ENTERTAINMENT

'ജയിലറിലെ ഒറ്റയാൻ'; വിനായകൻ ആഘോഷിക്കപ്പെടാത്തത് എന്തുകൊണ്ട്?

പടയപ്പയിലെ നീലാംബരിയും ബാഷയിലെ മാർക്ക് ആന്റണിയും രജനിയുടെ പ്രിയപ്പെട്ട എതിരാളികൾ എന്ന് വിശേഷിപ്പിക്കുന്നിടത്താണ് ജയിലറിലെ വർമ്മനെന്ന കഥാപാത്രമായി മികച്ച പകർന്നാട്ടം വിനായകൻ കാഴ്ചവച്ചിരിക്കുന്നത്

അരുൺ സോളമൻ എസ്

"വെളുത്തവന്, കറുത്ത ഒളിമ്പിക്സ് ചാമ്പ്യനും കറുത്ത ചെരുപ്പുകുത്തിയും തമ്മിലുളള വ്യത്യാസം ചെരുപ്പുകുത്തി കോമാളിയും ഒളിമ്പിക്സ് ചാമ്പ്യൻ വേ​ഗമേറിയ കോമാളിയും എന്നതുമാത്രമാണ്", -വംശീയതയെക്കുറിച്ച്, 'ദ ബ്ലാക്ക് കൾച്ചർ ഇൻഡസ്ട്രി' എന്ന പുസ്തകത്തിൽ ബ്രിട്ടീഷ് സാമൂഹ്യശാസ്ത്രജ്ഞനും സാംസ്കാരിക വിമർശകനുമായ പ്രൊഫസർ എല്ലിസ് കാഷ്മോറിന്റെ നിരീക്ഷണമായിരുന്നു ഇത്. സവർണ ചിന്തയിൽ ദളിത് മനുഷ്യന്റെ ഐഡന്റിറ്റിയായാണ് കറുത്ത നിറത്തെ കണ്ടിരുന്നത്. ലോകമെമ്പാടും മനുഷ്യരെ ജാതീയതയുടെ പേരിൽ വേർതിരിച്ച് നിർത്തുന്നതിൽ നിറം ഒരു മാനദണ്ഡമായി മാറിയതിന് മനുഷ്യൻ ഉണ്ടായ കാലം മുതലുളള പഴക്കമുണ്ടായിരിക്കും. അധഃസ്ഥിത ജനതയുടെ ഭാഷയെയും സംസ്കാരത്തെയും വിശ്വാസങ്ങളെയും തീണ്ടലോട് മാറ്റിനിർത്തിയ കാലം അവസാനിച്ചുവെന്ന് പുറമേയ്ക്ക് തോന്നുംവിധത്തിലുളള വ്യഖ്യാനങ്ങളാണ് നാളിതുവരെയും ഉണ്ടായിട്ടുളളത്.

എല്ലിസ് കാഷ്മോർ

നവോത്ഥാനത്തിന്റെ വെളിച്ചത്തിൽ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളെ പൊളിച്ചെഴുതിയെന്ന് അവകാശപ്പെടുകയും കലയിലും സാഹിത്യത്തിലും നിരന്തരം പുരോ​ഗമനവാദത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾകത്ത് പോലും കറുപ്പിനോടും ദളിത് സ്വത്വത്തിനോടുമുളള അസഹിഷ്ണുത ഇനിയും വിട്ടുമാറാത്ത കാലത്താണ് നടൻ വിനായകനെക്കുറിച്ചുളള ചർച്ചകൾ നടക്കുന്നത്.

അടുത്തിടെ നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലറിൽ വില്ലൻ വേഷത്തിലെത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിക്കാൻ പോലും മുൻനിര മാധ്യമങ്ങൾ തയ്യാറാകാതെ വരുമ്പോഴാണ് ജാതീയത എത്രമാത്രമാണ് മാധ്യമങ്ങളെപ്പോലും കീഴടക്കിയിരിക്കുന്നുവെന്ന വസ്തുത നാം മനസിലാക്കുന്നത്. ചിത്രത്തിൽ രജനിയ്ക്കൊത്ത പ്രകടനം കാഴ്ച വയ്ക്കുന്ന വിനായകനെ മാറ്റിനിർത്തി, കാമിയോ റോളിൽ എത്തിയ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും ജാക്കി ഷ്രോഫിനെയും പ്രശംസിക്കാൻ മടികാണിച്ചില്ല.

