂവിയാണ് സുരാജ് പ്രധാന വേഷത്തിലെത്തുന്ന 'മുറ'. ചിത്രത്തിൽ സുരാജിനൊപ്പം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഫെയിം ഹൃദ്ദു ഹാരുണും ജോബിനും ഉൾപ്പെടെ വേറെയും താരങ്ങളുണ്ട്

ദ ഫോർത്ത് - കൊച്ചി

സൂര്യ നായകനായ 'അയൻ' എന്ന സിനിമയിലെ ​ഗാനരം​ഗം പുനഃരാവിഷ്‌കരിച്ച് ശ്രദ്ധനേടിയ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ പന്ത്രണ്ടം​ഗ സംഘത്തെ ഓർമയില്ലേ? ജോബിൻ ദാസായിരുന്നു ആ വൈറൽ ഡാൻസിന്റെ കൊറിയോ​ഗ്രാഫർ. മുസ്തഫയുടെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം 'മുറ'യിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുകയാണ് ജോബിൻ.

തിരുവനന്തപുരം പശ്ചാത്തലമാക്കി കഥ പറയുന്ന ​ഗാങ്സ്റ്റർ ചിത്രമാണ് സുരാജ് പ്രധാന വേഷത്തിലെത്തുന്ന മുറ. ചിത്രത്തിൽ സുരാജിനും ജോബിനുമൊപ്പം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഫെയിം ഹൃദ്ദു ഹാരുൺ ഉൾപ്പെടെ വേറെയും താരങ്ങളുണ്ട്.

മുറയിലെത്തിയതിനെക്കുറിച്ചും പഴയ വൈറൽ വീഡിയോയെക്കുറിച്ചും ജോബിൻ ദ ഫോർത്തുമായി സംസാരിക്കുന്നു.

രാജാജി ന​ഗറിൽ ഏതൊരു സിനിമാ ഡാൻസ് ഷൂട്ടിങ് വന്നാലും അവിടെ ഞങ്ങളുണ്ടാകുമായിരുന്നു. ഡാൻസും അഭിനയവും ഇഷ്ടപ്പെടുന്ന കഴിലുളള കുറേപ്പേർ ചെങ്കൽച്ചൂളയിലുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്ത് സൂര്യ സാറിന്റെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യാൻ ട്രിബ്യൂട്ട് എന്നവണ്ണം ചെയ്തതാണ് ആ ഡാൻസ് വീഡിയോ. അന്നത്തെ ടീം ഇന്നില്ല. പഠനത്തിനും മറ്റുമായി പരലും പല വഴികളിലായി പിരിഞ്ഞു. പലരും സിനിമാ മോഹമുളളവരാണെങ്കിലും എനിക്ക് മാത്രമാണ് ഇപ്പോൾ ഒരു അവസരം ഒത്തുവന്നത്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു ഫോട്ടോ കണ്ട് മുറ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളാണ് എന്നെ വിളിക്കുന്നത്. ചെങ്കൽച്ചൂളയിൽ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കഴിവുള്ളവരാണ്. ഒട്ടേറെ കലാകാരന്മാരുള്ള സ്ഥലം കൂടിയാണ് ഞങ്ങളുടേത്.

സുരാജേട്ടൻ സെറ്റിൽ നല്ല കമ്പനിയായിരുന്നു. എപ്പോഴൊക്കെ ബ്രേക്ക് കിട്ടിയാലും ഞങ്ങൾക്കൊപ്പം വന്നുനിൽക്കുകയും തമാശകൾ പറയുകയും ചെയ്യും. പലപ്പോഴും അപ്പുറത്തെ വീട്ടിലെ ചേട്ടൻ എന്ന പോലുളള അടുപ്പം തോന്നിയിരുന്നു. ഒപ്പം നിൽക്കുമ്പോൾ ഒരു വലിയ നടനാണെന്ന കാര്യം മറന്നുപോകും. പക്ഷേ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സുരാജേട്ടൻ അഭിനയിച്ച പല സിനിമകളും കോമഡികളും യൂട്യൂബിൽ എടുത്ത് നോക്കുമ്പോൾ അത്ഭുതം തോന്നും. ഇത്ര വലിയ ആക്ടറുടെ കൂടെ ആണോ അഭിനയിച്ചതെന്ന്. സെറ്റിലെത്തുമ്പോൾ അങ്ങനെ തോന്നില്ല. സെറ്റിൽ ഞങ്ങളെ നല്ല കംഫർട്ടബിളാക്കും. ശരിക്കും ഞങ്ങളുടെ ഏരിയയിലൊക്കെയുളള ചേട്ടന്മാരുടെ വൈബാണ്.

പലതവണ ഗാനരംഗം ആവർത്തിച്ചുകണ്ട്, ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് ജോബിനും സംഘവും മൂന്ന് വർഷം മുമ്പ് വൈറൽ ഡാൻസ് ചിത്രീകരിച്ചത്. അഭി, സ്മിത്ത്, ജോബിന്‍, സിബിന്‍, അജയ്, ജോജി, കാര്‍ത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖില്‍ എന്നിവരായിരുന്നു വീഡിയോയില്‍.

തിരുവനന്തപുരം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു ആ സമയം ഇവർ. റെഡ്‌മി നോട്ട്‌ 9 ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങും എഡിറ്റിംഗുമെല്ലാം. യുട്യൂബ്‌ ടൂട്ടോറിയൽ വഴിയായിരുന്നു എഡിറ്റിങ് പഠനം. വീഡിയോ വൈറലായപ്പോൾ സൂര്യ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെക്കുകയും ശബ്ദസന്ദേശത്തിലൂടെ ഇവർക്ക് അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