ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തീയേറ്ററില്‍ വിസ്മയം തീര്‍ത്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഒ ടി ടിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഭ്രമയുഗത്തിനും വളരെ മുന്‍പേ 2022 ല്‍ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച മറ്റൊരു മലയാള സിനിമയുണ്ട്, മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം 'ഓളവും തീരവും'. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത് 1969 ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ പുനഃരാവിഷ്‌കാരമാണ് ഈ പ്രിയദര്‍ശന്‍ ചിത്രം. എം ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സിനുവേണ്ടി 10 സംവിധായകര്‍ ഒരുക്കിയ, എം ടിയുടെ മകള്‍ അശ്വതി വി നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ആന്തോളജി മൂവിയിലെ ഒരു ഭാഗമാണ് 'ഓളവും തീരവും'. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഓളവും തീരവും സിനിമയ്ക്ക് എന്തു സംഭവിച്ചു? ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ കുഞ്ഞാലിയെ അവതരിപ്പിച്ച ഹരീഷ് പേരടി സംസാരിക്കുന്നു.
ഓളവും തീരത്തില്‍ 'വില്ലന്‍' കുഞ്ഞാലി
പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോസ് പ്രകാശ് അഭിനയിച്ച കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എംടി സാറിന്റെ തിരക്കഥയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ചിത്രീകരണം ആരംഭിക്കും മുന്‍പ് അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ജോസ് പ്രകാശ് സാറിന്റെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചു. അതിനുശേഷമാണ് അഭിനയിക്കാന്‍ പോയത്. തൊടുപുഴയായിരുന്നു ലൊക്കേഷന്‍.
ആ കുഞ്ഞാലി ആയിരിക്കില്ല ഈ കുഞ്ഞാലി
ഒരാള്‍ ഒരിക്കല്‍ ചെയ്തുവച്ച കഥാപാത്രമാണല്ലോ എന്ന ആശങ്കയൊന്നും തോന്നിയില്ല. നമ്മുക്ക് എന്താണോ ആ കഥാപാത്രത്തെക്കുറിച്ച് മനസിലായത്, അതാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. നമ്മള്‍ അവതരിപ്പിച്ചത് സംവിധായകനടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടെന്നും തോന്നി. ഇനി ബാക്കി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. അവരാണല്ലോ യഥാര്‍ത്ഥ വിധികര്‍ത്താകള്‍
വില്ലനും നായകനുമില്ല, കഥാപാത്രം മാത്രം
കുഞ്ഞാലി കുറച്ച് നെഗറ്റീവ് സ്വഭാവമൊക്കെയുള്ള ഒരാളാണ്. പക്ഷേ കഥാപാത്രത്തെ ഒരിക്കലും വില്ലനെന്നോ നായകനെന്നോ തരംതിരിക്കാറില്ല. ആ മനുഷ്യന്‍ എങ്ങനെയാണോ അതുമനസിലാക്കി അതിനോട് നീതി പുലര്‍ത്താനാണ് ശ്രമിക്കാറുള്ളത്. വില്ലനായാലും നായകനായാലും ഓരോരുത്തരും അവരുടെ ശരികളിലാണല്ലോ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ വില്ലനെന്നോ നായകനെന്നോ വിളിക്കുന്നതിനോട് യോജിപ്പില്ല. പക്ഷേ കുഞ്ഞാലി വാലിബനിലെ അയ്യനാരേക്കാൾ വ്യത്യസ്തനാണ്. അയ്യനാർ പക നിശബ്ദമായി കൊണ്ടുനടക്കുന്നയാളാണെങ്കില്‍ അന്യന്റെ മുതലിനോട് ആഗ്രഹമൊക്കെയുള്ള ഒരു കഥാപാത്രമാണ് ഓളവും തീരത്തിലെ കുഞ്ഞാലി.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലെ ചിത്രീകരണം
ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അഭിനേതാക്കള്‍ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റെന്നോ കളറെന്നോ വ്യത്യാസമൊന്നും തോന്നാനിടയില്ല. കാരണം സംവിധായകന്റെ കൈയിലെ ടൂള്‍ മാത്രമാണ് അഭിനേതാക്കളെന്നാണ് എന്റെ കാഴ്ചപ്പാട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ പ്രതിനിധീകരിക്കാനുള്ള ഒരു വഴിയായിരിക്കാം. അതിനെ ആ രീതിയില്‍ മനസിലാക്കിയാല്‍ മതിയല്ലോ?