ജയിലറിൽ വിനായകൻ

ദളിത് മനുഷ്യന്റെ നേട്ടങ്ങളെയും കഴിവിനെയും അംഗീകരിക്കാത്തതിൽ പുതുമയൊന്നുമില്ല. ചരിത്രത്തിൽ ദളിത് സ്വത്വത്തെ അടയാളപ്പെടുത്താതെ ചരിത്രത്തിന് പുറത്തുനിറത്തിയ കാലത്തെക്കുറിച്ച് പൊയ്കയിൽ കുമാര​ഗുരുദേവനെന്ന പൊയ്കയിൽ അപ്പച്ചൻ പാടിയതും അതുകൊണ്ടാണ്. "കാണുന്നീലോരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ" എന്നു പാടിക്കൊണ്ട് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെ ശക്തമായി മുന്നോട്ടു വന്ന നവോത്ഥാന നായകനായിരുന്നു പൊയ്കയിൽ യോഹന്നാൻ. കാലമിത്രയും കടന്നുപോയിട്ടും ആധുനിക മനുഷ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ അബോധത്തിലെ ജാതീയതയുടെ വേരോട്ടം ഇനിയും കെട്ടുപോയിട്ടില്ലെന്നത് വ്യക്തമാക്കുന്നതാണ് വിനായകനോടുളള തമസ്കരണം. തെന്നിന്ത്യയ്ക്ക് പുറമെ ലോകമെമ്പാടും വിജയകരമായി പ്രദർശനം തുടരുന്ന ജയിലറിലെ വിനായകന്റെ പ്രകടനത്തെക്കുറിച്ച് കേരളത്തിൽ മാത്രമാണ് വേണ്ടവിധമുളള ചർച്ചകൾ നടക്കാതെപോയതെന്നും ശ്രദ്ധേയം.

പൊയ്കയിൽ അപ്പച്ചൻ

ഒരു സംവിധായകനെ സംബന്ധിച്ച് ഒരു നടനിൽ നിന്നും പുതിയത് എന്ത് കണ്ടെത്താമെന്നുള്ളതാണ് പ്രധാനവെല്ലുവിളി. എന്നാൽ ഇവിടെ നെൽസണെ സംബന്ധിച്ച് ജയലറിൽ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. കാരണം ഇത് തീർത്തും ഒരു ഫാൻ ബേസ്ഡ് ചിത്രമാണ്. അതുകൊണ്ട് തന്നെ കണ്ടുപരിചയിച്ച മോഹൻലാലിനെ വീണ്ടും അദ്ദേഹത്തെക്കൊണ്ട് അനുകരിപ്പിക്കുന്നതിൽ നെൽസൺ വിജയിച്ചിരിക്കുകയാണ്. മോഹൻലാലും രജനിയും തമ്മിൽ മിനുറ്റുകൾ മാത്രമുളള സംഭാഷണത്തിൽ പോലും സ്വാഭാവികത നഷ്ടമാകുന്നത് ആരാധകർ കാണാതെപോകുന്നതും ലാലിന്റെ സ്ക്രീൻ പ്രസൻസ് ഒന്നുകൊണ്ട് മാത്രമാണ്. ഒരൊറ്റ നോട്ടം കൊണ്ട് ശിവരാജ് കുമാറും കാമിയോ റോളിൽ ഇടം പിടിക്കുമ്പോൾ മുഴുനീളം രജനിയുടെ എതിരാളിയായി എത്തിയ വിനായകനെ മാറ്റിനിർത്തുന്നതിൽ മലയാളികൾ കാണിച്ച ജാ​ഗ്രതയുടെ പേരാണ് ജാതീയത.

നെൽസൺ ദിലീപ് കുമാർ

പടയപ്പയിലെ നീലാംബരിയും ബാഷയിലെ മാർക്ക് ആന്റണിയും രജനിയുടെ പ്രിയപ്പെട്ട എതിരാളികൾ എന്ന് വിശേഷിപ്പിക്കുന്നിടത്താണ് ജയിലറിലെ വർമ്മനെന്ന കഥാപാത്രമായി മികച്ച പകർന്നാട്ടം വിനായകൻ കാഴ്ചവച്ചിരിക്കുന്നത്. മലയാളത്തിൽ വിനായകനിലെ നടനെ മാറ്റുരച്ചുനോക്കിയിട്ടുള്ളത് വളരെ കുറച്ച് സംവിധായകർ മാത്രമാണ്. അമൽ നീരദും (ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം) രാജീവ് രവിയും (കമ്മട്ടിപ്പാടം) ലിജോ ജോസ് പെല്ലിശ്ശേരിയും (ഈ.മ.യൗ.) കമൽ കെ എമ്മും (പട) വിനായകനിലെ വേഷപകർച്ചയെ പ്രക്ഷകന് പരിചയപ്പെടുത്തിയ സംവിധായകരാണ്. ഒരു നടനെന്നതിലുപരിയായി ​ഗായകനായും സം​ഗീതസംവിധായകനായും നർത്തകനായും വിനായകൻ നമുക്കിടയിൽ നിൽക്കുമ്പോഴും അയാളുടെ കഴിവുകളെ അംഗീകരിക്കാതെ അയാൾക്കു നേരെ കണ്ണടയ്ക്കുന്ന മലയാളിയുടെ ആസ്വാദനക്ഷമതയ്ക്ക് ജാതീയതയുടെ തിമിരം പിടിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജയിലർ റിലീസിന് ശേഷമുള്ള ദിവസങ്ങൾ.

കമ്മട്ടിപ്പാടത്തിൽ വിനായകൻ

പുലയനാണെന്ന് തുറന്നുപറയുന്ന നടനാണ് വിനായകൻ. വളർന്നുവന്ന ജീവിത ചുറ്റുപാടുകൾക്ക് നേരെ കണ്ണടയ്ക്കാതെ തന്റെ സംസ്കാരത്തെയും ഭാഷയെയും ഏറെ സ്നേഹിച്ച ഒരു മനുഷ്യൻ. ഒന്നുമില്ലായ്മയിൽ നിന്നും വളർന്ന് അഭിനയജീവിതത്തിൽ തന്റേതായ വഴി കണ്ടെത്തിയപ്പോഴും അയാളെ തിരസ്കരിക്കുന്നതിന് സമൂഹം കണ്ടെത്തുന്ന കാരണങ്ങളിൽ ഒന്നാണ് അയാളുടെ ഭാഷാപ്രയോഗങ്ങൾ. സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്ന് വിനായകൻ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലും മാധ്യമങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു. രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച മണിപ്പൂർ കാലപത്തിൽ കുകി വംശജരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത വീഡിയോ ദൃശ്യങ്ങൾ ജൂലൈ 19ന് പുറത്ത് വന്നപ്പോഴും നമ്മുടെ ദൃശ്യമാധ്യമങ്ങൾ അത് ചർച്ചചെയ്യാതെയാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്ക് പിന്നാലെ പോയതെന്ന് ഓർമ്മിപ്പിക്കാനും വിനായകൻ പരോക്ഷമായി ശ്രദ്ധകാണിച്ചിരുന്നു.

