ക്രിസ്മസിനും പുതുവത്സരത്തിനുമൊപ്പം കാഴ്ചകളുടെ വര്‍ണപ്രപഞ്ചമൊരുക്കുകയാണ് കാര്‍ഷിക പ്രദര്‍ശനങ്ങള്‍. ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെയും ജിസിഡിഎയുടെയും നേതൃത്വത്തില്‍ ജനുവരി ഒന്നു വരെ നീളുന്ന ഫ്‌ളവര്‍ ഷോയിലേക്ക് ജനപ്രവാഹമാണ്. ജനുവരി രണ്ടുമുതല്‍ പ്രദര്‍ശിപ്പിച്ച സസ്യങ്ങളുടെ വില്‍പന നടക്കും.
കൊച്ചി മറൈന്‍ഡ്രൈവില്‍ ഓര്‍ക്കിഡുകളും അഡീനിയവും ഒരുക്കുന്ന വര്‍ണ വിസ്മയവും ഒരു പൂന്തോട്ടത്തിലൂടെ നടക്കുന്ന പ്രതീതിയും ആരുടെയും മനസിനെ തണുപ്പിക്കുന്നതാണ്. ആലുവ യുസി കോളേജില്‍ ഓര്‍ഗാനിക്ക് ഫാമിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ ജൈവ കര്‍ഷക സംഗമം ഡിസംബര്‍ 30 വരെയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം കര്‍ഷകരും അവര്‍ കൊണ്ടുവന്ന വിത്തിനങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മറ്റൊരനുഭവമാണ് സമ്മാനിക്കുന്നത്.
വിവിധയിനം വാഴകളും കിഴങ്ങുവര്‍ഗങ്ങളും ചെറുധാന്യങ്ങളും ഒരുക്കുന്ന കാഴ്ചകള്‍ പുത്തനറിവുകളാണ് സമ്മാനിക്കുന്നത്. പലര്‍ക്കും അറിവുപോലുമില്ലാത്ത വിത്തിനങ്ങളും സസ്യങ്ങളും അവയുടെ ഗുണങ്ങളും കേള്‍ക്കുമ്പോള്‍ പ്രകൃതിയുടെ അദ്ഭുത ശക്തികളെക്കുറിച്ചുള്ള തിരിച്ചറിവുകളായി കൂടി അതു മാറും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷികളെക്കുറിച്ചും കൃഷിരീതികളെ പറ്റിയും വിത്തിനങ്ങളെക്കുറിച്ചും കര്‍ഷകരോട് നേരിട്ട് സംവദിക്കാനുള്ള അവസരം അമൂല്യമാണ്.