കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും രോഗങ്ങളുടെ കടന്നാക്രമണവും വിളകള്‍ക്ക് സ്ഥിരവില ഇല്ലാത്തതും ഹൈറേഞ്ച്കൃഷിയെ പിടിച്ചുലയ്ക്കുന്നു. ഇതിനൊപ്പം കാലാവസ്ഥ വ്യതിയാനവും കാലംതെറ്റിയെത്തുന്ന മഴയും ഉത്പാദനത്തിലും വന്‍ ഇടിവാണുണ്ടാക്കുന്നത്. വിളകളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാകുകയാണ്. കുരുമുളക് പല ഭാഗത്തും മഞ്ഞളിച്ചു നില്‍ക്കുന്നു. തേയിലയുടെ ഇലകളില്‍ കുമിളകള്‍ പോലെ വന്ന് പൂപ്പല്‍ പിടിച്ച് നശിക്കുകയാണ്. അടയ്ക്ക, ഏലം, കാപ്പി തുടങ്ങിയ വിളകളിലും അതിതീവ്രമഴ വ്യാപക രോഗകാരണമാകുകയാണ്. കാപ്പിക്ക് ഒഴികെ എല്ലാ വിളകള്‍ക്കും വിലതകര്‍ച്ചയുടെ കാലം കൂടിയാണിത്. കിലോക്ക് 6000 രൂപ വരെ ഉയര്‍ന്ന ഏലത്തിന്റെ വില 1000-1500 ലേക്കു താണു. ഇഞ്ചിക്ക് 60 കിലോയുടെ ഒരു ചാക്കിന് 2000 രൂപക്ക് മുകളില്‍ വില കയറിയത് ഇന്ന് 1600 രൂപയിലേക്കെത്തി. 600 രൂപ വരെ താഴ്ന്ന സമയങ്ങളില്‍ കടക്കെണിയിലേക്കു നീങ്ങിയ കര്‍ഷകരും അനവധി. കുരുമുളകിനും അടക്കയ്ക്കും ഇപ്പോള്‍ വിലയുണ്ടെങ്കിലും വിളവെടുപ്പ് തുടങ്ങിയാല്‍ ഈ വില ലഭിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉത്പാദനചെലവും അതിന്റെ പകുതി അധികമായും വരുന്ന തുക താങ്ങുവില നല്‍കണമെന്നുള്ള നിര്‍ദേശങ്ങളൊക്കെ കടലാസിലുറങ്ങുകയാണ്.
എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉത്പാദനചെലവും അതിന്റെ പകുതി അധികമായും വരുന്ന തുക താങ്ങുവില നല്‍കണമെന്നുള്ള നിര്‍ദേശങ്ങളൊക്കെ കടലാസിലുറങ്ങുകയാണ്.
യുവത്വമില്ലാതാകുന്ന കാര്‍ഷിക മേഖല
കര്‍ഷകരുടെ മക്കള്‍ കാര്‍ഷികമേഖലയില്‍ നിന്ന് കൂട്ട പലായനം ചെയ്യുകയാണ്. കൃഷി ഭൂമി വിറ്റും പണയം വച്ചും ഇനിയൊരിക്കലും തിരിച്ചു വരാത്ത വണ്ണം രാജ്യത്തിന് പുറത്തേക്കാണ് പുതുതലമുറ നീങ്ങുന്നത്. തേയില കൃഷി മുഖ്യ വരുമാനമാർഗമായുള്ളതാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കയ്യൂന്നി എന്ന അവികസിതവും പിന്നോക്കവുമായ കൊച്ചുഗ്രാമം.ഇവിടത്തെ നൂറിലധികം വീടുകളില്‍ നിന്നുള്ള കുട്ടികള്‍ കാനഡയിലേക്കും അമേരിക്കയിലേക്കും യുകെയിലേക്കുമൊക്കെ ചേക്കേറിയിരിക്കുകയാണ്. മറ്റുളളവര്‍ ഊഴംകാത്തിരിക്കുന്നു. അടുത്ത തലമുറയിലെ കര്‍ഷകരാകേണ്ടവർ രാജ്യം വിടുകയാണ്. അവര്‍ കൃഷി വിട്ടുപോവുകയല്ല, മറിച്ച് രാജ്യമേ വിട്ടു പോവുകയാണ്. രാജ്യം വിടാത്ത ചെറുപ്പക്കാരെല്ലാം ശമ്പളം കുറവെങ്കിലും മറ്റ് സ്ഥിരം ജോലികള്‍ അന്വേഷിച്ച് പരിസര പട്ടണങ്ങളിലേക്ക് കുടിയേറി. നിലവില്‍ അവിടങ്ങളിലെ കടകളിലെ വില്പനക്കാരായും സെക്യൂരിറ്റി ജീവനക്കാരുമായി മാറി. കൃഷി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയിലേക്കാണ് ഹൈറേഞ്ചും നീങ്ങുന്നത്.
