എൺപതുകളിൽ തമിഴിലെ മുൻനിരതാരമായിരുന്ന മോഹൻ ഒരിടവേളയ്ക്കുശേഷം നായകനായി എത്തിയ ചിത്രത്തിനു സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. 'ഹാര' എന്ന ചിത്രത്തിനെതിരെയാണ് ട്രോളുകൾ.
ചിത്രത്തിലെ ഒരു രംഗത്തിനെതിരെയാണ് വിമർശനം. വാർഷിക പരീക്ഷയുടെ സമയത്ത് ആർത്തവമുള്ള മകൾ പരീക്ഷയെഴുതേണ്ടെന്നും മകളുടെ ആരോഗ്യമാണ് തനിക്ക് വലുതെന്നും അതിനാൽ അടുത്ത കൊല്ലം പരീക്ഷ എഴുതാമെന്നും മോഹന്റെ കഥാപാത്രം പറയുന്ന രംഗമാണ് വിവാദമായിരിക്കുന്നത്.
ആർത്തവം വന്നതിന് മകളുടെ ഒരു കൊല്ലം നഷ്ടപ്പെടുത്തുന്ന അച്ഛൻ കഥാപാത്രം കയ്യടിക്ക് ഉണ്ടാക്കിയതാണെങ്കിലും കൂവലുകളാണ് കിട്ടുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. തെറ്റായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽനിന്ന് ഉണ്ടായിട്ടില്ല.
വിജയ് ശ്രീ സംവിധാനം ചെയ്ത ചലച്ചിത്രം ജൂൺ ഏഴിനാണു തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിനു പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ച ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മകളുടെ ആത്മഹത്യക്കു പിന്നിലെ ദുരൂഹതയെപ്പറ്റി അന്വേഷിക്കുന്ന അച്ഛന്റെ വേഷമാണ് ചിത്രത്തിൽ മോഹന്റേത്.
അനുമോൾ, യോഗി ബാബു, കൗശിക്, അനിതര നായർ, മൊട്ട രാജിന്ദിരൻ, ചാരുഹാസൻ, സുരേഷ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രശാന്ത് അരവിനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
മോഹന്റേതായി റിലീസ് ചെയ്ത ചിത്രങ്ങളിൽ മൈക്ക് വെച്ച് മോഹൻ പാടുന്ന രംഗങ്ങൾ ആരാധകർ എൺപതുകളിൽ ആഘോഷമാക്കിയതോടെയാണ് മൈക്ക് മോഹൻ എന്ന പേര് താരത്തിനു ലഭിച്ചത്. സ്ഥിരം പാറ്റേണിൽ സിനിമകൾ ആവർത്തിച്ചതോടെ 90 കളോടെ മോഹൻ സിനിമ മേഖലയിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.