ചിത്രം പുറത്തിറങ്ങാത്തതിന് പിന്നില്‍
കൃത്യമായി പറയാനറിയില്ല, എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വളരെ ചെറിയ സിനിമയാണ്. 12 ദിവസം മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. ഏകദേശം 50 മിനുട്ടാണ് ദൈര്‍ഘ്യം.
വാലിബന്റെ രണ്ടാംഭാഗമുണ്ടാകുമെന്ന് വാര്‍ത്താസമ്മേളത്തില്‍ തന്നെ പ്രഖ്യാപിച്ചതാണ്. അതിന്റെ ഭാവി എന്താണെന്ന് എനിക്കറിയില്ല. അത് സംവിധായകനും നിര്‍മാതാവും കൂടി പറയേണ്ട കാര്യമാണ്
'മരയ്ക്കാര്‍ ഓളവും തീരവും പിന്നെ വാലിബനും'
മോഹന്‍ലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും മൂന്ന് അനുഭവങ്ങളാണ്. ബാപ്പുട്ടി എന്ന കഥാപാത്രത്തെയാണ് ഓളവും തീരവും എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഓരോ തവണ കാണുമ്പോഴും നമ്മുക്ക് അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നിപ്പിക്കുന്ന കലാകാരനാണ് മോഹന്‍ലാല്‍. നമ്മള്‍ വായിക്കുന്ന അതേ സ്‌ക്രിപ്റ്റാകും അദ്ദേഹവും വായിക്കുക, പക്ഷേ അദ്ദേഹം മനസിലാക്കുന്ന രീതിയും പെര്‍ഫോമന്‍സും നമ്മളെ അമ്പരിപ്പിക്കും. ബോധപൂര്‍വമാണോ അല്ലാതെയാണോയെന്ന് അറിയില്ല. കണ്ടുപഠിക്കേണ്ട ഒരു കാഴ്ചയാണ് അത്.
വാലിബന്റെ രണ്ടാംഭാഗം
രണ്ടാംഭാഗമുണ്ടാകുമെന്ന് വാര്‍ത്താസമ്മേളത്തില്‍ തന്നെ പ്രഖ്യാപിച്ചതാണ്. അതിന്റെ ഭാവി എന്താണെന്ന് എനിക്കറിയില്ല. അത് സംവിധായകനും നിര്‍മാതാവും കൂടി പറയേണ്ട കാര്യമാണ്. പക്ഷേ അറിയുന്ന ഒന്നുണ്ട്, വാലിബന് പറയാന്‍ ഒരു കഥയുണ്ട്, ആ കഥ ഇനിയാണ് പറയാനുള്ളത്
അടുത്ത ചിത്രം ധനുഷിനൊപ്പം
നാഗാര്‍ജുനയ്ക്കും ധനുഷിനുമൊപ്പം കുബേര എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിക്കുന്നത്. ധനുഷിനൊപ്പം മുന്‍പും അഭിനയിച്ചിട്ടുണ്ട്, വളരെ രസകരമായൊരു ആക്ടറാണ് ധനുഷ്. അതിനുശേഷം അനുഷ്‌ക ഷെട്ടിക്കും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം, ഐശ്വര്യ രാജേഷിനൊപ്പം തമിഴ് ചിത്രം... അങ്ങനെ ഒന്നു രണ്ടു ലൈനപ്പുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവുമൊക്കെ അന്യഭാഷയിലുണ്ടാക്കിയ ഹൈപ്പ് ഇവിടെനിന്നുള്ള അഭിനേതാക്കളെന്ന നിലയില്‍ നേരിട്ടനുഭവിക്കാനാകുന്നുണ്ട്. അവരുടെ വലിയ ചിത്രങ്ങള്‍ നമ്മള്‍ സ്വീകരിച്ചപോലെ തന്നെ നമ്മുടെ ചെറിയ സിനിമകള്‍ മൊഴിമാറ്റാതെ അവര്‍ ഏറ്റെടുക്കുന്നു. സിനിമാ സംസ്‌കാരം വളരുന്നതിന്റെ പ്രതിഫലനമെന്ന നിലയിലാണ് ഈ മാറ്റങ്ങളെ കാണുന്നത്. വളരെ സന്തോഷം നല്‍കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് തോന്നുന്നു.