ഋതുക്കള്‍ കാലം തെറ്റുമ്പോള്‍, തളിര്‍ക്കാതെ കുരുമുളക്
സാധാരണ മാര്‍ച്ച് അവസാനത്തോടെ വൈകുന്നേരങ്ങളില്‍ വേനല്‍ മഴയെത്തും. ജൂണില്‍ കാലവര്‍ഷം തുടങ്ങും- അതായിരുന്നു മഴക്കാലം. ഇപ്പോള്‍ എല്ലാം മാറി. വേനല്‍ മഴ ഫെബ്രുവരി അവസാനം മുതല്‍ തുടങ്ങും. ഏപ്രില്‍ ആകുമ്പോഴേക്കും ദിവസം മുഴുവന്‍ മഴയാകും. മേയ് മഴക്കാലം പോലെ തന്നെയാണ്. തിരിമുറിയാതെ മഴപെയ്യേണ്ട ജൂണില്‍ മഴയും ഉണ്ടാകില്ല. ജൂണിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുകയും പൂക്കുകയും തിരി പിടിക്കുകയും കുരുമുളക് മണികള്‍ ഉണ്ടാകുകയും ചെയ്യുന്നത്. തിരിമുറിയാതെ തിരുവാതിര എന്നാണ് പറയുക. മഴയില്ലെങ്കില്‍ ഈ പ്രകൃതി പ്രക്രിയകള്‍ ഒന്നും നടക്കില്ല. അതിനാല്‍ വള്ളിയുണ്ടാകും കുരുമുളക് ഉണ്ടാകില്ല. മഴയ്ക്ക് കനം കൂടുകയും മഴ ദിവസങ്ങള്‍ കുറയുകയും ചെയ്യുന്ന ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ ഇപ്പോള്‍ വെയില്‍ ഉണ്ടാകാറേയില്ല. കര്‍ക്കിടകത്തില്‍ പത്ത് വെയില്‍ എന്നൊരു പഴമൊഴി തന്നെയുണ്ട്. മനുഷ്യനും പ്രകൃതിക്കും തുടര്‍ച്ചയായുള്ള മഴയില്‍ നിന്നും ഒരാശ്വാസമാണിത് . എന്നാല്‍ ഇന്ന് അങ്ങനെയൊന്നില്ല. ജൂണിലെ മഴ കൂടി ജൂലൈയിലാണ് പെയ്യുന്നത്, അതാണ് കാലം, കലികാലം.
കര്‍ക്കിടകത്തില്‍ പത്ത് വെയില്‍ എന്നൊരു പഴമൊഴി തന്നെയുണ്ട്. മനുഷ്യനും പ്രകൃതിക്കും തുടര്‍ച്ചയായുള്ള മഴയില്‍ നിന്നും ഒരാശ്വാസമാണിത് . എന്നാല്‍ ഇന്ന് അങ്ങനെയൊന്നില്ല. ജൂണിലെ മഴ കൂടി ജൂലൈയിലാണ് പെയ്യുന്നത്, അതാണ് കാലം, കലികാലം.
