AGRICULTURE

വെറ്റിലയില്‍ നിന്ന് മദ്യവും മരുന്നും

100 ചുവടുള്ള കൃഷിയില്‍ നിന്ന് നാലു ദിവസം വിളവെടുക്കാം. 15 വെറ്റിലകളുള്ള ഒരു കെട്ടിന് 18 രൂപയാണ് വില. ദിവസം 50 കെട്ട് വെറ്റില ലഭിക്കും. 900 രൂപ ദിവസ വരുമാനം മുടങ്ങാതെ ലഭിക്കുന്നു.

ടോം ജോർജ്

മദ്യത്തില്‍ വെറ്റിലയോ? മദ്യത്തില്‍ മാത്രമല്ല, മരുന്നിലും വിശേഷാവസരങ്ങളിലുമെല്ലാം വെറ്റിലയുടെ സജീവ സാന്നിധ്യമുണ്ട്. ആലപ്പുഴ ജില്ലയിലെ പരമ്പരാഗത കൃഷികളില്‍ ഒന്നാണ് വെറ്റില. സ്ഥിരം ഉത്പാദനമുണ്ടെങ്കില്‍ വിപണി വീട്ടിലെന്നാണ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ പരമ്പരാഗത വെറ്റില കര്‍ഷകനായ കെ.കെ. അപ്പച്ചന്റെ അഭിപ്രായം. വലിയ മുതല്‍മുടക്കില്ലാതെ ചെയ്യാവുന്ന കൃഷി, നല്ല വരുമാന മാര്‍ഗവുമാണ്. 100 ചുവടുള്ള കൃഷിയില്‍ നിന്ന് നാലു ദിവസം വിളവെടുക്കാം. ഒരു വെറ്റിലയ്ക്ക് ഒരു രൂപ 10 പൈസ വില ലഭിക്കും. 15 വെറ്റിലകളുള്ള ഒരു കെട്ടിന് 18 രൂപയാണ് വില. ദിവസം 50 കെട്ട് വെറ്റില നല്‍കുന്നു. 900 രൂപ ദിവസ വരുമാനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്നും അപ്പച്ചന്‍ പറയുന്നു.

ആയാസ രഹിതമായ കൃഷി

വെറ്റില കൊടി എന്നാണ് വെറ്റില വള്ളികളെ ചേര്‍ത്തലക്കാര്‍ വിളിക്കുന്നത്. ഉപ്പുരസമില്ലാത്ത മണ്ണില്‍ വെറ്റില നന്നായി വളരും. കുരുമുളകിനു കമ്പു നാട്ടുന്നതു പോലെ കമ്പു നാട്ടിയാണ് കൃഷിയുടെ തുടക്കം. രണ്ടു മീറ്ററോളം നീളമുള്ള കമ്പിന്റെ അഗ്രം വരെ വെറ്റില കൊടി എത്തിയാല്‍ താഴേക്കു വളച്ചുവച്ച് ഒന്നു കൂടി മുകളിലേക്കു വിടും. ഇത് മുകളിലെത്തിയാല്‍ കമ്പു മാറ്റി കയറിലേക്ക് കൊടികളെ മാറ്റും. പിന്നെ ഞാലിപ്പൂവന്‍ വാഴയുടെ ഉണങ്ങിയ ഇലകള്‍ (കച്ചി) ഒരടി നീളത്തില്‍ മുറിച്ച് മുകളിലേക്കു വരുന്ന നാമ്പുകള്‍ കെട്ടികൊടുക്കും. പ്രധാന വള്ളിയുടെ ഇലഞെട്ടു ഭാഗത്തു നിന്നു വരുന്ന നാമ്പുകള്‍ വശങ്ങളിലേക്ക് ശിഖരങ്ങള്‍ പോലെ വരും. ഇവയാണ് വെറ്റിലയായി കിള്ളിയെടുക്കുന്നത്. ഒരു തളിരില വെറ്റിലയായി പറിക്കണമെങ്കില്‍ ആറു ദിവസത്തെ വളര്‍ച്ച മതിയാകും. തൊട്ടടുത്ത തളിരില്‍ നഖം മുട്ടാതെ പറിച്ചാലേ, അടുത്ത വെറ്റില ലക്ഷണമൊത്തു കിട്ടൂ. വെറ്റില നുള്ളുന്നതില്‍ അത്രയ്ക്കു ശ്രദ്ധവേണമെന്നു ചുരുക്കം. രണ്ടു മൂന്നാള്‍ പൊക്കത്തില്‍ കെട്ടുന്ന ഇരുമ്പു പൈപ്പുകള്‍ക്കു കുറുകേ വെറ്റില പടരുന്ന കയറിട്ട് താഴെ കെട്ടുകയാണ് ചെയ്യുന്നത്. രാവിലെ പതിനൊന്നു കൊണ്ട് വിളവെടുപ്പ് അവസാനിക്കണം. പിന്നെ ഇലയെടുക്കണമെങ്കില്‍ വൈകുന്നേരം മൂന്നു കഴിയണം. പ്രായമായവര്‍ക്കും ആയാസ രഹിതമായി വിളവെടുക്കാമെന്നതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത.

ജൈവവളപ്രധാനം

ജൈവവളം മാത്രം നല്‍കുന്ന കൃഷിയാണ് വെറ്റിലയുടേത്. പായലും ചാരവും ലഭ്യതയനുസരിച്ചു നല്‍കുമ്പോള്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വേപ്പിന്‍ പിണ്ണാക്ക് നിര്‍ബന്ധമാണ്. ഇടയ്ക്ക് നീറ്റുകക്ക തടത്തിലും പുറത്തും വിതറും. കരിയില കത്തിച്ച് അതിന്റെ പുകയേല്‍പ്പിക്കുന്നതാണ് പ്രധാന കീടനിയന്ത്രണ മാര്‍ഗം. ഈ ചാരമാണ് പൊട്ടാഷിന്റെ അഭാവം കൃഷിയിടത്തില്‍ നികത്തുന്നത്. ജലസേചനം നിര്‍ബന്ധമാണ്. രാവിലെ വിളവെടുപ്പ് കഴിഞ്ഞ ഉടനെയാണ് ജലസേചനം. വെറ്റില നീര് വിദേശ മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതായി അപ്പച്ചന്‍ പറയുന്നു. വില വര്‍ധനയുണ്ടായതോടെ ഇതു കുറയുകയായിരുന്നു. ആയൂര്‍വേദ മരുന്നു നിര്‍മാണത്തിനും കുട്ടികള്‍ക്കുണ്ടാകുന്ന ബാലാരിഷ്ടതകള്‍ക്കും വെറ്റില നീര് ഉപയോഗിക്കുന്നുണ്ട്. വെറ്റിലക്കൊടികള്‍ അതു കെട്ടിയിരിക്കുന്ന പൈപ്പുവരെ വളര്‍ന്നാല്‍ താഴെ വളച്ചിട്ട് മണ്ണുകൊണ്ടു മൂടും. ചുവട്ടില്‍ നിന്നു വരുന്ന ചിനപ്പുകള്‍ വീണ്ടും കയറില്‍ കെട്ടി കയറ്റിയാണ് റിപ്ലാന്റേഷന്‍.

ഫോണ്‍: അപ്പച്ചന്‍- 98959 20006.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