ENTERTAINMENT

ആടുജീവിതത്തിന് തെലുങ്ക് പ്രേക്ഷകർ നൽകിയ റേറ്റിങ് 2.75; വിമർശനവുമായി തമിഴ് ആരാധകർ, പിന്നാലെ 'വിർചൽ യുദ്ധം'

ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയിസിനും പ്രേമലുവിനും തെലുങ്ക് ആരാധകരിൽനിന്ന് ലഭിച്ച സ്വീകാര്യത ആടുജീവിതത്തിന് ലഭിച്ചില്ല. റേറ്റിങ്ങാകട്ടെ മറ്റ് ചിത്രങ്ങളേക്കാൾ താഴെ

വെബ് ഡെസ്ക്

ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ആടുജീവിതം കേരളത്തിൽ നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്. ബ്ലെസിയുടെ പതിനാറു വർഷത്തെ അർപ്പണബോധത്തിനും നജീബിന്റെ ജീവിതം സമാനതകളില്ലാതെ വെള്ളിത്തിരയിൽ പകർന്നാടിയ പൃഥ്വിരാജ് എന്ന നടന്റെ ആത്മസമർപ്പണത്തിനുമെല്ലാം മലയാളികൾ അഭിനന്ദനപ്രവാഹങ്ങളും കൈയടികളുമായി മുന്‍നിരയിലുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ് ചിത്രം.

എന്നാൽ ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സിനും പ്രേമലുവിനും തെലുങ്ക് ആരാധകരിൽനിന്ന് ലഭിച്ച സ്വീകാര്യത ആടുജീവിതത്തിന് ലഭിച്ചില്ല. റേറ്റിങ്ങാകട്ടെ വിഷ്വക് സെൻ ചിത്രം ഗാമി, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാലയ്യ ചിത്രം ഭഗവന്ത് കേസരി, പ്രഭാസ് ചിത്രം സലാർ തുടങ്ങിയവയേക്കാൾ താഴെ.

ആടുജീവിതം പോലൊരു ആർട്ട് ഫിലിമിന് തെലുങ്ക് പ്രേക്ഷകർ നൽകുന്ന മോശം പ്രതികരണത്തെച്ചൊല്ലി വലിയ വിമർശനങ്ങളാണ് തമിഴ് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തിയത്. ഇതിനുപിന്നാലെ വിമർശനത്തിന് മറുപടിയെന്നോണം തമിഴ് പ്രേക്ഷകരുടെ സെലക്റ്റീവ് ആരാധനയെച്ചൊല്ലി തെലുങ്ക് പ്രേക്ഷകരും രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള 'വിർച്വൽ യുദ്ധം' കൊഴുത്തു.

തെലുങ്ക് പ്രേക്ഷകർ പൊതുവെ നല്ല സിനിമകളെ സ്വീകരിക്കില്ലെന്നും മസാല ചിത്രങ്ങൾക്കാണ് അവിടെ മുൻഗണനയെന്നുമാണ് തമിഴ് പ്രേക്ഷകർ ഉന്നയിക്കുന്ന വിമർശനം. ട്രേഡ് അനലിസ്റ്റ്, സാക്നിൽക് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ ആടുജീവിത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 81 കോടിയാണ്. ഇന്ത്യയിൽനിന്ന് ചിത്രം വാരിക്കൂട്ടിയത് 46 കോടി. അതിൽ 32 കോടിയും കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽ 5.4 കോടിയും കർണാടകയിൽനിന്ന് 3.4 കോടിയും തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നുമായി 2.1 കോടിയുമാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. ഈ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് തമിഴരുടെ ആരോപണം.

അതേസമയം, പ്രേമം, മഞ്ഞുമ്മൽ ബോയ്സ് പോലുള്ള ചില മലയാളം ചിത്രങ്ങളെ മാത്രമേ തമിഴ് പ്രേക്ഷകർ സ്വീകരിക്കാറുള്ളെന്നും എല്ലാ ചിത്രങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന മനോഭാവം തമിഴ്നാട്ടിലും ഇല്ലെന്നാണ് തെലുങ്ക് ആരാധകർ തിരിച്ചടിച്ചത്. ഒപ്പം, 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകൻ, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, പ്രേമലു തുടങ്ങിയ മലയാളം ചിത്രങ്ങൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ വലിയ വിജയം നേടിയതായും തെലുങ്ക് ആരാധകർ വ്യക്തമാക്കുന്നു.

ഇരുകൂട്ടരും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടയിലും തമിഴിലും തെലുങ്കിലും ആടുജീവിതം കാര്യമായ സ്വീകാര്യത നേടിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച വാദങ്ങളുമായി പ്രമുഖ തമിഴ് ട്രേഡ് അനലിസ്റ്റായ രമേശ് ബാലയും ഹൈദരാബാദിൽനിന്നുള്ള ദീപകും വിമർശനങ്ങൾക്ക് പിന്നാലെ രംഗത്തെത്തിയിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