ENTERTAINMENT

പുലിമുരുകന്റെ തട്ട് എന്നും താണുതന്നെ ഇരിക്കും; ഒറ്റക്കൊമ്പന്റെ കഥ മാറ്റിയെഴുതുകയാണ്: ടോമിച്ചൻ മുളകുപാടം

കടുവ എന്ന സിനിമയുമായി ഒറ്റക്കൊമ്പന് ഒരു ബന്ധവുമില്ല

ഗ്രീഷ്മ എസ് നായർ

നാം നേരിട്ട ദുരന്തത്തെ വെള്ളിത്തിരയില്‍ എത്തിച്ച 2018 എന്ന ചിത്രത്തിലൂടെ വീണ്ടും നൂറുകോടിയുടെ ആഘോഷത്തിലാണ് മലയാള സിനിമ. 2018 ന് മുന്‍പ് പുലിമുരുകന്‍, ലൂസിഫര്‍, മാളികപ്പുറം എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ നൂറുമേനി കൊയ്തതിട്ടുള്ളത്, പക്ഷേ മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബിലെത്തിച്ച് ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച ചിത്രമെന്ന അപൂര്‍വ നേട്ടം പുലിമുരുകന് മാത്രം അവകാശപ്പെട്ടതാണ്.  ആ ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചതാകട്ടെ ടോമിച്ചന്‍ മുളകുപാടമെന്ന നിര്‍മാതാവും.

2016 ല്‍ പുലിമുരുകന്‌റെ വിജയത്തിന് ശേഷം ദിലീപിന്‌റെ രാമലീല, പ്രണവ് മോഹന്‍ലാലിന്‌റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രത്തിന്‌റെ നിര്‍മാതാവായിട്ടും തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും വരാനിരിക്കുന്ന സുരേഷ് ഗോപിക്കൊപ്പമുള്ള ഒറ്റക്കൊമ്പന്‌റെ വിശേഷങ്ങളും പങ്കുവച്ച്  നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം 

പുലിമുരുകന്‌റെ തട്ട് എന്നും താണുതന്നെയിരിക്കും ...

എന്നായാലും സിനിമകള്‍ വിജയിക്കുന്നത് സന്തോഷമാണ്. ഇതില്‍ മത്സരമൊന്നുമില്ല. എന്നിരുന്നാല്‍ തന്നെയും പുലിമുരുകനിലൂടെ മലയാള സിനിമയെ ആദ്യമായി നൂറ് കോടിയിലെത്തിക്കാൻ സാധിച്ചുവെന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്, ഇനി അങ്ങനെയൊരു ഭാഗ്യം ആര്‍ക്കും കിട്ടില്ലല്ലോ. മാത്രമല്ല, ഇനി എത്ര വലിയ ഹിറ്റ് ഉണ്ടായാലും പുലിമുരുകന്‌റെ തട്ട് താണുതന്നെയിരിക്കും. കാരണം അന്ന് ടിക്കറ്റ് നിരക്ക് വെറും 80 രൂപയാണ്, ഇന്നോ ഇരട്ടിയാണ്, പിന്നെ ഒടിടിയൊന്നുമില്ലായിരുന്നല്ലോ, അതുകൊണ്ട് തന്നെ ആ വിജയത്തിന് ഇരട്ടിമധുരമാണ്.  

പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഒറ്റക്കൊമ്പൻ , സമയമെടുക്കും

നീണ്ട ഇടവേളകള്‍ ...

