മാനസിക പിരിമുറുക്കം അഥവാ സട്രെസ് മൂലമുള്ള പ്രശ്നങ്ങൾ സമൂഹത്തിൽ വര്‍ധിക്കുകയാണ്.കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ മുതല്‍ സ്വഭാവ വ്യതിയാനങ്ങള്‍ വരെ ഇതിന്റെ ഭാഗമായുണ്ടാകാം. എന്നാല്‍ വീട്ടില്‍ തന്നെ ഇതൊക്കെ മാറ്റാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചാലോ? കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ആശ്വാസമാകും.
ഇക്കാലത്ത് മാനസിക പിരിമുറുക്കം അഥവാ സ്‌ട്രെസ് എന്ന വാക്ക് കൊച്ചുകുട്ടികള്‍ക്കു വരെ സുപരിചിതമാണ്. പിരിമുറുക്കം അഥവാ സ്ട്രെസും അതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും വര്‍ധിക്കുകയാണ്. കുട്ടികളില്‍ പഠന പിന്നാക്കാവസ്ഥ മുതല്‍ സ്വഭാവ വ്യതിയാനങ്ങള്‍ വരെ ഇതിന്റെ ഭാഗമായുണ്ടാകാം. ജോലികഴിഞ്ഞ് അതിലും വലിയ പിരിമുറുക്കവുമായി വീട്ടിലെത്തുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളോട് ഒന്നു സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴും. ഇതുമൂലം ഇവരിലുണ്ടാകുന്ന ഈ പ്രത്യേക മാനസികാവസ്ഥ മനസിലാക്കാനും സാധിക്കുന്നില്ല. എന്നാല്‍ വീട്ടില്‍ ഇതൊക്കെ മാറ്റാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചാലോ? കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ആശ്വാസമാകും. ഇനി മറ്റു ജോലികള്‍ ഇല്ലാത്തവര്‍ക്കാണെങ്കില്‍ ഇതൊരു വരുമാന മാര്‍ഗവുമാക്കാം.
എന്താണെന്നല്ലേ? വളർത്തു മൃഗങ്ങളെയും പക്ഷികളെയും മത്സ്യങ്ങളെയുമൊക്കെ വീട്ടു പരിസരത്തു തന്നെ വളർത്തി അവയെ കാണുമ്പോഴും പരിചരിക്കുമ്പോഴുമുള്ള സന്തോഷം അനുഭവിക്കുക. ഇത് സ്ട്രെസിനെ പമ്പകടത്തുമെന്ന് ആലപ്പുഴ കായംകുളം കറ്റാനത്തെ ദീപക്കിന്റെ 'ദക്ഷിണ' എന്ന വീട്ടിലെത്തിയാല്‍ മനസിലാക്കാം. പ്രകൃതി തരുന്ന സൗഖ്യത്തിന്‍റെ സുഖം ഇവിടെ നിന്ന് അനുഭവിക്കാം. ഒരേക്കറിലെ വീടും പരിസരവും പ്രകൃതിരമണീയമാണ്. വീടിന്റെ ഇടതുവശത്തെ കല്ലുപാകിയ വഴിയിലൂടെ നീങ്ങിയാല്‍ പച്ചപുതച്ച കമാനങ്ങളും ഇതില്‍ ഫാന്‍സി ബള്‍ബുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന പുഷ്പങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്. നല്ല മലയാളത്തില്‍ സംസാരിക്കുന്ന ബ്യൂ ആന്‍ഡ് ഗോള്‍ഡ് മെക്കാവോയും അമ്പര്‍ലാ കൊക്കാറ്റുവും സാറേ എന്നു വിളിച്ച് സ്വാഗതം ചെയ്യാനുമുണ്ടാകും. അവരുടെ കളികളും സംസാരവും സ്‌നേഹപ്രകടനവുമെല്ലാം മറ്റു ചിന്തകളെ മനസില്‍ നിന്നു മാറ്റും. കുറച്ചു സമയം നാം അവരുടെ ലോകത്തേക്ക് ഒരു പക്ഷിയെപ്പോലെ പറന്നുയരും.
