AGRICULTURE

വില സര്‍വകാല റെക്കോഡില്‍; റബ്ബറിന് പകരക്കാരനാകാന്‍ കൊക്കോ

ടോം ജോർജ്

വില സര്‍വകാല റെക്കോഡില്‍ എത്തിയതോടെ റബറിനു പകരക്കാരനാകാന്‍ കൊക്കോ ഒരുങ്ങുന്നു. കൊക്കോയുടെ ഉണക്ക ബീന്‍സിന് കിലോയ്ക്ക് കഴിഞ്ഞവര്‍ഷം 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 350-360 രൂപയായി. ഒരു കിലോ പച്ച ബീന്‍സിന് 60 ല്‍ നിന്ന് 120 രൂപയായി. നിലവിലെ കമ്പനികളല്ല വില വര്‍ധനയ്ക്കു പിന്നിലെന്ന് മണിമല കൊക്കോ ഉത്പാദക സഹകരണസംഘം പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് (മോനായ്) പറയുന്നു. ചോക്ലേറ്റ് നിര്‍മാണ രംഗത്തെത്തിയ പുതിയ കമ്പനികളുടെ ഓര്‍ഡറുകളാണ് നിലവിലെ വില വര്‍ധനവിനു പിന്നില്‍. വില കിലോയ്ക്ക് 300 താഴാന്‍ സാധ്യതയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതിനാല്‍ തന്നെ കൊക്കോ കൃഷിക്ക് പുതിയൊരു ഊര്‍ജം വന്നിട്ടുണ്ട്. തണല്‍ ഇഷ്ടപ്പെടുന്ന വിളയായതിനാല്‍ റബര്‍ തോട്ടങ്ങളില്‍ ഇടവിളയാക്കാമെന്നതാണ് കൊക്കോയുടെ എറ്റവും വലിയ പ്രത്യേകത. റബര്‍ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്തയാണ് കൊക്കോയുടെ വില വര്‍ധന. മേയ്- ജൂണ്‍ മാസങ്ങളാണ് കൊക്കോയുടെ വിളവെടുപ്പു സീസണ്‍. എന്നാല്‍ വേനല്‍ക്കാലത്ത് ജലസേചനം നല്‍കിയാല്‍ കൊക്കോ ധാരാളമുണ്ടാകുമെന്നത് മറ്റൊരു പ്രത്യേകത.

കണിപറമ്പില്‍ ഔസേപ്പച്ചന്‍ റബറിന് ഇടവിളയായി വച്ച കൊക്കോ തോട്ടത്തില്‍.

രണ്ടാം കൊല്ലം വിളവെടുക്കാം

നട്ട് രണ്ടാം കൊല്ലം വിളവെടുക്കാമെന്നതാണ് കൊക്കോകൃഷിയുടെ ഗുണം. മൂന്നാം വര്‍ഷം മുതല്‍ പൂര്‍ണതോതില്‍ വിളവെടുക്കാം. റബര്‍ വിളവെടുപ്പിലേക്കെത്തണമെങ്കില്‍ ഏഴു വര്‍ഷം വേണ്ടിവരും. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ കൊക്കോ മികച്ച പകരക്കാരനാണ്. ഒരു വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ കൊക്കോ വിളവെടുക്കാം. സംസ്‌കരണ പ്രക്രീയയും ലളിതമാണ്. ഇതിനാല്‍ കൂലിച്ചെലവിനത്തിലും കുറവുണ്ട്.

പാലായിലെ മോഡല്‍

പാലായിലെ കര്‍ഷകനായ കണിപറമ്പില്‍ ഔസേപ്പച്ചന്‍ റബറിനിടയില്‍ കൊക്കോ കൃഷി നടത്തി വിളവെടുപ്പു തുടങ്ങിയിരിക്കുകയാണ്. വിളവെടുക്കാറായ കൊക്കോ അണ്ണാന്‍ തിന്നുമെന്നതാണ് ഏക വെല്ലുവിളി. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ ഇത് വലിയ പ്രശ്‌നമാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചരിത്രത്തിലെ ഉയര്‍ന്നവിലയില്‍ ആഗോള വിപണി.

ചരിത്രത്തിലെ ഉയര്‍ന്ന വിലയാണ് ആഗോളവിപണിയിലും കൊക്കോയ്ക്ക് ലഭിച്ചത്. സര്‍വകാല റെക്കോഡായ 5,032 ഡോളറിലായിരുന്ന ലണ്ടന്‍ എക്‌സ്‌ചേഞ്ചിലെ കൊക്കോയുടെ പ്രകടനം. അവധിവില 5,100 ഡോളര്‍ കിടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം. ആഫ്രിക്കയിലെ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഇടിവുണ്ടായതും ഇവിടങ്ങളിലെ കൊക്കോതോട്ടങ്ങളില്‍ ബ്ലാക്ക് പോഡ് രോഗം പടര്‍ന്നതും കൊക്കോവിപണിയില്‍ ലഭ്യത കുറയുന്നതിനിടയാക്കി. ഇതാണ് ഇപ്പോഴത്തെ വില വര്‍ധനവിനു പിന്നില്‍. ലോകവിപണിയില്‍ ചോക്ലേറ്റിന് വന്‍ ഡിമാന്‍ഡുണ്ട്. അതിനാല്‍ വില വര്‍ധന തുടരാനാണു സാധ്യത.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും