ENTERTAINMENT

ഓസ്‌കര്‍ പുരസ്‌കാരം മാത്രമല്ല, വ്യാപാരം കൂടിയാണ്

എന്തുകൊണ്ടാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് ഓസ്‌കര്‍ ലഭിക്കാതെ പോകുന്നത്?

സാന്ദ്ര സേനൻ

മറ്റൊരു ഓസ്‌കാര്‍ പ്രഖ്യാപനത്തിന് ലോകം കാതോര്‍ക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്ക് എന്തെങ്കിലും അവാര്‍ഡ് ലഭിക്കുമോ? ചര്‍ച്ചകള്‍ സജീവമാണ്.

എന്തുകൊണ്ടാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് ഓസ്‌കര്‍ ലഭിക്കാതെ പോകുന്നത്? പലപ്പോഴും ആളുകളുടെ മറുപടി ഇന്ത്യയില്‍ നിന്ന് മികച്ച സിനിമകള്‍ നമ്മള്‍ അയക്കുന്നില്ല എന്നതാണ്. ഇന്ത്യയില്‍ നിന്ന് ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെടുന്ന പല സിനിമകളും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.

എങ്ങനെയാണ് സിനിമകള്‍ ഓസ്‌കറിന് തിരഞ്ഞെടുക്കപ്പെടുന്നത്? സിനിമയുടെ നിലവാരമോ ആശയമോ അല്ല, മറിച്ച് ഓസ്‌കര്‍ സംഘാടകരായ അക്കാഡമി മുമ്പോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ സിനിമ പാലിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഓസ്‌കറിന് ഒരു സിനിമയെ പരിഗണിക്കണമെങ്കില്‍ ഈ മാനദണ്ഡങ്ങള്‍ സിനിമകള്‍ പാലിക്കേണ്ടതായുണ്ട്.

ഒന്ന്- തീയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ക്ക് മാത്രമെ ഓസ്‌കറിനുള്ള യോഗ്യതാ പ്രദര്‍ശനത്തിനായി അപേക്ഷിക്കാന്‍ സാധിക്കൂ. സിനിമയുടെ ദൈര്‍ഘ്യം കുറഞ്ഞത് 40 മിനിറ്റെങ്കിലും ഉണ്ടായിരിക്കണം. ഓടിടിയിലോ, ടെലിവിഷനിലോ റിലീസ് ആയ സിനിമകള്‍ക്ക് ഓസ്‌കറിന് അപേക്ഷിക്കാന്‍ സാധിക്കില്ല.

രണ്ട്- ഓസ്‌കര്‍ നോമിനേഷന്‍ പരിഗണിക്കുന്നതിനായി ഇന്ത്യന്‍ ഫിലിം ഫെഡറേഷന് നിര്‍മാതാക്കള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതായുണ്ട്. അതിന് ഒരു ലക്ഷം രൂപയാണ് ഫീസ്. 2019ല്‍ ഇന്ത്യയില്‍ നിന്ന് നോമിനേഷന് ഗള്ളി ബോയി തിരഞ്ഞെടുത്തതിനെതിരെ പ്രേക്ഷകരും സിനിമ പ്രേമികളും രംഗത്തെത്തിയിരുന്നു. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ കുംമ്പളങ്ങി നൈറ്റ്സ് എന്തുകൊണ്ട് പോയില്ല, ഓസ്‌കറിന് തിരഞ്ഞെടുത്തില്ല എന്നതായിരുന്നു അവരുടെ ചോദ്യം. അതിന്റെ നിര്‍മാതാക്കള്‍ ഫിലിം ഫെഡറേഷന് അപേക്ഷ നല്‍കികാണില്ല. ആര്‍ ആര്‍ആറിനെക്കാള്‍ നല്ല സിനിമകള്‍ വന്നിട്ടും എന്തുകൊണ്ട് അവയെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിനും ഇതേ ഉത്തരം തന്നെയാണ് പറയാനുള്ളത്.

2019ല്‍ ഇന്ത്യയില്‍ നിന്ന് നോമിനേഷന് ഗള്ളി ബോയി തിരഞ്ഞെടുത്തതിനെതിരെ പ്രേക്ഷകരും സിനിമ പ്രേമികളും രംഗത്തെത്തിയിരുന്നു

