ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . 1964 ൽ പുറത്തിറങ്ങിയ ഭാർഗവി നിലയത്തിന്റെ പുനരാവിഷ്കാരമാണ് ആഷിഖ് അബുവിന്റെ നീലവെളിച്ചം. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ മാക്ട വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചമെന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രമെടുക്കാൻ ആലോചിച്ചിരുന്നു . മാക്ടയിലെ ഭിന്നതയും പിളർപ്പും കലഹവുമാണ് ആ ആലോചനയെ മുളയിലെ നുളളിയത്
അന്ന് സംഭവിച്ചത് ഇതാണ് വിനയൻ പറയുന്നു …
താരസംഘടനയായ അമ്മയുടെ ട്വന്റി -ട്വന്റി എന്ന സിനിമയ്ക്ക് പിന്നാലെയാണ് ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ മാക്ടയും സിനിമ എടുക്കാനുള്ള തീരുമാനത്തിലെത്തിയത്. മാക്ടയുടെ ജനറൽ സെക്രട്ടറിയായിരുന്ന താനും ജോൺ പോളും കൂടിയാണ് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചമെന്ന ചെറുകഥ സിനിമായാക്കാമെന്ന ആശയം മുന്നോട്ടുവച്ചത് ജോൺ പോളായിരുന്നു. 1964 ൽ പോലും ശ്രദ്ധിക്കപ്പെട്ട കഥയാണ് അത്. അതിന് നല്ല സ്കോപ്പുണ്ടെന്നായിരുന്നു ജോൺ പോളിന്റെ നിലപാട് . സംവിധാനം ചെയ്യുന്നതിനായി ബ്ലസി , സിദ്ധിഖ്, റോഷൻ ആഡ്രൂസ് എന്നിവരുമായി ചർച്ച നടത്തി . തിരക്കഥയെഴുതാൻ പത്മരാജന്റെ മകൻ അനന്തപത്മനാഭനെയും ഭരതന്റെ മകൻ സിദ്ധാർത്ഥിനെയും സമീപിച്ചു. കോമഡിക്ക് പ്രാധാന്യം നൽകി ഒരു തിരക്കഥയൊരുക്കണമെന്ന ആവശ്യമാണ് മാക്ട മുന്നോട്ടുവച്ചത് . ഗുഡ്നൈറ്റ് മോഹന്റെ കൈവശമുണ്ടായിരുന്ന കോപ്പി റൈറ്റിന്റെ അനുമതി ചോദിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി
ഈ ഘട്ടത്തിലാണ് തുളസിദാസിന്റെ ചിത്രത്തിനായി 40 ലക്ഷം പ്രതിഫലം വാങ്ങിയ ദിലീപ് പിൻമാറിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും സംഘടന തന്നെ പിളർപ്പിലേക്ക് നീങ്ങിയതും. അങ്ങനെ അത് നടക്കാതെ പോയി ... വിനയൻ വിശദീകരിച്ചു.
തിരക്കഥ ഒരുക്കണമെന്ന മാക്ടയുടെ ആവശ്യത്തിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ അനന്തപത്മനാഭൻ പിൻമാറിയിരുന്നു.
'ക്ലാസിക് കഥയ്ക്ക് തിരക്കഥ ഒരുക്കുന്നതിലെ വെല്ലുവിളി മനസിലാക്കിയാണ് ഞാൻ പിൻമാറിയത്. അതെങ്ങനെ വർക്ക് ഔട്ട് ആകുമെന്ന് എനിക്ക് ഒരുപിടിയും കിട്ടിയില്ല . മാത്രമല്ല അന്ന് എനിക്ക് അമൃത ടിവിയിൽ ജോലിയുടെ തിരക്കുമുണ്ടായിരുന്നു. അതിനാലാണ് പിൻമാറിയത്' … പിൻമാറ്റത്തെ കുറിച്ച് അനന്തപത്മനാഭൻ പറഞ്ഞു
ആഷിഖ് അബുവിന്റെ നീലവെളിച്ചത്തിൽ ടോവിനോ തോമസാണ് ബഷീറായി എത്തുന്നത് . റിമ കല്ലിങ്കിൽ , റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