അയ്യങ്കാളി

വ്യഖ്യാനങ്ങൾ കൊണ്ടാണ് മനുഷ്യൻ ബ്രാഹ്മണനായതും ബ്രഹ്മണൻ ഭൂമി കീഴടക്കിയതും. അങ്ങനെ ആദിമ ജനതയുടെ അറിവുകളും അന്യാധീനമായി. ദളിത് ജനതയുടെ വിശ്വാസങ്ങളെപ്പോലും കടന്നാക്രമിച്ചുകൊണ്ട് അവരുടെ ദൈവ സങ്കൽപ്പങ്ങളെ പോലും സവർണവത്കരിക്കാനുളള ശ്രമങ്ങളിൽ ഭൂരിപക്ഷ വർ​ഗീയത വിജയിച്ചിരിക്കുകയാണ്. എന്നാൽ, ചെറുത്തുനിൽപ്പിലൂടെ കീഴ്ജാതിക്കാരന് നടക്കാനുളള സ്വാതന്ത്ര്യത്തിനായും പഠിക്കാനുളള അവകാശങ്ങൾക്കായും വില്ലുവണ്ടി സമരം ന‌ടത്തിയ അയ്യങ്കാളിയുടെ പിൻതലമുറക്കാരനാണ് താനെന്ന് വിനായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അത് വിനായകന്റെ രാഷ്ട്രീയ നിലപാടാണ്.

മാരി സെൽവരാജിന്റെ മാമന്നൻ പുറത്തിറങ്ങിയപ്പോൾ ഫഹദ് ഫാസിൽ അവതരിപ്പിച്ച സവർണ പരിവേഷമുളള രത്നവേൽ ആഘോഷിക്കപ്പെടുന്നതും ജയിലറിലെ വിനായകൻ അവതരിപ്പിച്ച വർമ്മ ആഘോഷിക്കപ്പെടാതെ പോകുന്നതിനും പിന്നിൽ ജാതി തന്നെയാണ് കാരണം. വിനായകന്റെ ജാതിയും നിറവും നിലപാടുകളും അയാളിലെ അഭിനേതാവിനെ തമസ്കരിക്കാനുളള കാരണങ്ങളാകുമ്പോൾ, 'മനസിലായോ സാറേ' എന്ന് വിനായകൻ സിനിമയിൽ രജനിയോട് ചോദിക്കുന്നത് പുരോമന കേരള സമൂഹത്തോടുള്ള ചോദ്യമായി കാണാം.

മാമന്നിൽ ഫഹദ് ഫാസിൽ

"If the earth is not ours, how can we speak of the skys", ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്ക് എങ്ങനെ ആകാശത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്ന് ചോദിച്ച പരിസ്ഥിതി ചിന്തകനായ കേമിൽട്ടൺ പറയുന്ന ഒരു കഥയുണ്ട്. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ദിവസം സന്തോഷത്താൽ മതിമറന്ന ഒരു വെള്ളക്കാരൻ കൃഷിയിടത്തിൽ തലതാഴ്ത്തി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കർഷകത്തൊഴിലാളിയോടു പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു: "മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി, അറിഞ്ഞില്ലേ?" തല ഉയർത്താതെ തന്നെ അയാൾ മറുപടി പറഞ്ഞു, "അപ്പോൾ മനുഷ്യന്റെ ഭൂമിയിലുളള ജോലിയെല്ലാം തീർന്നോ?" - കേമിൽട്ടന്റെ ഈ ചിന്ത ലോകമെമ്പാടുമുളള ദളിത് ജീവിതങ്ങൾ അനുഭവിച്ച് വന്നിരുന്ന ജീവിതത്തെ അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു. ഭൂമി സ്വന്തമായി ഇല്ലാതിരുന്ന, പകലന്തിയോളം ജന്മികളുടെ പാടത്തും പറമ്പുകളിലും പണിയെടുത്തിരുന്ന ഒരു ജനതയുടെ പിൻഗാമിയാണ് വിനായകൻ എന്നത് ഇടയ്ക്കൊക്കെ മലയാളികൾ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതായില്ലെന്ന് മാത്രമല്ല ആ ഭൂമി നികത്തി കർഷകത്തൊഴിലാളികളായിരുന്ന പതിനായിരക്കണക്കിന് കീഴാളരെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഹരിജൻ കോളനികളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇത്തരത്തിൽ ജാതീയതയെ അടിമുടി ഉറപ്പിക്കുന്നതിൽ അതീവ ശ്രദ്ധ കാണിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളും നിലവിലെ വിനായകനെതിരെയുളള തമസ്കരണത്തിൽ ഒരർത്ഥത്തിൽ പങ്കു വഹിക്കുന്നുണ്ട്. മാലയിൽ നിന്നും പരമുപിള്ള വാങ്ങിയ ചെങ്കൊടിയിലൂടെ നിങ്ങളാരെയാണ് ഇവിടെ കമ്യൂണിസ്റ്റാക്കിയെന്ന ചോദ്യം ഈ കാലത്തും ഉയർന്നുകേൾക്കുന്നത് അതുകൊണ്ടാണ്.

നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ പോസ്റ്റർ

ജയിലർ തുടങ്ങുന്നത് പതിവ് രജനി സിനിമകൾ പോലെ സൂപ്പർ സ്റ്റാർ രജനി എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ്. പിന്നാലെ കാമിയോ റോളിലെത്തിയ മോഹൻ ലാലിന്റെയും ശിവരാജ് കുമാറിന്റെയും ജാക്കി ഷ്രോഫിന്റെയും പേരുകൾ സ്ക്രീനിൽ തെളിഞ്ഞു. ആരാധകർ ഒന്നടങ്കം കരഘോഷം മുഴക്കി. നെൽസണോട് ചോദിക്കാനുളളത് വിനായകന്റെ പേര് എവിടെയാണ് എന്നുള്ളതാണ്. സിനിമയിൽ നായകനൊപ്പം കാമിയോ റോളിലെത്തിയവരും അണിചേർന്നപ്പോൾ വില്ലൻ വേഷത്തിലെത്തിയ വിനായകൻ അക്ഷരാർത്ഥത്തിൽ തനിഒരുവൻ എന്നുതന്നെ പറയാം. ജയിലറിലെ കഥ തുടങ്ങുന്നത് തന്നെ വിനായകൻ അവതരിപ്പിച്ച വർമ്മനെന്ന കഥാപാത്രത്തിലൂടെയാണ്.വിനായകന് പകരം മമ്മൂട്ടിയെയാണ് വില്ലൻ വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നതെന്ന് നെൽസൺ പറയുന്നുണ്ട്. മമ്മൂട്ടിയാണ് അഭിനയിച്ചിരുന്നതെങ്കിൽ സിനിമ തുടങ്ങുമ്പോൾ തന്നെ സ്ക്രിനിൽ മമ്മൂട്ടിയുടെ പേര് പ്രത്യക്ഷപ്പെടുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട.

ജയിലറിൽ താരങ്ങൾ വാങ്ങിയ പ്രതിഫലം തന്നെ നോക്കിയാൽ, രജനിയുടെ പ്രതിഫലം 110 കോടി ആണെങ്കിൽ കാമിയോ റോളിലെത്തിയ മോഹൻ ലാൽ 8 കോടിയും കന്നഡ താരം ശിവരാജ് കുമാർ 8 കോടിയും ബോളിവുഡ് താരം ജാക്കി ഷ്രോഫ് 4 കോടിയും തമന്ന 3 കോടിയും യോഗി ബാബു 1 കോടിയും വാങ്ങിയപ്പോൾ വിനായകന്റെ പ്രതിഫലം 35 ലക്ഷം മാത്രമായിരുന്നു. താരമൂല്യത്തെ മുൻനിർത്തിയായിരിക്കും ശമ്പളം കുറഞ്ഞു പോയതെന്ന ന്യായീകരണമായിരിക്കും വിനായകന്റെ അഭിനയത്തിന് നേരെ കണ്ണടച്ചവർക്ക് പറയാനുളളതും.

വിവേചനങ്ങളുടെയും അവഗണനകളുടെയും ആഴങ്ങളെ താണ്ടിയാണ് വിനായകൻ ഇതുവരെയും എത്തിയിട്ടുളളത്. അതുകൊണ്ടു തന്നെ മികച്ച അവസരങ്ങൾ ഇനിയും ലഭിച്ചാൽ മുഖം തിരിച്ചവർക്ക് പോലും അയാളെ അംഗീകരിക്കേണ്ടുന്ന ഒരു ദിവസം വരുമെന്നുള്ളതിൽ സംശയം വേണ്ട.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