മഴയില്‍ 65 ശതമാനം വര്‍ധന
അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി മഴയാണ് ഈ ജൂലൈയില്‍ ലഭിച്ചത്- 810 മില്ലിമീറ്റര്‍. 65 ശതമാനം അധികമാണിത്. ഓഗസ്റ്റില്‍ 62 ശതമാനം അധിക മഴയാണ് വയനാട്ടില്‍ ലഭിച്ചത്- 573 മില്ലിമീറ്റര്‍. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 310 , 910 മില്ലിമീറ്ററായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഓഗസ്റ്റില്‍ പതിവില്ലാതെ മഴ ശക്തമായിരുന്നു. ഓണ ദിവസങ്ങളില്‍ പോലും മഴ പെയ്തു കൊണ്ടേയിരുന്നുവെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധനായ ഷജീഷ് ജാന്‍ പറയുന്നു. രണ്ടു മാസങ്ങളില്‍ 45 ദിവസവും മഴ ദിവസങ്ങളായിരുന്നു. 2018 മുതലാണ് കാലാവസ്ഥയില്‍ ഈ മാറ്റം പ്രകടമായതെന്നും ഷജീഷ് പറയുന്നു.
നിലയ്ക്കാത്ത മഴയില്‍ നിശ്ചലമായി തേയില മേഖല
തേയിലതോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് വയനാടും തമിഴ്നാട്ടിലെ നീലഗിരിയും. ടീ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 48, 000 ത്തോളം ചെറുകിട കര്‍ഷകരാണ് നീലഗിരി ജില്ലയിലുള്ളത്. വയനാട്ടില്‍ 2650 കര്‍ഷകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തേയില വ്യവസായമാണ് നീലഗിരിയുടെ ജീവനാഡി. ചെറുകിട കര്‍ഷകര്‍, തേയില ശേഖരിച്ച് ഫാക്ടറികളില്‍ എത്തിക്കുന്ന നൂറിലധികം സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകരുടെ സ്വന്തമായ 20 ലധികം സഹകരണ സ്ഥാപനങ്ങള്‍, ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള നിരവധി വന്‍കിട തേയില തോട്ടങ്ങള്‍, 300 ഓളം തേയില ഫാക്ടറികള്‍ , ലക്ഷക്കണക്കിന് തൊഴിലാളികള്‍ എന്നിവയൊക്കെ ചേരുന്നതാണ് തേയിലയുടെ നീലഗിരിപ്പെരുമ. 1835 ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ കൃഷി, ഓഗസ്റ്റിലെ അതിതീവ്ര മഴമൂലം ആഴചകളോളം പൂര്‍ണ സ്തംഭനത്തിലായിരുന്നു. ചെറുകിട കര്‍ഷകര്‍ ആഴചകളോളം തേയില നുള്ളാതിരുന്നു. വരുമാനം ശൂന്യം. തൊഴിലാളികള്‍ മറ്റിടങ്ങളിലേക്ക് താത്കാലികമായി ചേക്കേറി. പല തേയില ഫാക്ടറികളിലും കുറഞ്ഞത് 10,000 കിലോ തേയിലയാണ് ഒരു ദിവസം വേണ്ടത്. എന്നാല്‍ 500 കിലോ പോലും കിട്ടാതായതോടെ ഇവ താത്കാലികമായി അടച്ചിടേണ്ടിവന്നു. കഴിഞ്ഞ 60 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന ശരാശരി മഴയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനത്തിലധികം മഴയാണ് ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നീലഗിരി -വയനാട് ജില്ലകളില്‍ ലഭിച്ചത്. ദിവസങ്ങളോളം നിലക്കാതെ പെയ്ത മഴയില്‍ തേയില തോട്ടങ്ങള്‍ മരവിച്ചു. ഇന്നുവരെ ഇത്തരമൊരു അടച്ചിടല്‍ ഉണ്ടായിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനത്തിലധികം മഴയാണ് ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നീലഗിരി -വയനാട് ജില്ലകളില്‍ ലഭിച്ചത്. ദിവസങ്ങളോളം നിലക്കാതെ പെയ്ത മഴയില്‍ തേയില തോട്ടങ്ങള്‍ മരവിച്ചു. ഇന്നുവരെ ഇത്തരമൊരു അടച്ചിടല്‍ ഉണ്ടായിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
ദരിദ്രനായ രാജാവ്, ഇല്ലാതാകുന്ന തേയിലതോട്ടങ്ങള്‍
ആഴ്ചകളോളം അടച്ചിട്ട തേയില ഫാക്ടറികള്‍
മുമ്പൊക്കെ പത്തേക്കര്‍ തേയിലത്തോട്ടമുള്ളവന്‍ രാജാവായിരുന്നു. ഇന്നവന്‍ ദരിദ്രനായി. കുറേപ്പേര്‍ തേയില ഒഴിവാക്കി കാപ്പിയും ഏലവും പരീക്ഷിക്കുന്നുണ്ട്. തേയില തോട്ടങ്ങള്‍ മെല്ലെ മെല്ലെ ഇല്ലാതാവുകയാണ്. സാധാരണ ഒരു മാസത്തില്‍ രണ്ടു പ്രാവശ്യമാണ് തോട്ടങ്ങളില്‍ നിന്നു കൊളുന്ത് ശേഖരിക്കുക. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ മഴ തിമിര്‍ത്തു പെയ്തു. സൂര്യപ്രകാശം അത്യപൂര്‍വമായി. ഓഗസ്റ്റ് മാസം ആദ്യ പകുതിയില്‍ തോട്ടങ്ങള്‍ ശൂന്യമായി. പുതിയ തളിരുകളില്ലാതെ അതിവര്‍ഷം മൂലം വിവിധ രോഗങ്ങള്‍ ബാധിച്ച് നിര്‍ജ്ജീവമായി തേയിലത്തോട്ടങ്ങള്‍. ചരിത്രത്തിലാദ്യമായി ആഴ്ചകളോളം തേയില ഫാക്ടറികള്‍ അടച്ചിട്ടു. പല ഫാക്ടറികളും യന്ത്രങ്ങള്‍ കേടുവരാതിരിക്കാന്‍ പേരിനു മാത്രം ആഴചയിലൊരിക്കല്‍ പ്രവര്‍ത്തിപ്പിച്ചു. സാധാരണ കര്‍ഷകരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. അര ഏക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെയുള്ളവരാണ് നീലഗിരി മേഖലയിലെ ഭൂരിപക്ഷം കര്‍ഷകരും. അധികവും 1960 കളില്‍ കേരളത്തില്‍ നിന്നും കുടിയേറിപാര്‍ത്തവരുടെ പിന്മുറക്കാര്‍. കഴിഞ്ഞ പത്തുവര്‍ഷമായി പച്ചത്തേയിലക്ക് വില വര്‍ധിച്ചിട്ടില്ലെന്ന് കര്‍ഷകനായ പി ടി ജോണ്‍ പറയുന്നു. ഇതിനു പുറമേയാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാര്‍ഷിക തകര്‍ച്ച. സാധാരണ 500 കിലോ പച്ച തേയില ഒരേക്കറില്‍ നിന്നു പ്രതിമാസം ലഭിക്കുന്നതാണ്. എന്നാല്‍ ഓഗസ്റ്റ് ആദ്യത്തെ മൂന്നാഴ്ച്ച ഒന്നും ലഭിച്ചില്ല. ഏതാണ്ട് 100 കിലോ തേയിലയിലയാണ് ആകെ ലഭിച്ചത്. പച്ചതേയില കിലോക്ക് 12 രൂപയാണ് വില. കൊളുന്ത് ശേഖരിക്കാന്‍ മാത്രമുള്ള ചെലവ് കിലോക്ക് ഏഴു രൂപ വരും. വളമിടല്‍, കാടുവെട്ടല്‍ എന്നിവയ്ക്കും അത്ര തന്നെ ചെലവ് വരും. കര്‍ഷകരുടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. 