ENTERTAINMENT

പരാജയങ്ങളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്, വിജയ് ദളപതിയായത് എങ്ങനെ?

ആമിന കെ

ഇരുപത് വർഷം മുമ്പ് ഇറങ്ങിയ ഒരു തമിഴ് സിനിമ, എണ്ണാൻ പറ്റാത്ത അത്രയോളം തവണ ടിവിയിൽ കാണിച്ച, യൂട്യൂബ് അടക്കമുള്ളവയിൽ ഇപ്പോഴും ലഭ്യമായ ഒരു സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ച സമയം. സോഷ്യൽ മീഡിയിൽ പലയിടങ്ങളിലും പരിഹാസങ്ങൾ ഉയർന്നു. പുതിയ സിനിമ കാണാൻ തന്നെ കാണാൻ ആളെ കിട്ടുന്നില്ല. തമിഴ്‌നാട്ടിൽ പോലും മലയാള സിനിമ പ്രദർശിപ്പിക്കുകയാണ് ഇപ്പോൾ.... എന്നിങ്ങനെയെല്ലാമായിരുന്നു കളിയാക്കലുകൾ.

പക്ഷെ സിനിമകളിലെ ട്വിസ്റ്റ് പോലെ ആ ചിത്രത്തിന്റെ ടിക്കറ്റുകൾ ഓരോന്നായി വിറ്റുപോയി, ഫസ്റ്റ് ഡെ ടിക്കറ്റുകൾക്കായി ആളുകൾ മുറവിളി കൂട്ടി. റിലീസ് പ്രഖ്യാപിച്ച തീയേറ്ററുകളിൽ പലതും നിറഞ്ഞു കവിഞ്ഞു... ഒടുവിൽ ഗില്ലിയെന്ന ആ ചിത്രം ബോക്‌സോഫീസിൽ നിന്ന് 30 കോടി രൂപയാണ് നേടിയത്.

വിജയ് എന്ന ഒറ്റപ്പേര് മതിയായിരുന്നു ആ മുന്നേറ്റത്തിന്... ആരാധകരുടെ സ്വന്തം ദളപതി വിജയ്....

തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം വിജയ് എന്ന നടന് കടുത്ത ആരാധകരുണ്ട്. അതാത് ഭാഷകളിലെ ഹിറ്റ് ചിത്രങ്ങളിൽ എന്ന പോലെ ഈ ചിത്രങ്ങൾ എല്ലാം ആഘോഷിക്കപ്പെടുകയും ചെയ്യും. എന്താണ് വിജയ് ചിത്രങ്ങൾക്ക് മാത്രം ഇത്തരമൊരു സ്വീകരണം ലഭിക്കുന്നതെന്ന ചോദ്യം പലപ്പോഴും ഉണ്ടാവാറുണ്ട്. സമീപകാലത്ത് ഇറങ്ങിയ എതെങ്കിലും ഒരു ചിത്രമല്ല വിജയിയെ ജനങ്ങളുടെ ദളപതിയാക്കിയത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് അതിന് പറയാൻ.

ആദ്യ ചിത്രങ്ങളിൽ ലഭിച്ച കടുത്ത പരാജയങ്ങളിലും വിമർശനങ്ങളിലും തളരാതിരുന്ന വിജയിയെ ഒരു താരമായി ആളുകൾ കണ്ട് തുടങ്ങിയത് പൂവേ ഉനക്കാകെ എന്ന ചിത്രത്തിന് ശേഷമായിരുന്നു. തമിഴ്‌നാടിന് പുറത്തേക്ക് വിജയ് എന്ന താരത്തിന്റെ പേര് ശ്രദ്ധിച്ച് തുടങ്ങിയത് അപ്പോഴായിരുന്നു. എന്നാൽ കേരളത്തിൽ അടക്കം വിജയിയെ കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത് തുള്ളാത മനമും തുള്ളും എന്ന ചിത്രത്തിലൂടെയായിരുന്നു.

ഏഴിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് - സിമ്രാൻ ഹിറ്റ് ജോഡികളായിരുന്നു അഭിനയിച്ചത്. കുട്ടിയുടെയും അവന്റെ പ്രേമവും ഇന്നിസെ പാടിവരും എന്ന പാട്ടുമെല്ലാം അന്ന് അതിരുകളില്ലാതെ ഹിറ്റായി. കേരളത്തിൽ പോലും പല തീയേറ്ററുകളിലും ചിത്രം നൂറ് ദിവസത്തോളം നിറഞ്ഞ സദസിൽ ഓടി. പിന്നീട് അങ്ങോട്ട് വിജയിയുടെതായി എത്തിയ ചിത്രങ്ങൾക്ക് തമിഴ്‌നാട്ടിന് പുറമെ കേരളത്തിലും മാർക്കറ്റുകൾ ഉണ്ടായി. ഒരു റൊമാന്റിക് ഹിറോയായി വിജയ് ഉയർന്നു, മിൻസാര കണ്ണാ, ഖുഷി, പ്രിയമാനവളെ തുടങ്ങിയ ചിത്രങ്ങൾ റെമാന്റീക് ഹീറോ എന്ന ലേബൽ വിജയിക്ക് നൽകി.

