വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചിത്തിരം തീയറേറ്ററുകളിലേക്ക് എത്താന്‍ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. നവംബർ 24 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോടതി നിർദ്ദേശത്തെ തുടർന്നാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്.
ചിമ്പുവിനെ നായകനാക്കി ചിത്രം ഒരുക്കുന്നതിന് ഗൗതം മേനോൻ അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ ഓൾ ഇൻ പിച്ചേഴ്സ് പാർട്ണർ വിജയ് രാഘവേന്ദ്ര നൽകിയ ഹർജിയിലായിരുന്നു നടപടി. തുടർന്ന് 24 -ാം തിയതി രാവിലെ 10.30 ന് മുമ്പായി രണ്ട് കോടി നാൽപത് ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കാനും പണം നൽകിയില്ലെങ്കിൽ ചിത്രം റിലീസ് ചെയ്യരുതെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് 24 ന് പുലർച്ചെ സിനിമയുടെ റിലീസ് മാറ്റിയതായി ഗൗതം മേനോൻ ആരാധകരെ അറിയിക്കുകയായിരുന്നു. കേരളത്തിലടക്കം ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.
തുടർന്ന് നവംബർ 27 ലേക്ക് കേസ് മാറ്റിവയ്ക്കുകയും കോടതി ഉത്തരവ് ഇല്ലാതെ ധ്രുവനച്ചിത്തിരം റിലീസ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനിടെ ഡിസംബർ 1 ന് ചിത്രം റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നവംബർ 27 ൽ നിന്ന് കേസ് ഡിസംബർ 6 ലേക്ക് കോടതി മാറ്റിവച്ചു.
ഇതിനിടെ ഡിസംബർ 8 നായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു. അതേസമയം പുതിയ റിലീസ് ഡേറ്റ് സംബന്ധിച്ച് ഒരു അപ്‌ഡേറ്റും സംവിധായകൻ ഗൗതം മേനോനോ നിർമാണ കമ്പനിയോ നടത്തിയിട്ടില്ല. ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് ഗൗതം മേനോൻ പോസ്റ്റ് പങ്കുവച്ചിരുന്നു.
ഇപ്പോഴത്തെ തടസങ്ങൾ മറികടക്കാനും ധ്രുവനച്ചത്തിരം പ്രേക്ഷകർക്കായി തിയേറ്ററുകളിൽ എത്തിക്കാനും ഞങ്ങൾ കഴിവിന്റെ പരിധിയിലും അതിനപ്പുറവും എല്ലാം ചെയ്യുന്നുണ്ടെന്നും സിനിമ ഉടൻ വെളിച്ചം കാണുമെന്നും നിങ്ങളോടൊപ്പം ജോൺ & ടീം ബേസ്മെന്റിന്റെ ഈ സിനിമാറ്റിക് യാത്ര ആരംഭിക്കാൻ കാത്തിരിക്കുന്നുവെന്നും ഗൗതം മേനോൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ആക്ഷൻ ചിത്രമായ ധ്രുവനച്ചത്തിരം ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് നിർമിച്ചത്. ഋതു വർമ, സിമ്രൻ, ആർ പാർഥിപൻ, ഐശ്വര്യ രാജേഷ്, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്
'ജോൺ' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്‌പൈ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.2016ൽ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസർ 2017 ൽ പുറത്തുവന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി.
കാരണം തിരക്കി ആരാധകർ എത്തിയെങ്കിലും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. തുടർന്ന് 2022ൽ ചിത്രം റിലീസാകുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഗൗതം മേനോൻ അറിയിച്ചിരുന്നു. എന്നാൽ ഡബ്ബിങ്ങും മറ്റും പൂർത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വീണ്ടും വൈകുകയായിരുന്നു.