നടനും സംവിധായകന്‍ വിനയന്‌റെ മകനുമായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ആനന്ദ് ശ്രീബാല. അര്‍ജുന്‍ അശോകന്‍, സംഗീത, അപര്‍ണദാസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മിഷേല്‍ ഷാജിയുടെ ദുരൂഹമരണം അടിസ്ഥാനമാക്കിയുള്ളതാണ്. മിഷേലിനെ കൊച്ചിക്കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യ ചിത്രത്തിന്‌റെ വിശേഷങ്ങളുമായി സംവിധായകന്‍ വിഷ്ണു.
മിഷേല്‍ ഷാജിയുടെ മരണം സിനിമയാകുമ്പോള്‍
അഭിലാഷ് പിള്ളയാണ് (തിരക്കഥാകൃത്ത്) എന്നോട് ഈ കഥ പറയുന്നത്. ഞാനും അഭിലാഷും തമ്മില്‍ നേരത്തെ തന്നെ സൗഹൃദമുണ്ട്. അച്ഛനോട് കഥ പറയാന്‍ വന്ന് പരിചയപ്പെട്ടതാണ്. അതിനിടയില്‍ ഞാന്‍ ആന്‌റോ ചേട്ടനോട് (ആന്‌റോ ജോസഫ് -നിര്‍മാതാവ് ) അഭിനയിക്കാന്‍ ചില അവസരങ്ങളൊക്കെ ചോദിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആദ്യാവസാനം നീ ഉണ്ടായിരുന്നല്ലോ നിനക്ക് സംവിധാനം ശ്രമിച്ചൂടെയെന്ന് ആന്‌റോ ചേട്ടനാണ് എന്നോട് ചോദിക്കുന്നത്.
സത്യത്തില്‍ സംവിധായകനാകാന്‍ വന്ന് അബദ്ധത്തില്‍ നടനായി അതില്‍ തന്നെ തുടരാമെന്ന് തീരുമാനിക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്. ആന്‌റോ ചേട്ടന്‍ തന്നെ അഭിലാഷിനെ ബന്ധപ്പെടുത്തി തന്നു. കുറേ കഥകള്‍ ചര്‍ച്ച ചെയ്ത് അവസാനമാണ് നമ്മള്‍ മിഷേലിന്‌റെ കഥയിലേക്ക് എത്തുന്നത്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ പരിമിതിയുണ്ട്. അതിനാല്‍ ആ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്ന സിനിമ എന്ന രീതിയിലെ നമുക്ക് ഇതിനെ കാണാനാകൂ. മിഷേലിന്‌റെ മരണം മാത്രമല്ല, തമിഴ്‌നാട്ടില്‍നിന്നുള്ള സമാന സംഭവവും റഫറന്‍സാക്കി എടുത്തിട്ടുണ്ട്.
പക്ഷം പിടിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
മിഷേലിന്‌റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഏതെങ്കിലും പക്ഷം പിടിക്കുന്നതാകരുത് ചിത്രമെന്ന നിര്‍ബന്ധം നമ്മുക്കുണ്ടായിരുന്നു. അതിനാൽ പോലീസിനോടും മിഷേലിന്‌റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചാണ് ആശയത്തിലേക്കെത്തിയത്. പിന്നെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെന്ന് പറയുമ്പോഴും കഥാകൃത്തിന്‌റെ ഭാവനയും കൂടിച്ചേരുന്നതാണ് സിനിമ.
