ENTERTAINMENT

'കോമാളികൾ'; ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് ചവറ്റുകൊട്ടയിൽ എറിയുന്നത്, 'ഇന്ത്യ'മുന്നണിക്കെതിരേ വിവേക് അഗ്നിഹോത്രി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സര്‍ക്കസ് അവതരിപ്പിക്കാൻ ഒത്തുചേർന്ന ഒരു കൂട്ടം കോമാളികളാണ് 'ഇന്ത്യ' മുന്നണിയെന്ന് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. അതുകൊണ്ടുതന്നെ അത് നിലനിൽക്കുന്നിടത്തോളം താൻ ആസ്വദിക്കാൻ പോവുകയാണെന്നും, സര്‍ക്കസ് ഒരിക്കലും ശാശ്വതമല്ലെന്നും അഗ്നിഹോത്രി കൂട്ടിച്ചേർത്തു. പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോഴാണ് വിവേകിന്റെ പരിഹാസ പരാമർശം.

“താത്കാലിക അത്യാഗ്രഹത്താൽ ഉണ്ടാകുന്ന ഒരു ബന്ധവും നിലനിൽക്കില്ല. ഇവരെല്ലാം എല്ലാ സംസ്ഥാനങ്ങളിലും പരസ്പരം എതിർക്കുന്നവരാണ്. കോൺഗ്രസ് ടിഎംസിക്ക് എതിരാണ്, അവർ ഡിഎംകെയ്ക്ക് എതിരാണ്, വേറെ എവിടെയോ അവർ മറ്റൊരു പാർട്ടിക്ക് എതിരാണ്. യുപിയിൽ അവർ അഖിലേഷ് യാദവിനെതിരെയാണ്, എന്നാൽ ബിഹാറിലോ നിതീഷിന് എതിരാണ്. മോദിയോ മറ്റേതെങ്കിലും ശത്രുവോ അത്ര ശക്തരായതിനാലാണ്, അതിനെ എങ്ങനെയെങ്കിലും നേരിടണമെന്ന് കരുതിയുള്ള ഈ ഒത്തുകൂടൽ. ഇത് നിലനിൽക്കില്ല, തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന കാര്യം മറന്നേക്കൂ", സഖ്യരൂപീകരണത്തിന് പിന്നിലെ ലക്ഷ്യത്തെ പരിഹസിച്ച് അഗ്നിഹോത്രി പറഞ്ഞു.

അടുത്തിടെ 14 മാധ്യമപ്രവർത്തകരെ പ്രതിപക്ഷ മുന്നണി ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട്, ആദ്യം ബഹിഷ്‌കരണമായി തുടങ്ങിയതിനെ 'നിസ്സഹകരണം' എന്ന് കോൺഗ്രസ്സിനു തന്നെ മാറ്റേണ്ടി വന്നതായും വിവേക്.

“ഇവരെല്ലാം ചില മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രമേയം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 'തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെ'ന്നാണ് ഇപ്പോൾ നിതീഷിൻറെ പ്രതികരണം. 'കോൺഗ്രസ് കാരണം താനെന്തിന് ഇതൊക്കെ സഹിക്കണം' എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഞങ്ങൾ എല്ലാ പത്രപ്രവർത്തകരുടെയും അടുത്തേക്ക് പോകും. ബഹിഷ്കരണമല്ല നിസ്സഹകരണമാണ് ഉദ്ദേശിച്ചതെന്ന് മാറ്റിപ്പറയാൻ നിർബന്ധിതരായിരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ"

ഇന്ത്യ മുന്നണിയുടെ കടന്നുവരവ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചലനാത്മകതയെ മാറ്റുമോ എന്ന ചോദ്യത്തിന്, എല്ലാ സര്‍ക്കസും രണ്ടു മാസങ്ങൾക്ക് ശേഷമാണ് അവസാനിക്കുന്നത്. ഇതും ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും, സഖ്യത്തിന് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവരെല്ലാം പകരം തങ്ങളുടെ വോട്ട് ചവറ്റുകൊട്ടയിൽ എറിയുക. ഈ സഖ്യമല്ല, മറിച്ച് 'ഡസ്റ്റ്ബിൻ' ജയിക്കട്ടെ" എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി .

ദ കശ്മീർ ഫയൽസ്, ദ തഷ്കന്റ് ഫയൽസ് എന്നിവയുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. പല്ലവി ജോഷി, നാനാ പടേക്കർ, അനുപം ഖേർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ദ വാക്സിൻ വാർ ആണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്ന പുതിയ സിനിമ. ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ച 'ദ കശ്മീർ ഫയൽസ്' ഇത്തവണത്തെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മയാണ് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്). പ്രതിപക്ഷ നിരയ്ക്ക് ഇന്ത്യ എന്ന് പേരിടാനുള്ള ആശയം മുന്നോട്ടുവച്ചതും അതിനു വേണ്ടി ശക്തമായി വാദിച്ചതും രാഹുൽ ഗാന്ധിയാണ്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും