ENTERTAINMENT

അത് യേശുദാസിന്റെ ശബ്ദമല്ല; അയ്യപ്പ ഭക്തിഗാനവുമല്ല

മൺമറഞ്ഞ ഒരു അനുഗൃഹീത ഗായകന്റെ ഓർമ്മ വീണ്ടുമുണർത്തുന്നു ``വിശ്വവിസ്മയം'' എന്ന ഭക്തിഗീതം; ആഹ്ളാദനൊമ്പരങ്ങൾ ഇടകലർന്ന ഓർമ്മ.

രവി മേനോന്‍

ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞു അമ്പലം അടയ്ക്കുന്ന വേളയിൽ ``ഹരിവരാസന''ത്തിന് പകരം യേശുദാസിന്റെ സ്വരത്തിൽ കേൾപ്പിക്കുന്ന അയ്യപ്പ സ്തുതി എന്ന വിശേഷണത്തോടെ സമൂഹ മാധ്യമങ്ങളിൽ ``വിശ്വവിസ്മയം'' പറന്നുനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അബദ്ധ ഘോഷയാത്രയാണ് ആ വിശേഷണം എന്ന് സാക്ഷ്യപ്പെടുത്തും ആ സ്തുതിയുടെ രചയിതാവും സംഗീത ശില്പിയുമായ കൃഷ്ണദാസ് വാര്യർ.

ഗാനഗന്ധർവന്റെ ശബ്ദത്തിൽ വേണം ഗാനം അനശ്വരമാകാൻ എന്നായിരുന്നു കവിയുടെ സ്വപ്നം. പല കാരണങ്ങളാലും അത് പൂവണിയാതെ പോയി..

ഒന്ന്, അതൊരു അയ്യപ്പഭക്തിഗാനമല്ല, കൂടൽമാണിക്യ സ്തുതിയാണ്. രണ്ട്, ശബരിമലയിൽ അത് ഇന്നുവരെ കേൾപ്പിച്ചിട്ടില്ല. മൂന്ന്, അത് പാടിയത് യേശുദാസ് അല്ല, യശശ്ശരീരനായ സതീഷ് ചന്ദ്രൻ എന്ന ഗായകനാണ്.... ``നിർഭാഗ്യവശാൽ ഈ വിശദീകരണങ്ങൾ ഒന്നും അധികമാരും ശ്രദ്ധിച്ച മട്ടില്ല..'' വാര്യർ പറയുന്നു. ``ഇല്ലെങ്കിൽ തെറ്റുകൾ ആവർത്തിക്കപ്പെടില്ലല്ലോ. അകാലത്തിൽ വിടപറഞ്ഞ പ്രതിഭാശാലിയായ ഒരു യുവഗായകനോടുള്ള അനീതികൂടിയാവുന്നു അത്..''

കവിയും ഗാനരചയിതാവുമായ ഇരിഞ്ഞാലക്കുട സ്വദേശി കെ വി കൃഷ്ണദാസ് വാര്യർക്ക് ഈ സ്തുതി എഴുതാൻ പ്രചോദനമായത് ഹരിവരാസനം തന്നെ. ഭരത (സംഗമേശ്വര) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ആരാധനാലയങ്ങളിൽ ഒന്നായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ദേവന് ഒരു ഉറക്കുപാട്ട് എന്ന ആശയത്തിൽ നിന്നാണ് ``വിശ്വവിസ്മയം ദേവ സംഗമേശ്വരം വിമല കോമളം ദിവ്യ ദേവ വിഗ്രഹം'' എന്ന് തുടങ്ങുന്ന കൃതിയുടെ പിറവി. ഹരിവരാസനത്തിന് ദേവരാജൻ മാസ്റ്റർ നൽകിയ മധ്യമാവതി രാഗസ്പർശം തന്റെ സൃഷ്ടിക്കും പകർന്നു നൽകി കൃഷ്ണദാസ്. ഗാനഗന്ധർവന്റെ ശബ്ദത്തിൽ വേണം ഗാനം അനശ്വരമാകാൻ എന്നായിരുന്നു കവിയുടെ സ്വപ്നം. പല കാരണങ്ങളാലും അത് പൂവണിയാതെ പോയി..

ഹരിവരാസനത്തിന് ദേവരാജൻ മാസ്റ്റർ നൽകിയ മധ്യമാവതി രാഗസ്പർശം തന്റെ സൃഷ്ടിക്കും പകർന്നു നൽകി കൃഷ്ണദാസ്.