ആനന്ദ് ശ്രീബാല എന്ന പേരിനു പിന്നില്‍
ആനന്ദ് ശ്രീബാല എന്നത് അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന കഥാപാത്രത്തിന്‌റെ പേരാണ്. ആ കഥാപാത്രത്തിന്‌റെ യാത്രയാണ് ഈ ചിത്രം. ഞങ്ങള്‍ ഈ കഥ പറഞ്ഞുതുടങ്ങിയതും ആ പേരില്‍ നിന്നാണ്. അതു തന്നെ ടൈറ്റില്‍ ആക്കാമെന്ന് തീരുമാനിച്ചു. ആനന്ദിന്‌റെ അമ്മയാണ് പോലീസ് ഉദ്യോഗസ്ഥയായ ശ്രീബാല (സംഗീത ചെയ്യുന്ന കഥാപാത്രം). ആനന്ദ് അമ്മയെ പോലെ ആകാനാഗ്രഹിച്ചെങ്കിലും നടക്കാതെ പോവുകയും എന്നാല്‍ യാദൃശ്ചികമായി കേസ് അന്വേഷണത്തിലേക്ക് എത്തിപ്പെടുകയുമാണ്. സാധാരണക്കാരന്റെ കേസന്വേഷണം പോലെയാണ് കഥ പുരോഗമിക്കുന്നത്.
സംഗീതയുടെ തിരിച്ചുവരവ്
ഈ കഥ ആലോചിച്ചപ്പോള്‍ തന്നെ ആനന്ദിന്‌റെ അമ്മയുടെ റോളില്‍ കണ്ടുശീലിക്കാത്ത അമ്മ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ഫ്രഷ്‌നെസ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആലോചിച്ചപ്പോള്‍ സംഗീത മാഡമാണ് ആദ്യം മനസിലേക്ക് വന്നത്. മറ്റു ചിലരെ കൂടി പരിഗണിച്ചെങ്കിലും ഏറ്റവും യോജിക്കുക സംഗീത മാഡം തന്നെയായിരിക്കുമെന്ന് തോന്നി. അപ്പോഴാണ് ചാവേറില്‍ ചെറിയൊരു റോളില്‍ കണ്ടത്. അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് മനസിലായി, കഥ കേട്ടപ്പോള്‍ തന്നെ സമ്മതം പറഞ്ഞു. സ്‌ക്രീനില്‍ അര്‍ജുനുമായുള്ള കെമിസ്ട്രിയും നല്ല രസമുള്ളതാണ്. തിരിച്ചുവരവില്‍ സംഗീതയുടെ മുഴുനീള കഥാപാത്രവും ഇതുതന്നെയാകും.
വ്യത്യസ്തനായൊരു ധ്യാന്‍
ധ്യാനിന് ചെറിയൊരു വേഷമാണ്. പക്ഷേ കഥാഗതിയില്‍ നിര്‍ണായകമായൊരു പങ്കുണ്ട്. ധ്യാന്‍ സാധാരണ ചെയ്യുന്ന തരത്തിലുള്ള ഒരു കഥാപാത്രമല്ല . മാനറിസത്തിലടക്കം വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
വിചാരിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി
നാല്‍പത്തിയെട്ട് ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടായിരുന്നെങ്കിലും 47 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനായി. കൊച്ചിയും നാഗര്‍കോവിലുമായിരുന്നു പ്രധാന ലൊക്കേഷന്‍.
അച്ഛന്‌റെ ഉപദേശം
അച്ഛന്‍ തന്നെയാണ് ഗുരുസ്ഥാനത്ത്. അച്ഛന്‍ സെറ്റ് കൈകാര്യം ചെയ്യുന്നതൊക്കെ നോക്കി പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അച്ഛന്‍ പുറത്ത് പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെങ്കിലും സെറ്റില്‍ ഒരിക്കലും ദേഷ്യപ്പെട്ടു കാണാറില്ല. അതൊക്കെയാണ് അച്ഛനില്‍നിന്ന് പഠിക്കാന്‍ ശ്രമിച്ചത്. അഭിനയം വിട്ട് സംവിധാനത്തിലേക്കെത്തിയപ്പോള്‍ അഭിനയിക്കുന്നതാടാ എളുപ്പം എന്ന് തമാശയായി പറഞ്ഞു. പക്ഷേ അതില്‍ എല്ലാം ഉണ്ട്. സംവിധാനം കുറച്ചുകൂടി ഉത്തരവാദിത്വമുള്ള ജോലിയാണ്.