ഞാന്‍ അങ്ങനെ സ്ഥിരമായി സിനിമ ചെയ്യുന്ന ആളല്ല , പോക്കിരിരാജയ്ക്ക് ശേഷം പുലിമുരുകന്‍ ചെയ്തതും 5 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ്. അതിന് ശേഷം വന്ന രാമലീലയാണെങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടും രണ്ടു വര്‍ഷത്തിന്‌റെ ഇടവേളയിലാണ് സംഭവിച്ചത്. അതുകൊണ്ട് ഇടവേള എടുക്കുന്നതായി ഇതിനെ കാണാന്‍ പറ്റില്ല. സുരേഷ് ഗോപിയെ വച്ച് ആലോചിച്ചിരിക്കുന്നത് ഒരു വലിയ സിനിമയാണ്. അത് അങ്ങനെ പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒന്നല്ല, സാധാരണ സിനിമയാണെങ്കില്‍ നമ്മുക്ക് വേഗത്തില്‍ ചെയ്ത് ഇറക്കാം ... ഒറ്റക്കൊമ്പനെ ആ രീതിയില്‍ അല്ല കാണുന്നത്. ഞാന്‍ മാസ് സിനിമകളുടെ ആരാധകനാണ്. അത്തരത്തിലുള്ള സിനിമകളാണ് ചെയ്യാന്‍ ഇഷ്ടവും. അതുകൊണ്ട് അതിന് അതിന്‌റേതായ സമയം എടുക്കും  

കടുവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബാധിച്ചിട്ടില്ല...

കടുവ എന്ന സിനിമയുമായി ഒറ്റക്കൊമ്പന് ഒരു ബന്ധവുമില്ല, അതുകൊണ്ടല്ല സിനിമ വൈകുന്നത്, നേരത്തെ തീരുമാനിച്ച സമയത്ത് മറ്റ് ചില തടസങ്ങള്‍ വന്നു. അങ്ങനെയാണ് അത് കുറച്ച് വൈകിയത്.  വിവാദങ്ങളൊന്നും കാര്യമാക്കാറില്ല, സിനിമയെ സിനിമയായി കണ്ട് നില്‍ക്കുന്നതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളിലൊന്നും വലിയ പ്രശ്‌നം തോന്നാറില്ല  

ഒറ്റക്കൊമ്പന്‌റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നു...

കുറച്ചൊക്കെ ഷൂട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അതിന്‌റെ കഥയിലൊക്കെ കുറച്ച് മാറ്റം വരുത്തേണ്ടതായിട്ടുണ്ട്, അതൊക്കെ നടക്കുന്നുണ്ട്. സുരേഷ് ഗോപിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് അത്. വലിയ ബജറ്റില്‍ നല്ല രീതിയില്‍ ചെയ്യാനിരിക്കുന്ന സിനിമയാണ്. എന്ന് തുടങ്ങും എന്നൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ആ സിനിമ നടക്കും, നേരത്തെ തീരുമാനിച്ച പോലെ ആയിരിക്കില്ല എന്നേയുള്ളൂ.

ഇരട്ടച്ചങ്കന്‍ എന്ന സിനിമയിലൂടെ നടനുമായി...

ഒരു കലാകാരന് മാത്രമേ നിര്‍മാതാവുമാകാന്‍ സാധിക്കുകയുള്ളൂ. പക്ഷേ ഇരട്ടച്ചങ്കന്‍ ലഹരിക്കെതിരായ ഒരു ബോധവത്കരണ സിനിമയാണ്. ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ്. അവര്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ചെറിയൊരു വേഷം ചെയ്തതാണ്. അങ്ങനെ വലിയ സിനിമയെന്ന തരത്തിലൊന്നും പറയാനില്ല.

സുരേഷ് ഗോപിക്കും എനിക്കും ഏറെ പ്രതീക്ഷയുള്ള ഒറ്റക്കൊമ്പന്റെ ജോലികളിലാണ് ഇപ്പോള്‍. പുലിമുരുകന്‍ പോലെ ആ ചിത്രവും വിജയമാകുമോ എന്നൊന്നും അറിയില്ല. 500 കോടി മുടക്കി എടുക്കുന്ന സിനിമകള്‍ പോലും ഓടാതിരിക്കുന്നുണ്ട്. നല്ല സിനിമ എടുക്കാനാണ് ശ്രമം. ദൈവാനുഗ്രഹവും ഭാഗ്യവുമൊക്കെ ഒത്തുവന്നാല്‍ അടുത്ത ഹിറ്റാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ പ്രതീക്ഷിക്കാം ...  

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് അയ്യായിരം കടന്നു| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