``ഒടുവിൽ, തികച്ചും യാദൃച്‌ഛികമായാണ് ആ കൃതി മറ്റൊരു ഗായകന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടത്.''-- കൃഷ്ണദാസ് പറയുന്നു. ``ഒരു നാൾ കൂടൽമാണിക്യ ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ കാറ്റിൽ ആ ശബ്ദം കാതിൽ ഒഴുകിയെത്തുകയായിരുന്നു. സമീപത്തെവിടെയോ നിന്നുള്ള ഒരു സപ്താഹവേദിയിൽ നിന്നാണ്. ആദ്യ കേൾവിയിൽ സാക്ഷാൽ യേശുദാസ് ആണെന്ന് തോന്നി. അത്രയ്ക്കുണ്ട് ശബ്ദസാമ്യം. സപ്താഹ വേദി തേടി ചെന്നപ്പോഴാണ് സത്യം മനസ്സിലായത്. ചെറുപ്പക്കാരനായ ഒരു ഗായകൻ ഇരുന്ന് പാടുന്നു. ഭാവഗാംഭീര്യമാർന്ന ശബ്ദത്തിൽ, നല്ല ഉച്ചാരണശുദ്ധിയോടെ; ഭക്തിപൂർണ്ണതയോടെ. എന്റെ വിശ്വവിസ്മയം പാടാൻ ഭഗവാൻ അയച്ചതാവണം ഇയാളെ എന്ന് ആ നിമിഷം മനസ്സ് പറഞ്ഞു..''

പാട്ട് റെക്കോർഡ് ചെയ്ത് അധികകാലം കഴിയും മുൻപ് ഒരു ബൈക്ക് അപകടത്തിൽ സതീഷ് ചന്ദ്രൻ മരണത്തിന് കീഴടങ്ങുന്നു. വലിയ വാർത്താപ്രാധാന്യമൊന്നും നേടാതെ പോയ, വേദനാജനകമായ വേർപാട്.

ചങ്ങനാശേരിക്കാരനാണ് ഗായകൻ. പേര് സതീഷ് ചന്ദ്രൻ. മധ്യകേരളത്തിലെ ഭക്തിഗാനമേളകളിൽ സ്ഥിരമായി പാടാറുണ്ട്. എന്നാൽ ഇരിഞ്ഞാലക്കുടയിൽ ഇതാദ്യം. ``വിശ്വവിസ്മയത്തിന് ശബ്ദം പകരാൻ പൂർണ്ണസമ്മതമായിരുന്നു സതീഷ് ചന്ദ്രന് . ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള കാട്ടൂരിലെ ഒരു സ്റ്റുഡിയോയിൽ അടുത്ത ദിവസം തന്നെ ഗാനം റെക്കോർഡ് ചെയ്യപ്പെടുന്നു. മനോഹരമായിത്തന്നെ അയാൾ പാടി. '' പാട്ട് ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ആൽബങ്ങളുടെ സുവർണ്ണകാലം അതിനകം അസ്തമിച്ചിരുന്നു. ഫേസ്ബുക്ക് ആണ് അടുത്ത ഉപാധി. ഫേസ് ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളാണ് വിശ്വവിസ്മയത്തെ ജനകീയമാക്കി മാറ്റിയത് എന്നോർക്കുന്നു കൃഷ്ണദാസ്.

പാട്ട് ജനപ്രീതി നേടിയെങ്കിലും അണിയറയിൽ അജ്ഞാതനായി മറഞ്ഞിരിക്കാനായിരുന്നു ഗായകന് യോഗം. കേട്ടവർ പലരും അത് യേശുദാസിന്റെ ശബ്ദമായി തെറ്റിദ്ധരിച്ചത് തന്നെ പ്രധാന കാരണം. പാട്ട് റെക്കോർഡ് ചെയ്ത് അധികകാലം കഴിയും മുൻപ് ഒരു ബൈക്ക് അപകടത്തിൽ സതീഷ് ചന്ദ്രൻ മരണത്തിന് കീഴടങ്ങുന്നു. വലിയ വാർത്താപ്രാധാന്യമൊന്നും നേടാതെ പോയ, വേദനാജനകമായ വേർപാട്. ``നല്ല ഭാവിയുള്ള ഗായകനായിരുന്നു. എന്തു ചെയ്യാം. വിധിയുടെ നിശ്ചയം തടുക്കാനാവില്ലല്ലോ..'' -- കൃഷ്ണദാസ്.

വിവാദവിഷയമായിട്ടാണെങ്കിലും വിശ്വവിസ്മയം വീണ്ടും മാധ്യമങ്ങളിൽ നിറയുമ്പോൾ സതീഷ് ചന്ദ്രൻ ഒരിക്കൽ കൂടി ഓർക്കപ്പെടുന്നു. അദ്ദേഹം ഹൃദയം നൽകി പാടിയ ഗാനവും....

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