2005 -2006 കാലഘട്ടത്തില്‍ ലഭിച്ചിരുന്ന വിലതന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് ജോണ്‍ പറയുന്നു. തൊഴിലാളികളുടെ കൂലി, രാസവളം, കള -കീട നാശിനികള്‍, എന്നിവയുടെ വിലയില്‍ പതിന്മടങ്ങ് വര്‍ധന ഉണ്ടായിട്ടും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കാത്തത് ചില്ലറപ്രതിസന്ധിയല്ല സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിപണിയില്‍ തേയില കിലോക്ക് 300 രൂപയില്‍ കുറയുന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരേക്കര്‍ തേയിലക്കൃഷിയുള്ള ഒരു തേയിലകര്‍ഷകന്റെ ഓഗസ്റ്റിലെ വരുമാനം എല്ലാ കാര്‍ഷിക ജോലികളും സ്വന്തമായി ചെയ്താല്‍ 1000 രൂപ മുതല്‍ 1400 രൂപ വരെ മാത്രമാണെന്നത് ഈ രംഗത്തെ ശോചനീയാവസ്ഥ സൂചിപ്പിക്കുന്നതാണ്.
2005 -2006 കാലഘട്ടത്തില്‍ ലഭിച്ചിരുന്ന വിലതന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. തൊഴിലാളികളുടെ കൂലി, രാസവളം, കള -കീട നാശിനികള്‍, എന്നിവയുടെ വിലയില്‍ പതിന്മടങ്ങ് വര്‍ധന ഉണ്ടായിട്ടും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കാത്തത് ചില്ലറപ്രതിസന്ധിയല്ല സൃഷ്ടിക്കുന്നത്.
കൂലി കൊടുക്കാനാകാതെ കര്‍ഷകര്‍
തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി കൊടുക്കാന്‍ പോലുമാകുന്നില്ല കര്‍ഷകന്. കൊറോണ മൂലം വന്‍കിട തേയില തോട്ടങ്ങളെല്ലാം പൂട്ടിക്കിടന്ന 2021-ല്‍ മാത്രമാണ് പച്ചതേയിലക്ക് 20 രൂപയിലധികം വില കിട്ടിയത്. ആസാമിലെയും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും തേയില ഉത്പാദനം കുറയുകയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തേയില ഇറക്കുമതി നിലയ്ക്കുകയും ചെയ്തതാണ് ഇതിനു കാരണം. കേരള സര്‍ക്കാര്‍ നല്‍കിയ കിറ്റില്‍ നീലഗിരി തേയില ഇടനിലക്കാരില്ലാതെ വാങ്ങി ഉള്‍പ്പെടുത്തിയതും വില വര്‍ധനക്ക് കാരണമായി. കൊറോണയുടെ കാഠിന്യം കുറയുകയും തേയില ഇറക്കുമതി പുനഃരാരംഭിക്കുകയും ചെയ്തതോടെ ദക്ഷിണേന്ത്യന്‍ തേയിലയ്ക്ക് വില പിന്നെയും താഴ്ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി നീലഗിരി ജില്ലയില്‍ കൂലിയിനത്തിലുണ്ടായ വര്‍ധന 50 രൂപ മുതല്‍ 100 രൂപ വരെയാണ്. 450 -550 രൂപയാണ് പുരുഷന്മാരുടെ കൂലി. സ്ത്രീ തൊഴിലാളികള്‍ക്ക് 250-300 രൂപയും. തേയില നുള്ളുന്നത് ഭൂരിപക്ഷവും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കിലോക്ക് 6 -7 രൂപ പ്രകാരമാണ്. നിലവില്‍ ഒരു കിലോ പച്ച തേയിലയ്ക്ക് 10 മുതല്‍ 14 രുപ വരെയാണ് വില. ഫലത്തില്‍ സ്വന്തമായി എല്ലാ കൃഷിപ്പണികളും ചെയ്യാന്‍ ശേഷിയില്ലാത്ത കര്‍ഷകന് ഒന്നും മിച്ചമുണ്ടാകില്ലെന്നു സാരം.
