ബ്രാന്റുകളുടെ ലോഞ്ചിംഗ് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു.  
AGRICULTURE

കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ ലോകവിപണിയിലേക്ക്; ബ്രാന്‍ഡിങ്ങുമായി കൃഷി വകുപ്പ്

കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്‍ഡുകളിലാണ് കേരളത്തിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കയറ്റുമതിക്കായി ഒരുങ്ങുന്നത്

വെബ് ഡെസ്ക്

മൂല്യവര്‍ധനയിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ചവിലയും വിപണിയുമൊരുക്കാന്‍ കൃഷി വകുപ്പ്. കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്റുകളില്‍ കേരളത്തിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ലോകവിപണിയിലേക്കെത്തിക്കാനാണ് പദ്ധതിയെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ വിപണികളാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി ജൈവ, ഉത്തമ കൃഷി രീതികളില്‍ വിളയുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങ് നടന്നു.

കൊല്ലം ഭാഗ്യശ്രീ ഓര്‍ഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കര്‍ഷക ഉത്പാദക കമ്പനി, തൃശൂര്‍ അതിരപ്പള്ളി ട്രൈബല്‍ വില്ലേജ് കര്‍ഷക ഉത്പാദക കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള 26 ഉത്പന്നങ്ങളാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്‍ഡുകളില്‍ ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകള്‍ വഴിയാണ് ഈ ഉത്പന്നങ്ങളുടെ പ്രാദേശിക വിപണനം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഗുണമേന്മ ഉറപ്പാക്കി വിഷരഹിത ഭക്ഷ്യഉത്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡു വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

കേരളഗ്രോ ബ്രാന്‍ഡിനു കീഴില്‍ പുതുതായി കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നിങ്ങനെ യഥാക്രമം ജൈവ ഉത്പന്നങ്ങളും ഉത്തമ കൃഷി രീതികള്‍ അവലംബിച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുമാണ് വിപണിയിലെത്തിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിശ്വാസയോഗ്യമായ ജൈവ ഉത്പന്നങ്ങള്‍ കൃഷിവകുപ്പ് പരിശോധിച്ച് ആധികാരികതയോടുകൂടി പൊതുവിപണിയില്‍ ലഭ്യമാക്കുക എന്നതാണ് ബ്രാന്‍ഡിംഗിന്റെ ലക്ഷ്യം.

കമ്മീഷന്‍ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാല്‍ ഉത്പാദകര്‍ക്ക് മികച്ച വില ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക് പൊതുവിപണിയില്‍ നിന്ന് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം. ഇപ്പോള്‍ വിപണിയിലുള്ള വിശ്വാസ്യതയില്ലാത്ത ജൈവ ഉത്പന്നങ്ങളുടെ സ്ഥാനത്തേക്ക് ഈ ബ്രാന്‍ഡിനെ എത്തിക്കുകയാണ് ലക്ഷ്യം.

ആരോറൂട്ട് വാല്‍നട്ട്, ബനാന, ബദാം, ക്യാഷ്യു, പിസ്ത എന്നീ ഉത്പന്നങ്ങളാണ് കൊല്ലത്തെ ഭാഗ്യശ്രീ ഓര്‍ഗാനിക് ഫാം സര്‍ക്കാര്‍ ബ്രാന്‍ഡിംഗോടെ പൊതുവിപണിയില്‍ എത്തിക്കുന്നത്.

ചാമ, തിന, മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ബജ്‌റ പൊടി, ബജ്‌റ ദോശ മിക്‌സ്, മണിച്ചോളം, ബജ്‌റ ഗ്രെയിന്‍, റാഗി പൊടി, പനിവരക് മില്ലറ്റ് എന്നിവയാണ് പാലക്കാടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനായ (എഫ്‌പിഒ) അറ്റ്ഫം (ATFAM FPO) ഉത്പാദിപ്പിക്കുന്നത്. ഈ ഉത്പന്നങ്ങളെല്ലാം കേരളഗ്രോ ഓര്‍ഗാനിക്കായി ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്.

കുരുമുളക്, കുരുമുളക് പൊടി, കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യന്‍ ആരോറൂട്ട് സ്റ്റാര്‍ച്ച്, മഞ്ഞക്കൂവ പൊടി, കുടംപുളി, കുന്തിരിക്കം, മഞ്ഞള്‍ എന്നിവയാണ് തൃശൂരിലെ അതിരപ്പള്ളി ട്രൈബല്‍ വാലി എഫ്പിഒ ഉത്പാദിപ്പിക്കുന്നത്.

കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കര്‍ഷകരും കൃഷിക്കൂട്ടങ്ങളും ഇത്തരത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഓര്‍ഗാനിക്, ഗ്രീന്‍ ബ്രാന്‍ഡിംഗിനു തയാറായിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം 100 ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