യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. കുടുംബത്തിനോടൊപ്പം ഇപ്പോള്‍ ജപ്പാനില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ് താരം. പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറിമരങ്ങള്‍ക്ക് താഴെ ജപ്പാനില്‍ നിന്നും ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ജപ്പാന്റെ വടക്കുഭാഗത്തുള്ള അമോറി എന്ന സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്
അമോറി നഗരത്തിന്റെ പ്രത്യേകതകൾ
ജപ്പാനിലെ വടക്കു ഭാഗത്തുള്ള അമോറി നഗരം, രാജ്യത്തിലെ ഏറ്റവും മനോഹരമായ പ്രിഫെക്ചറുകളില്‍ ഒന്നാണ്. പൂന്തോട്ടങ്ങൾക്ക് പേരുകേട്ട നഗരം കൂടിയാണ് അമോറി. ലോകത്തിലെ ഏറ്റവും മഞ്ഞു വീഴ്ചയുള്ള നഗരം എന്ന ക്രെഡിറ്റും അമോറിക്കാണ്. തീരപ്രദേശമായതിനാലാണ് അമോറിയില്‍ ഇത്രയധികം മഞ്ഞ് വീഴ്ചയുണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പര്‍വതങ്ങളില്‍ നിന്നും കടലില്‍ നിന്നും വരുന്ന ശീത കാറ്റുകള്‍ കാരണം ഇവിടെ വളരെ വേഗത്തില്‍ കനത്ത മേഘങ്ങള്‍ രൂപം കൊള്ളുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ മഞ്ഞ് വീഴ്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് അവധി ആഘോഷത്തിനും സന്ദര്‍ശനങ്ങള്‍ക്കുമായി തിരഞ്ഞെടുക്കാന്‍ അനുയോജ്യമായ നഗരമാണ് അമോറി.
ഹിമ കൊടുങ്കാറ്റും ഹിമപാതവും കൊണ്ടും അമോറി വളരെ മനോഹരമാണ്. ശൈത്യകാലത്ത് നഗരം കാണാന്‍ ഒരു വെള്ള പുതുപ്പ് പുതച്ച പോലെയുണ്ടാകും. കടല്‍ ഭക്ഷണങ്ങള്‍ക്കും ആപ്പിളുകള്‍ക്കും പേരുകേട്ട നഗരം കൂടിയാണിത്. എല്ലാ മഞ്ഞ് കാലത്തും ഇവിടെ നെബൂട്ട ഫെസ്റ്റിവല്‍ നടക്കാറുണ്ട്. ഫെബ്രുവരിയിലാണ് ആ ഉത്സവം. ടൊവാഡ തടാകത്തിന്റെ കരയിലെ യസുമിയ പ്രദേശത്ത് നടക്കുന്ന ഉത്സവം ഒരുമാസം നീണ്ടുനിൽക്കും . വഴികള്‍ മുഴുവന്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും
ശൈത്യകാലത്തെ അമോറി നഗരത്തിന്റെ ഭംഗിയെ വെല്ലാന്‍ മറ്റൊരിടമുണ്ടാകുമോ എന്ന് അറിയില്ല. ഗ്രാമീണ ഭൂപ്രകൃതി ആഘോഷിക്കാനും അവിടുത്തെ പ്രദേശവാസികളുമായി ഇടപഴകുന്നതിനും അമോറിയ അവസരം ഒരുക്കും. മഞ്ഞു കാലത്ത് ജപ്പാന്‍ സന്ദര്‍ശിക്കാന്നതിനുള്ള പത്ത് കാരണങ്ങളുടെ പട്ടികയില്‍ ഇതും വരുന്നുണ്ട്. മഞ്ഞു കൂടിയ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന, തീ കായാനുള്ള നെരിപ്പോടുകളോടു കൂടിയ ട്രെയിനുകളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരുക്കുന്നത്.ജീവിതത്തിലെ മറക്കാനാകാത്ത കാഴ്ചകളെ സമ്മാനിക്കാന്‍ ഇതിന് സാധിക്കും.
യാത്രകളെ സ്നേഹിക്കുന്നവർക്ക് അമോറി നൽകുന്നത് മറക്കാനാവാത്ത നിമിഷങ്ങളെയാണ്. അമോറിയുടെ അതിശയകരമായ സ്നോ കോറിഡോറും മനോഹരമായ ചെറുപൂക്കളും തടാകങ്ങളും വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളും ഉത്സവങ്ങളുമെല്ലാം ജപ്പാനിലേയ്ക്കുള്ള ഈ യാത്ര അവിസ്മരണീയമാക്കുന്നു.
മുൻപ് എല്ലാ വർഷവും മോഹൻലാൽ കുടുംബവുമായി അവധി ആഘോഷിക്കാൻ ജപ്പാനിലെത്താറുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ യാത്ര മുടങ്ങിയിരിക്കുകയായിരുന്നെന്നും മോഹൻലാൽ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത 1983 ൽ പുറത്തിറങ്ങിയ ഇനിയെങ്കിലും എന്ന മോഹൻലാൽ ചിത്രം ചിത്രീകരിച്ചതും ജപ്പാനിലായിരുന്നു