ആർആർആർ രണ്ടാം ഭാഗം എസ് എസ് രാജമൗലി തന്നെ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. രാജമൗലിയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റാരെങ്കിലുമോ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലായിരിക്കും ആർആർആർ 2 ഒരുങ്ങുക. പാശ്ചാത്യ പ്രേക്ഷകർക്കിടയിൽ ആർആർആർ ജനപ്രിയമാണെന്നും ചിത്രത്തിനും നാട്ടു നാട്ടു ഗാനത്തിനും തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
80-ാമത് ഗോൾഡൻ ഗ്ലോബ് റെഡ് കാർപെറ്റിൽ സംസാരിക്കവെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് രാജമൗലി പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
എസ് എസ് രാജമൗലിയുടെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിജയേന്ദ്ര പ്രസാദ് പങ്കുവച്ചു. മഹേഷ് ബാബുവിന്റെ ജങ്കിൾ അഡ്വഞ്ചർ ചിത്രം പൂർത്തിയാക്കിയ ശേഷം രാജമൗലിയുടെ മഹാഭാരതം ആരംഭിക്കും. ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കുകയെന്നത് ദീർഘകാല സ്വപ്നമാണ്. യഥാർത്ഥ മഹാഭാരതത്തെ തന്റേതായ രീതിയിൽ അവതരിപ്പിക്കാനാണ് രാജമൗലി പദ്ധതിയിടുന്നത്. പത്ത് ഭാഗങ്ങളായായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.