പച്ചപ്പും വര്‍ണ പൂക്കള്‍ നിറഞ്ഞ കമാനങ്ങളും കടന്നു ചെന്നാല്‍ പിന്നെ വര്‍ണപ്പക്ഷികളുടെ ലോകമാണ്. ഇവയുടെ വര്‍ണങ്ങള്‍ ആസ്വദിച്ചും ശബ്ദം കേട്ടുകൊണ്ടുമുള്ള നടപ്പു തന്നെ എല്ലാം മറക്കുന്ന അനുഭവമാണ് നമുക്ക് നല്‍കുക.
സ്‌ട്രെസും ടെന്‍ഷനും മറികടക്കാന്‍ പെറ്റ്‌സ് തെറാപ്പി
സ്‌ട്രെസ് മറികടക്കാനും ടെന്‍ഷന്‍ കുറയ്ക്കാനും മനുഷ്യനും വളര്‍ത്തുപക്ഷികളും മത്സ്യങ്ങളും മൃഗങ്ങളുമൊക്കെയായുള്ള ഇടപെടലുകള്‍ സഹായിക്കുമെന്ന് മനശാസ്ത്രം പറയുന്നു. ഇതൊരു ചികിത്സ കൂടിയാണ്, പെറ്റ്‌സ് തെറാപ്പി എന്നാണ് പേര്. നിഷേധാത്മക ചിന്തകള്‍ അനിയന്ത്രിതമായി കടന്നുവന്ന് മാനസിക രോഗാവസ്ഥ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ അരുമകള്‍ക്കാകും. പല വര്‍ണങ്ങളിലുള്ള ഇവയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുന്നത് തലച്ചോറിനെ ഉദ്ദീപിപ്പിക്കും. ഇതൊക്കെയാണ് ഇതിനൊരു ചികിത്സയുടെ രൂപം നല്‍കുന്നത്. ഈ രീതിയില്‍ സംവിധാനം ചെയ്‌തൊരു വീടാണ് ദീപക്കിന്റേത്. പച്ചപ്പും വര്‍ണ പൂക്കള്‍ നിറഞ്ഞ കമാനങ്ങളും കടന്നു ചെന്നാല്‍ പിന്നെ വര്‍ണപ്പക്ഷികളുടെ ലോകമാണ്. ഇവയുടെ വര്‍ണങ്ങള്‍ ആസ്വദിച്ചും ശബ്ദം കേട്ടുകൊണ്ടുമുള്ള നടപ്പു തന്നെ എല്ലാം മറക്കുന്ന അനുഭവമാണ് നമുക്ക് നല്‍കുക.
മോഹവിലയ്ക്ക് വില്‍പന
ആനന്ദത്തോടൊപ്പം വരുമാനവും കൊണ്ടുവരുന്നവരാണ് ഈ പക്ഷികള്‍. ഹെലികോപ്റ്റര്‍ ബഡ്ജീസ്, കോക്കറ്റൈലുകള്‍, മോങ്കുകള്‍, കൊണ്യൂറുകള്‍, കേക്ക് പാരറ്റ്, ഗ്രേ പാരറ്റ്, കൊക്കാറ്റൂകള്‍, മെക്കാവോ, റോസെല്ല, ഫെസന്റ് തുടങ്ങി അയ്യായിരം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെ വിലവരുന്ന 25 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. ഇവ വരുമാനം കൊണ്ടുവരുമ്പോള്‍ സന്തോഷവും കൂടും. അക്ലിറ്റസ് പാരറ്റ് എന്ന തത്തകളാണ് കാണാന്‍ ഏറ്റവും ഭംഗിയുള്ളത്. ആണ്‍ തത്തകള്‍ക്ക് പച്ചയും പെണ്ണിന് ചുവപ്പുമാണ് കളര്‍. ഇന്ത്യയില്‍ ആകെയുള്ള ബ്ലാക്ക് ലേഡി ആമേഴ്‌സ് ഫെസന്റിനെയും ഇവിടെ കാണാം. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഓര്‍മിച്ച് പറയാന്‍ സാധിക്കുന്ന ആഫ്രിക്കന്‍ ഗ്രേപാരറ്റാണ് ഇവിടത്തെ മറ്റൊരു പ്രധാനി. മുന്നൂറിലധികം വാക്കുകള്‍ ഓര്‍മിച്ച് വ്യക്തതയോടെ പറയാന്‍ ഇവയ്ക്കു സാധിക്കും.
