ലിജോ ജോസ് പെല്ലിശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹന്‍ലാല്‍, ഗുസ്തി ചാമ്പ്യന്‍ ഗ്രേറ്റ് ഗാമയായി എത്തുമെന്ന് അഭ്യൂഹം. ബ്രിട്ടീഷ് ഇന്ത്യയിലെ അജയ്യനായ ഗുസ്തി ചാമ്പ്യനായിരുന്നു ഗ്രേറ്റ് ഗാമ . അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതാണ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന സൂചനയാണ് ലോക്കേഷന്‍ ചിത്രങ്ങളും നൽകുന്നത് .
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഗുസ്തി ചാമ്പ്യനായിരുന്നു ദ ഗ്രേറ്റ് ഗാമ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുലം മുഹമ്മദ് ബക്ഷ് ബട്ട്, കശ്മീരിലെ ഗുസ്തിക്കാരുടെ കുടുംബത്തിലായിരുന്നു ഗാമയുടെ ജനനം, പിന്നീട് ഗാമ എന്ന് വിളിപ്പേരുളള ഗുസ്തി താരമായി മാറുകയായിരുന്നു. പരമ്പരാഗതമായി ഗുസ്തി പരിശീലിച്ച് വളര്‍ന്ന ഗാമ പിന്നീടങ്ങോട്ട് എതിരാളികളില്ലാതെ അമ്പത് വര്‍ഷം ഗോദ ഭരിച്ചിരുന്നതായാണ് കഥകള്‍.
മോഹൻലാലിന്റെ മുന്നൊരുക്കങ്ങളും അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതാണ്.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ഈ വര്‍ഷം ജനുവരി 18നാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ഷൂട്ടിംങ് ആരംഭിച്ചത്. ആമേന്‍, നായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് എല്‍ജെപിക്കൊപ്പം പ്രവര്‍ത്തിച്ച എഴുത്തുകാരന്‍ പിഎസ് റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ തുങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വിസ്മയം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