ഒരൽപം തമാശയും പ്രണയവും എല്ലാ നിറഞ്ഞ വിജയിയുടെ ഷാജഹാൻ സിനിമ കൂടി ഇറങ്ങിയതോടെ കടുത്ത വിജയ് ആരാധകർ താരത്തിനെ ആഘോഷിക്കാൻ തുടങ്ങി. പിന്നീട് ഭഗവതി, വസീഗര, തിരുമലൈ തുടങ്ങിയ ചിത്രങ്ങൾ.

വിജയ് എന്ന താരത്തിനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയത് ധരണി സംവിധാനം ചെയ്ത ഗില്ലിയായിരുന്നു. വിജയ് - തൃഷ ഹിറ്റ് ജോഡിക്ക് തുടക്കം കുറിച്ച ചിത്രം തമിഴിൽ അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രമായി മാറി. വേലുവും ധനലക്ഷ്മിയും മുത്തുപാണ്ടിയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടക്കാരായി മാറി. വിജയ് യുടെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഗില്ലിയിലെ ഗാനങ്ങളും സൗത്ത് ഇന്ത്യയിൽ തരംഗം സൃഷ്ടിച്ചു.

കരിയറിൽ ആക്ഷൻ താരമായി വിജയ് മാറിയത് ഈ ചിത്രത്തിന് ശേഷമായിരുന്നു. വിജയ് എന്ന താരത്തെ സൗത്ത് ഇന്ത്യ മുഴുവൻ പിന്നീട് ആഘോഷിച്ചത് പോക്കിരി എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം അതുവരെയുള്ള വിജയ് ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയ ചിത്രമായി മാറി. രജിനിക്കും കമലിനും ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ഈ ചിത്രം.

എന്നാൽ കരിയറിൽ ഏറെ പ്രതീക്ഷയോടെ എത്തിയ വിജയിയുടെ അമ്പതാം ചിത്രം ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. രൂക്ഷമായ വിമർശനമാണ് വിജയ്ക്ക് അന്ന് നേരിടേണ്ടി വന്നത്. ഇനി ഒരു തിരിച്ചുവരവ് വിജയിക്ക് ഇല്ലെന്ന് നിരൂപകർ വിധിയെഴുതി. വിജയിയുടെ സ്ഥിരം പാറ്റേൺ സിനിമകൾക്കെതിരെയും വ്യാപക വിമർശനങ്ങൾ ഉയർന്നു.

തീയേറ്ററുകൾക്ക് ഉണ്ടായ നഷ്ടം വിജയ് നികത്തണമെന്നും വിജയ് ചിത്രങ്ങളുമായി ഇനി സഹകരിക്കില്ലെന്നും തീയേറ്റർ ഉടമകൾ പറഞ്ഞു. എന്നാൽ അതൊരിക്കലും ഒരവസാനമായിരുന്നില്ല, പലതിന്റെയും തുടക്കമായിരുന്നു. പതിയെ വിജയ ചിത്രങ്ങളുമായി തിരിച്ച് എത്തി തുടങ്ങിയ വിജയ് തന്റെ താരസിംഹാസനം ഉറപ്പിച്ചത് തുപ്പാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു.

അതുവരെ കണ്ടുവന്ന വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുങ്ങിയ തുപ്പാക്കി വലിയ ഓളം സൃഷ്ടിച്ചു. തുടർന്ന് അങ്ങോട്ടുള്ള ഒരോ ചിത്രങ്ങളും വിജയിയെ ഇളയ ദളപതിയിൽ നിന്ന് ദളപതി വിജയ് ആക്കുന്നതായിരുന്നു. മെർസലും ബിഗിലും തെറിയുമെല്ലാം സമാനതകൾ ഇല്ലാത്ത വിജയം വിജയിക്ക് നേടികൊടുത്തു.

ഏറ്റവുമൊടുവിൽ കൊവിഡിനെ തുടർന്ന് നഷ്ടത്തിലായ തീയേറ്ററുകൾക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷകൾ നൽകി മാസ്റ്റർ എന്ന ചിത്രവും വിജയിയെ സമാനതകൾ ഇല്ലാത്ത താരമാക്കി മാറ്റുകയായിരുന്നു. ഒടുവിൽ പുറത്തിറങ്ങിയ ലിയോയ്ക്ക് ശേഷമാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. കരിയറിലെ ഏറ്റവും പീക്ക് ടൈമിൽ താൻ അഭിനയം നിർത്തുകയാണെന്നും പൂർണ സമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒരു പക്ഷെ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ആയിരിക്കും ദളപതിയുടെ അവസാനത്തെ ചിത്രം. വിജയ് അഭിനയം തുടരണമെന്ന് ആരാധകരും സിനിമാ പ്രവർത്തകരും തീയേറ്റർ ഉടമകളും ആവശ്യപ്പെടുന്നുണ്ട്. അമ്പതാം വയസിന്റെ നിറവിൽ നിൽകുന്ന വിജയിക്ക് ജീവിതത്തിലെ പുതിയ റോളിലും സൂപ്പർ താരമാവാൻ കഴിയട്ടെ എന്ന് ആശംസിക്കാം..

ജന്മദിനാശംസകള്‍ ദളപതി വിജയ്...

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?