24-28 ദിവസം വരെ വേണ്ടിവരും പക്ഷികളുടെ മുട്ടവിരിയാന്‍. ഫെസന്റ് പോലുള്ളവയുടെ മുട്ടകള്‍ ഇവിടെ തന്നെയുള്ള ഇന്‍ക്യുബേറ്ററില്‍ വിരിയിക്കുകയാണ്. ഇവയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ 18 മാസം കൊണ്ടാണ് യഥാര്‍ഥ നിറത്തിലേക്ക് എത്തുന്നത്.
കോയിക്കാര്‍പ്പ് ഇനം മത്സ്യങ്ങള്‍ തുള്ളിക്കളിക്കുന്ന കല്ലുകെട്ടിയ കുളത്തിന്റെ കരയില്‍, ഇവര്‍ക്ക് തീറ്റ നല്‍കിയിരിക്കുന്നതും നേരംപോക്കാണ്. അല്‍ബീനോ വാളകളും ഇവരുടെ കൂട്ടത്തിലുണ്ട്. മോഹവിലയ്ക്കാണ് ഇവയെല്ലാം വില്‍ക്കുന്നത്.
പക്ഷികളും മത്സ്യങ്ങളുമൊക്കെ മഴയെത്തുമ്പോള്‍ തുള്ളിക്കളിക്കുന്ന കാഴ്ചയും ഹൃദ്യമാണ്.പുറത്തുനിന്നുള്ള പക്ഷികളും ഈ സമയത്ത് കുളിക്കാന്‍ ഇവിടെയെത്തുന്ന മനോഹര കാഴ്ചയും കാണാം.
വീട്ടിലെ കൃത്രിമമഴ
വീടിനു ചുറ്റും ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്പ്രിംഗ്‌ളറുകള്‍ പ്രകൃതിയെ തണുപ്പിക്കുന്നു. ചൂട് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇവ കറങ്ങുകയായി. പൊടുന്നനെ ഒരു വര്‍ഷകാല പ്രതീതിയിലേക്ക് പരിസരം മാറും. എസിയുടെയൊന്നും ആവശ്യമില്ലാതെ വീടും പരിസരവും തണുക്കും. പക്ഷികളും മത്സ്യങ്ങളുമൊക്കെ മഴയെത്തുമ്പോള്‍ തുള്ളിക്കളിക്കുന്ന കാഴ്ചയും ഹൃദ്യമാണ്. പുറത്തുനിന്നുള്ള പക്ഷികളും ഈ സമയത്ത് കുളിക്കാന്‍ ഇവിടെയെത്തുന്ന മനോഹര കാഴ്ചയും കാണാം. ചെറുപ്പത്തിലേ തുടങ്ങിയതാണ് ദീപക്കിന്റെ പക്ഷി പ്രേമം. ദിവസവും പക്ഷികളെ നിരീക്ഷിക്കുകയാണ് പ്രധാന ജോലി. രോഗബാധയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും ഈ നിരീക്ഷണം സഹായിക്കും. വരുമാനത്തിലുപരി മാനസിക ആനന്ദമാണ് ഇതിലൂടെ തനിക്കു ലഭിക്കുന്നതെന്നാണ് ദീപക്കിന്റെ പക്ഷം.
ഫോണ്‍- ദീപക്ക്: 99470 53335.