തേയില നുള്ളുന്നത് ഭൂരിപക്ഷവും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കിലോക്ക് 6 -7 രൂപ പ്രകാരമാണ്. നിലവില്‍ ഒരു കിലോ പച്ച തേയിലയ്ക്ക് 10 മുതല്‍ 14 രുപ വരെയാണ് വില. ഫലത്തില്‍ സ്വന്തമായി എല്ലാ കൃഷിപ്പണികളും ചെയ്യാന്‍ ശേഷിയില്ലാത്ത കര്‍ഷകന് ഒന്നും മിച്ചമുണ്ടാകില്ലെന്നു സാരം.
തേയില വ്യവസായത്തെ തകര്‍ക്കാനോ ശ്രമം?
തേയില വ്യവസായത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് വിലത്തകര്‍ച്ചയെന്ന് കയ്യൂന്നി ചെറുകിട തേയില കര്‍ഷക സംഘത്തിന്റ സെക്രട്ടറി രാജീവ് മേക്കാട്ടുകുന്നേല്‍ പറയുന്നു. മേഖലയിലെ ഏറ്റവും പഴക്കമുള്ള കര്‍ഷക സംഘമാണ് കയ്യൂന്നി. പച്ചത്തേയില വില ഒമ്പതു രൂപയിലും താഴെ പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് 2006 ല്‍ കര്‍ഷകരെല്ലാം ചേര്‍ന്ന് സൊസൈറ്റി സ്ഥാപിച്ചത്. ഇന്നും തേയില വിലയില്‍ വലിയ മാറ്റങ്ങളില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കര്‍ഷക സഹകരണ പ്രസ്ഥാനങ്ങളിലെ തേയിലപ്പൊടി ഉപയോഗിക്കണമെന്ന നിര്‍ദേശം നല്‍കിയാല്‍ തന്നെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്ന് രാജീവന്‍ പറയുന്നു. എന്നാല്‍ ഇറക്കുമതിക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാസവളങ്ങള്‍, കീട നാശിനികള്‍, കളനാശിനികള്‍ എന്നിവക്ക് നാലിരട്ടി വരെയാണ് വില വര്‍ധിച്ചത്. പത്തു വര്‍ഷം മുമ്പ് ഒരു ചാക്ക് പൊട്ടാഷിന് 100 രൂപയില്‍ താഴെയാണ് വിലയെങ്കില്‍ ഇന്നത് 1000 രൂപയ്ക്ക് മുകളിലാണ്. കര്‍ഷകന് ലഭിക്കുന്ന സബ്സിഡി നാമമാത്രമാക്കുകയും ചെയ്തു. നിലവിലെ രീതിയില്‍ കൃഷി തുടരാന്‍ പോലുമാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കര്‍ഷകന്‍ കൃഷി വിടുകയും ഭൂമി മുഴുവന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ കൈയ്യടക്കുകയും ചെയ്യുന്ന കാലത്തേക്കാണ് നീങ്ങുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാര്‍ക്കറ്റ് കൈയടക്കുന്നവര്‍ തന്നെ കൃഷിയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കൃഷി നീങ്ങുന്നത്. ചായപ്പൊടി അവര്‍ തന്നെ ഉണ്ടാക്കും, അവര്‍ വില നിശ്ചയിക്കും. കൃഷിക്കാരന് വേണമെങ്കില്‍ അവരുടെ കൂലിക്കാരനാകാം. ചെറുകിട കൃഷിക്കാരെ കൂലിപണിക്കാരായി പരിഗണിക്കും, ആനുകൂല്യങ്ങള്‍ നല്‍കും- ഈ രീതിയില്‍ ടീ ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. പൊതുവേ കേള്‍ക്കുമ്പോള്‍ നല്ലതാണെങ്കിലും അതില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടന്ന് രാജീവും പറയുന്നു.