സല്‍മാന്‍ ഖാനും അനില്‍ കപൂറും അഭിനയിച്ച 2005-ല്‍ പുറത്തിറങ്ങിയ നോ എന്‍ട്രി എന്ന ചിത്രത്തിലൂടെ വലിയ ഹിറ്റ് സമ്പാദിച്ച നടനായിരുന്നു ഫര്‍ദീന്‍ ഖാന്‍. എന്നാല്‍ ചിത്രത്തിന്‌റെ രണ്ടാം ഭാഗത്തില്‍ തന്‌റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഒരഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. നിര്‍മാതാവ് ബോണി കപൂറാണ് തുടര്‍ഭാഗത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കേണ്ടതെന്നായിരുന്നു ഫര്‍ദീന്‌റെ പ്രതികരണം.
എന്തുകൊണ്ട് തുടര്‍ഭാഗത്തിലില്ല എന്ന ചോദ്യത്തിന് അതിന് നിങ്ങള്‍ ബോണി കപൂറിനെ വിളിക്കൂ എന്നായിരുന്നു താരത്തിന്‌റെ മറുപടി. ഒരു അഭിനേതാവ് എന്‌റെ നിലയില്‍ എന്‌റെ ആദ്യത്തെ കോമഡി ശ്രമമായിരുന്നു. ഞാന്‍ എന്നെ കണ്ടതില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു. ഞാന്‍ ആ കഥാപാത്രം ചെയ്യാന്‍ അല്‍പം മടിച്ചെങ്കിലും ബോണി കപൂറിന് എന്നിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. ഖുഷിയില്‍ ഇത്തരത്തിലുള്ള രണ്ട് രംഗങ്ങള്‍ ഞാന്‍ ചെയ്തത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നീയാണ് ഈ വേഷത്തിന് ശരിക്കും അനുയോജ്യനെന്ന് അദ്ദേഹം പറഞ്ഞു.
അനില്‍കപൂര്‍, സല്‍മാന്‍ഖാന്‍ പോലുള്ള അഭിനേതാക്കളുടെ സപ്പോര്‍ട്ടുമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം നന്നായി വന്നു. നോ എന്‍ട്രി തനിക്ക് മികച്ച ഒരു പഠനാനുഭവമായിരുന്നെന്നും ഫര്‍ദീന്‍ ഖാന്‍ പറഞ്ഞു.
2010-ല്‍ ദുല്‍ഹ മില്‍ ഗയയില്‍ അഭിനയിച്ചതിനുശേഷം ഫര്‍ദീന്‍ അഭിനയത്തില്‍നിന്ന് ഇടവേളയെടുത്തിരുന്നു. സഞ്ജയ ലീല ബന്‍സാലിയുടെ ഹീരമണ്ഡി:ദ ഡയമണ്ട് ബസാര്‍, അങയ് കുമാര്‍ അഭിനയിച്ച ഖേല്‍ ഖേല്‍ മേ എന്നീ ചിത്രങ്ങളിലൂടെയാണ് പിന്നീട് താരം തിരിച്ചുവരവ് നടത്തിയത്.