കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കാശ്മീർ ഫയൽസ് ' ബോക്സ് ഓഫീസിൽ കോടികൾ വാരിയ ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ഹിറ്റുകളിൽ ഒന്നായ ഈ ചിത്രം 2023 ലെ ഐഐഎഫ്എ യിൽ (ഇന്റർനാഷണൽ ഇന്ത്യൻ അക്കാദമി ഫിലിം അവാർഡ് ) നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തെ ഫിഷൻ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്തതിൽ പ്രതിഷേധിച്ച് അവാർഡ് ബഹിഷ്കരിക്കുമെന്ന് വിവേക് അഗ്നിഹോത്രി.
'സംവിധായകനെയും സിനിമാ ടീമിനെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തെ ഫിക്ഷൻ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ചിത്രം ഒരിക്കലും സാങ്കല്പിക കഥയല്ല. കാശ്മീരിൽ നടന്ന യഥാർഥ സംഭവങ്ങളെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പരിപാടി ബഹിഷ്ക്കരിക്കാൻ ചിത്രത്തിന്റെ ടീം ഒന്നാകെ തീരുമാനിച്ചിരിക്കുന്നത്', ചിത്രത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
കാശ്മീരി പണ്ഡിറ്റുകളുടെ 1990 കളിലെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദ കാശ്മീർ ഫയൽസ്. മിഥുൻ ചക്രബർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം ഏകദേശം 300 കോടിയോളം കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ശാസ്ത്രവും രാജ്യത്തിൻറെ മഹത്തായ മൂല്യങ്ങളും വ്യക്തമാക്കുന്ന 'ദ വാക്സിൻ വാർ' എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും വിവേക് അഗ്നിഹോത്രി നടത്തിയിരുന്നു. ചിത്രം ഈ വർഷം സ്വാതന്ത്ര്യ ദിനത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
അതേസമയം 'ദ കേരളാ സ്റ്റോറി' യുടെ നിരോധനത്തെ എതിർത്ത് വിവേക് അഗ്നിഹോത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വിലക്കിനെ അനുകൂലിച്ച് ഹിന്ദി ചലച്ചിത്ര താരമായ നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞ പ്രസ്താവനയെ എതിർത്ത് കൊണ്ടായിരുന്നു വിവേക് രംഗത്തെത്തിയത്. പ്രേക്ഷകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ ചെയ്യുന്നത് തെറ്റാണെന്നുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാമർശത്തെ എതിർത്തായിരുന്നു വിവേകിന്റെ ട്വീറ്റ്.
സിനിമയിലെയും ഒടിടി ഷോകളിലെയും ഒട്ടുമിക്ക രംഗങ്ങളും മുതിർന്നവരെയും കുട്ടികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടായിരിക്കാം, എന്ന് കരുതി അത്തരത്തിലുള്ള ഒടിടി ഷോകളും, സിനിമകളും നിരോധിക്കണമെന്ന് പറയാൻ നവാസിന് കഴിയുമോ എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. വിവേകിന്റെ പ്രസ്താവന വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചെങ്കിലും അപ്പോഴേയ്ക്കും സാമൂഹിക മാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് വൈറലായിരുന്നു.