ക്ഷീരമേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിച്ച് ചര്‍മമുഴ രോഗം (ലംപി സ്‌കിന്‍ ഡിസീസ്) രാജ്യത്ത് പടരുന്നു. കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി വൈറസുകളാണ് രോഗകാരി. 2019 -ല്‍ ഒഡീഷയിലായിരുന്നു രാജ്യത്തെ ആദ്യ രോഗബാധ പശുക്കളില്‍ കണ്ടെത്തിയത്. ക്രമേണ കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കും രോഗവ്യാപനമുണ്ടായി. പശുക്കളുടെ പാലുത്പാദനത്തേയും പ്രത്യുത്പാദനക്ഷമതയേയുമെല്ലാം ബാധിക്കുന്ന രോഗം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കേന്ദ്രസര്‍ക്കാറിന് എഴുതിയ കത്ത് വാര്‍ത്തയായിരുന്നു. ഈ വര്‍ഷം രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ചര്‍മമുഴ വ്യാപനത്തില്‍ ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് പശുക്കളാണ്. ഇപ്പോഴും രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. രാജസ്ഥാനില്‍ 22000 ലധികവും പഞ്ചാബില്‍ 12000 - ത്തില്‍ അധികവും കാലികള്‍ ചര്‍മമുഴ ബാധിച്ച് ചത്തൊടുങ്ങി. രാജ്യത്തെ പ്രധാന പാലുത്പാദക സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പാലുത്പാദനത്തില്‍ 20 ശതമാനം ഇടിവാണ് രോഗം മൂലമുണ്ടായത്. 2020 - ല്‍ പാലക്കാടാണ്് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് എല്ലാ ജില്ലകളിലേക്കും രോഗം വ്യാപിച്ചു. രോഗബാധയേറ്റ പശുക്കളില്‍ മരണനിരക്ക് തീരെ കുറവായിരുന്നെങ്കിലും പാലുത്പാദനത്തില്‍ വലിയ ഇടിവാണുണ്ടായത്. ഇപ്പോള്‍ മധ്യകേരളത്തിലും മലബാര്‍ മേഖലയിലുമാണ് രോഗം പടരുന്നത്.
കര്‍ഷകർ അറിയേണ്ടത്
ചര്‍മമുഴ വൈറസുകളെ കന്നുകാലികളിലേക്ക് പടര്‍ത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍, പട്ടുണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തം, ഉമിനീര്, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍ നിന്നും രോഗം ബാധിക്കാം. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരും. രോഗാണുമലിനമായ തീറ്റകളിലൂടെയും കുടിവെള്ളം വഴിയും വൈറസ് വ്യാപനം നടക്കും. ഉയര്‍ന്ന പനി, ഉത്പാദനം ഗണ്യമായി കുറയല്‍, തീറ്റയെടുക്കാതിരിക്കല്‍, കണ്ണ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള നീരൊലിപ്പ്, വായില്‍ നിന്നു ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ടു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. വലിയ മുഴകള്‍ പൊട്ടി രക്തസ്രാവത്തിനും സാധ്യതയുണ്ട്. മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാകാം.
പ്രതിരോധം
രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാന്‍ കിടാക്കളെ അനുവദിക്കരുത്. രോഗബാധയുള്ള പ്രദേശങ്ങളില്‍ നിന്നും പുതിയ പശുക്കളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ലംപി സ്‌കിന്‍ രോഗകാരിയായ വൈറസിനെതിരേ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കുത്തിവയ്പ്പുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗാരംഭത്തില്‍ തന്നെ നല്‍കണം.ഈച്ചകളെ അകറ്റാനും വ്രണമുണക്കത്തിനുമുള്ള ലേപനങ്ങള്‍ മുഴകളിലും വ്രണങ്ങളിലും പ്രയോഗിക്കണം.പച്ചമഞ്ഞളും വേപ്പിലയുംപാണല്‍ ഇലയുംചേര്‍ത്തരച്ച് മുഴകളിലും വ്രണങ്ങളിലും പ്രയോഗിക്കാം. പക്ഷികള്‍ പശുക്കളുടെ മുഴകളും വ്രണങ്ങളും കൊത്തിവലിക്കാതെ ശ്രദ്ധിക്കണം. വ്രണങ്ങളില്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ മരുന്നുകൂട്ടുകള്‍ പ്രയോഗിക്കുന്നതിന് മുന്‍പായി യൂക്കാലിപ്റ്റസ് തൈലമോ, ടര്‍പെന്റൈന്‍ തൈലമോ, കര്‍പ്പൂരം അലിയിച്ച വെളിച്ചെണ്ണയോ അല്ലെങ്കില്‍ ആത്തയില അരച്ചോ മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്ത് കളയണം. വ്രണങ്ങളിലെ ഈച്ചകളെ അകറ്റുന്നതിനായും അവയുടെ ലാര്‍വകളെ നശിപ്പിക്കുന്നതിനായും പശുവിന് ഐവര്‍മെക്ട്ടിന്‍ കുത്തിവയ്പ് നല്‍കുന്നതും ഫലപ്രദമാണ്. പുഴുക്കളും പഴുപ്പും നിറഞ്ഞ വ്രണങ്ങള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്ന് അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസ് സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍ നിന്നു ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റ തൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ രണ്ടു ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, നാലു ശതമാനം വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ, ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശിനികളാണ്.
ചര്‍മമുഴ രോഗം പ്രതിരോധിക്കാന്‍ ഇന്ത്യയുടെ വാക്‌സിന്‍
ക്ഷീരസമ്പത്തിന് കനത്തപ്രഹരമേല്‍പ്പിച്ച വൈറസ് രോഗത്തെ തടയാന്‍ ഒടുവില്‍ വാക്‌സീന്‍ വികസിപ്പിച്ചിരിക്കുകയാണ് രാജ്യം. ലംപി പ്രോ വാക് ഇന്ത്യ ( Lumpi-ProVac-Ind) എന്ന വാക്‌സീന്‍ ഈ മാസമാദ്യമാണ് പുറത്തിറക്കിയത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ലംപി പ്രോവാക് ഉത്പാദനം. ഒറ്റ തവണ കുത്തിവയ്പിലൂടെ ഒരു വര്‍ഷം വരെ പ്രതിരോധ ശക്തി നല്‍കാന്‍ വാക്‌സിന് സാധിക്കും. ലംപി പ്രോവാക് വാക്‌സിന്റെ വിപുലമായ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും സംവിധാനങ്ങള്‍ വേഗത്തില്‍ ഒരുക്കിയാല്‍ മാത്രമേ ചര്‍മ മുഴയ്‌ക്കെതിരേ പൂര്‍ണ പ്രതിരോധം സാധ്യമാകൂ.