മൂന്ന്- അക്കാഡമിയുടെ നിയമ പ്രകാരം ഓസ്‌കറിന് മത്സരിക്കുന്ന സിനിമകള്‍ കുറഞ്ഞത് 6500 അക്കാഡമി അംഗങ്ങളെങ്കിലും കണ്ടിരിട്ടുണ്ടായിരിക്കണം. കൂടാതെ ഈ സിനിമകളെല്ലാം തന്നെ യുഎസിലെ ആറ് മെട്രോപൊളിറ്റിന്‍ നഗരങ്ങളിലെ തീയേറ്ററുകളില്‍ ദിവസം മൂന്ന് ഷോ വച്ച് തുടര്‍ച്ചയായി ഏഴ് ദിവസമെങ്കിലും പ്രദര്‍ശിപ്പിച്ചിരിക്കണം. എങ്കില്‍ മാത്രമേ ഒരു സിനിമ ഓസ്‌കറിനായി അക്കാഡമി പരിഗണിക്കയുള്ളൂ. പക്ഷേ, യുഎസിലെ തീയേറ്ററുകളില്‍ ഒരു സിനിമ മൂന്ന് ഷോ വച്ച് തുടര്‍ച്ചയായി ഏഴ് ദിവസം പ്രദര്‍ശിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. കാരണം, ഇതിനായി വലിയ ഫണ്ടിങ് ആവശ്യമായിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോടൊപ്പം സിനിമയുടെ പ്രൊമോഷനും നോക്കണം. രണ്ട് മാസത്തോളമെങ്കിലും നിര്‍മാതാക്കള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ നേരിട്ടും അല്ലാതെയും പ്രോമൊഷന്‍ ചെയ്യേണ്ടതായുണ്ട്. പരസ്യങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും ഇന്റര്‍വ്യൂകളിലൂടെയുമെല്ലാം സിനിമയ്ക്ക് പരമാവധി പ്രൊമോഷന്‍ കൊടുക്കുക. എന്നാല്‍ ഈ പ്രൊമോഷന്‍ എളുപ്പത്തില്‍ നടക്കില്ല. സിനിമയുടെ പ്രചാരണത്തിന് ഫോറിന്‍ ലാംഗ്വേജ് ഓസ്‌കര്‍ ഫിലിം വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയമുള്ള ഒരു പബ്ലിക് റിലേഷന്‍ ഓഫീസറെ ആദ്യം കണ്ടെത്തേണ്ടതായുണ്ട്. ഇതിനെയാണ് പിആര്‍ വര്‍ക്ക് എന്ന് പറയുന്നത്. ഇതിനും വലിയ പണച്ചെലവുണ്ട്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ അടുത്ത ഘട്ടത്തിനായി വീണ്ടും പണം കൊടുക്കണം. സിനിമ നോമിനേറ്റ് ചെയ്താല്‍ പിന്നെയും പണം നല്‍കണം. നിര്‍മാതാക്കള്‍ തിരഞ്ഞെടുക്കുന്ന പിആര്‍ ഏജന്‍സിയുടെ ഡിമാന്റ് അനുസരിച്ച് അവരുടെ പ്രതിഫലം നിശ്ചയിക്കുന്നത്. ചെലവുകള്‍ ഇവിടെയൊന്നും തീരുന്നില്ല. സിനിമയുടെ പ്രചാരണത്തിനായെത്തുന്ന അഭിനേതാക്കള്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയവര്‍ക്കുള്ള താമസസൗകര്യം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വേറെയുണ്ട്. ഇതൊന്നും കൂടാതെ സിനിമയെ കുറിച്ച് നല്ലത് എഴുതാനും പറയാനും താരങ്ങളെ ഇന്റര്‍വ്യൂവിന് വിളിക്കുന്നതിനും വിദേശ ചാനലുകള്‍ക്കും മാഗസിനുകള്‍ക്കുമായി വലിയൊരു തുക ചെലവഴിക്കേണ്ടതുണ്ട്.

പ്രൊമോഷനും സിനിമയുടെ തീയേറ്റര്‍ പ്രദര്‍ശനത്തിനും തുടങ്ങി ഓസ്‌കര്‍ കാംപെയിനിങ്ങിന് മാത്രമായി അപേക്ഷകന് വലിയ ചെലവ് വരുന്നുണ്ട്. ഇന്ത്യന്‍ സിനിമകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും സിനിമ നിര്‍മ്ക്കുന്നതിനേക്കാള്‍ പണം ഓസ്‌കര്‍ കാംപെയിനിങ്ങി ചെലവാക്കേണ്ട അവസ്ഥയാണ്. അങ്ങനെ വരുമ്പോള്‍ ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയ സിനിമ ഗുണനിലവാരം കൊണ്ടുമാത്രം എങ്ങനെ ഓസ്‌കറില്‍ എത്തും.

മലയാളം സിനിമ ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ സിനിമ മേഖലകള്‍ക്കും വലിയൊരു ഓസ്‌കര്‍ ക്യാംപയിനിങ് ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു അന്തര്‍ദേശീയ പുരസ്‌കാരം എന്നതിലുപരി ഓസ്‌കര്‍ എന്നത് ഒരു കച്ചവടം കൂടിയാണ്. അതുകൊണ്ട് തന്നെ നല്ല സിനിമയായത് കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് ഓസ്‌കര്‍ ലഭിക്കണമെന്നില്ല. മലയാളം സിനിമ ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ സിനിമ മേഖലകള്‍ക്കും വലിയൊരു ഓസ്‌കര്‍ കാമ്പയിനിങ് ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യന്‍ സിനിമകള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ദിക്കപെടാത്തതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്. ഒരു ഇന്ത്യന്‍ സിനിമ ഓസ്‌കറിന് പരിഗണിച്ചാല്‍ തന്നെ ഇത്രയും വലിയ തുക ചെലവാക്കാമുള്ള ബജറ്റ് നമുക്ക് ഉണ്ടോ എന്നത് സംശയമാണ്. ചെറിയ സിനിമകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഓസ്‌കര്‍ എന്നത് സൃഷ്ടിപരമായ മികവുകൊണ്ട് കിട്ടുന്ന അവാര്‍ഡല്ലെന്നതാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മല്‍സരത്തിനെത്താനും മല്‍സരിക്കാനും അതിനായുള്ള പ്രചാരണവുമൊക്കെ പ്രധാനമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