ഇന്ത്യയിലെ മാമ്പഴ പ്രേമികള്‍ക്ക് സുപരിചിതമായ പേരാണ് ഹാജി കലീമുല്ല ഖാന്റെത്. 1987 മുതല്‍ മാങ്ങകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹം ഉത്തർപ്രദേശിലെ മലീഹാബാദിൽ അഞ്ച് ഏക്കറോളം സ്ഥലത്താണ് വിശേഷമാമ്പഴത്തോട്ടം പരിപാലിക്കുന്നത്. 82കാരനായ ഹാജി കലീമുല്ലയുടെ ജീവിതം തന്നെ മാങ്ങ കൃഷിയ്ക്ക് ചുറ്റുമാണ്.
പുലര്‍ച്ചെ ഉണര്‍ന്ന് പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ മാമ്പഴത്തോട്ടത്തിലേക്ക് നടക്കാനിറങ്ങും. തോട്ടത്തിലെ ഏറ്റവും പ്രായം ചെന്ന മാവിന് 120 വർഷം പഴക്കമുണ്ട്. ഇതിൽ നിന്നാണ് 300 ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള മാവുകൾ വികസിപ്പിച്ചെടുത്തത്.
'പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിൻറെ ഫലമാണിത്,'' മാലിഹാബാദിലെ തന്റെ തോട്ടത്തെ കുറിച്ച് ഹാജി കലീമുല്ല ഖാൻ പറയും
സ്‌കൂള്‍ വിദ്യാഭ്യാസം പാതിയിലുപേക്ഷിച്ച ഹാജി കലീമുല്ല ഖാന്‍ തന്റെ കൗമാര കാലത്താണ് മാവുകളില്‍ പരീക്ഷണം തുടങ്ങിയത്. വിവിധ മാവുകളുടെ ചില്ലകള്‍ ഗ്രാഫ്റ്റിംഗ് നടത്തി പുതിയ ഇനങ്ങള്‍ കണ്ടെത്താനായിരുന്നു പരീക്ഷണം. തുടക്കത്തിൽ തിരിച്ചടിയായിരുന്നു ഫലം. പിന്നീട് പതിയെ പരീക്ഷണങ്ങൾ വിജയിച്ചു. 1987 മുതൽ തോട്ടത്തിന് പിറകെയായി. അങ്ങനെയാണ് വിശാലമായ മാമ്പഴത്തോട്ടം ഉണ്ടാക്കിയത്.
300-ല്‍ അധികം വ്യത്യസ്ത ഇനം മാങ്ങകളാണ് ഈ തോട്ടത്തിന്റെ പ്രത്യേകത. ഓരോന്നിനും തനത് രുചിയും നിറവും മണവും വലിപ്പവുമുണ്ട്. ബാേളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരില്‍ ആദ്യകാലങ്ങളില്‍ വളര്‍ത്തിയ 'ഐശ്വര്യ' മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പേരുകള്‍ നല്‍കിയ മാങ്ങകൾ വരെ കലീമുല്ല ഖാന്റെ തോട്ടത്തിലുണ്ട്.
രുചിയേറും വെറൈറ്റികൾ...
കലീമുല്ല ഖാന്റെ തോട്ടത്തില്‍ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഇനം ഐശ്വര്യയാണ്. ഒരു കിലോഗ്രാം വരെ തൂക്കം ലഭിക്കുന്ന ഈ ഇനം കാണാനും സുന്ദരിയാണ്.
അസ്-ലുല്‍ മുഖര്‍റര്‍, ഹുസ്‌നേ ഈറാ, ശര്‍ബതീ ഭഗ്‌റാണി, പുഖരാജ, വലജ പ്രസന്ദ്, ഖാസുല്‍ ഖാസ്, മഖാന്‍, ശ്യാം സുന്ദര്‍, പ്രിന്‍സ്, ഹിമസാഗര്‍ എന്നീ വിവിധ ഇനങ്ങളിലുള്ള മാങ്ങകള്‍ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചതില്‍ ചിലതാണ്.
പേരുകള്‍ പോലെ തന്നെ വ്യത്യസ്ത രുചിയാണ് ഓരോന്നിനും എന്ന് കലീമുല്ല ഖാൻ പറയുന്നു. ആളുകള്‍ ഈ ലോകത്ത് വരും പോകും എന്നാല്‍ മാമ്പഴങ്ങള്‍ എന്നെന്നേക്കുമായി ഈ ലോകത്ത് നിലനില്‍ക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിന്റെ പേരിലുള്ള മാമ്പഴം കഴിക്കുമ്പോഴെല്ലാം ആളുകള്‍ ക്രിക്കറ്റിലെ ആ നായകനെ ഓര്‍ത്തെടുക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുമതികള്‍
കൃഷിയിലെ സംഭവാനകൾ പരിഗണിച്ച് കലീമുല്ലാ ഖാനെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഉത്തര്‍പ്രദേശ് സർക്കാർ ഉദ്യോഗപണ്ഡിത് പുരസ്കാരവും നൽകി.
കാലാവസ്ഥാ ഭീഷണി
ലോകത്ത് ഏറ്റവുമധികം മാങ്ങ ഉത്പ്പാദിപ്പിക്കപ്പെടുന്ന രാജ്യം ഇനത്യയാണ്. ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കപ്പെടുന്ന മാങ്ങയുടെ പകുതിയും ഇന്ത്യയിൽ നിന്നാണ്. ഉത്തര്‍പ്രദേശിലെ മലിഹാബാദില്‍ 30,000 ഹെക്ടറിലധികം വിസ്തൃതിയിൽ മാമ്പഴത്തോട്ടങ്ങളുണ്ട്. ദേശീയ ഉത്പ്പാദനത്തിന്റെ നാലിൽ ഒന്നും ഇവിടെ നിന്നാണ്.
എന്നാൽ വലിയ പ്രതിസന്ധിയാണ് മാമ്പഴ കര്‍ഷകര്‍ ഇന്ന് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ഗുരുതരമായി ബാധിക്കുന്നു. ഈ വര്‍ഷം ഉഷ്ണതരംഗം കാരണം 90 ശതമാനം വിളവും നശിച്ചു. കീടനാശിനികളുടെ അമിത ഉപയോഗവും തിരിച്ചടിയാണ്.