ഉണക്കി വിറ്റാല്‍ ഇരട്ടി ലാഭമെന്നു തെളിയിക്കുകയാണ് ഇവര്‍. ഹൈറേഞ്ചിന്റെ ഈന്തപ്പഴവും ഇടിയിറച്ചിയും എന്നുവേണ്ട നാടന്‍മാമ്പഴവും വരിക്കച്ചക്കയും ജാതിതൊണ്ടുമെല്ലാം ചൂടപ്പംപോലെ വിറ്റുപോകുകയാണിവിടെ. പഴങ്ങള്‍ അരിഞ്ഞുണക്കി തേന്‍മേമ്പൊടി ചേര്‍ത്തു വില്‍ക്കുമ്പോള്‍ വില പതിന്മടങ്ങാണ് വര്‍ധിക്കുന്നത്. ഉണക്ക ഇറച്ചിയുടെയും ചക്കച്ചുള ഉണക്കിയതിന്റെയുമെല്ലാം പെരുമ നാടുകടക്കുകയാണ്. മൂല്യവര്‍ധനയിലൂടെ വരുമാനവര്‍ധനവു നേടുന്ന തൊടുപുഴ കാഞ്ഞാര്‍ കളപ്പുരയില്‍ ജീജി മാത്യുവിന്റെ ഭക്ഷ്യസംസ്‌കരണ രീതികള്‍ ഒന്നു പഠിക്കേണ്ടതു തന്നെയാണ്.
ഇവരുടെ എട്ടേക്കറില്‍ 60 പ്ലാവുകളാണുള്ളത്. നാട്ടുപ്ലാവുകളില്‍ അധികവും നല്ല നിറവും മണവുമുള്ള വരിക്ക ചക്കയുണ്ടാകുന്നവ. സീസണില്‍ പച്ചയായും പഴമായും വിറ്റശേഷം മിച്ചം വരുന്നവ അരിഞ്ഞുണങ്ങി ഓഫ് സീസണില്‍ നല്ല വിലയ്ക്കാണ് വില്‍ക്കുന്നത്.
പഴങ്ങള്‍ അരിഞ്ഞുണക്കി തേന്‍മേമ്പൊടി ചേര്‍ത്തു വില്‍ക്കുമ്പോള്‍ വില പതിന്മടങ്ങാണ് വര്‍ധിക്കുന്നത്. ഉണക്ക ഇറച്ചിയുടെയും ചക്കച്ചുള ഉണക്കിയതിന്റെയുമെല്ലാം പെരുമ നാടുകടക്കുകയാണ്.
വരിക്ക മാമ്പഴം
വരിക്ക എന്ന് ഇവര്‍ വിളിക്കുന്ന ചെറിയ നാട്ടുമാമ്പഴവും വീണു നശിക്കാന്‍ ഇടവരുത്തുന്നില്ല. ഇത് മുഴുവന്‍ അരിഞ്ഞ് ഇലക്ട്രിക് ഡ്രൈയറില്‍ മണിക്കൂറുകള്‍ വച്ചാല്‍ എത്രനാള്‍ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം. വരിക്കച്ചക്ക, നാട്ടുമാമ്പഴം, വൈന്‍ ഉണ്ടാക്കിയ ശേഷം മിച്ചം വരുന്ന ജാതിതൊണ്ട് എന്നിവയെല്ലാം തേനിലിട്ട് മൂന്നു മാസം സൂക്ഷിച്ചാല്‍ വില പതിന്മടങ്ങാണ് വര്‍ധിക്കുന്നത്. തേന്‍ ചക്കയും മാങ്ങയും ജാതിക്കയുമെല്ലാം വീട്ടില്‍ നിന്നു തന്നെ വിറ്റുപോകുന്നു. നാട്ടിലെ അറവുശാലകളില്‍ വെട്ടുന്ന നല്ല പോത്തിറച്ചിയാണ് രണ്ടു ദിവസം ഡ്രയറിലെ താമസത്തിനൊടുവില്‍ ഉണക്കയിറച്ചിയായി പുറത്തുവരുന്നത്. ഇത് വെള്ളത്തില്‍ കുതിര്‍ത്ത് ചതച്ച് വീണ്ടുമൊന്നു ഡ്രയറില്‍ ഉണക്കിയാല്‍ കൊതിയൂറും ഇടിയിറച്ചിയായി. ഒരു കിലോ ഇറച്ചിയുണക്കിയാല്‍ 300 ഗ്രാം ഉണക്കയിറച്ചി എന്നാണ് കണക്ക്. റംബൂട്ടാനും മാങ്കോസ്റ്റിനുമെല്ലാം പഴമായി വിറ്റശേഷമുള്ളത് വൈനാക്കുന്നു.
ഇതിനൊന്നും വലിയ മുതല്‍ മുടക്കില്ലാതെയാണ് ചെയ്യുന്നതെന്നതാണ് ഇവരുടെ മെച്ചം. വീടിനു പുറത്ത് പണ്ടുമുതലുള്ള പുരയുടെ ഒരുഭാഗത്ത് ഇലക്ട്രിക് ഡ്രൈയറും മറുഭാഗത്ത് വിറകില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈയറും സ്ഥാപിച്ചിരിക്കുന്നു. ഇതിലാണ് വിഭവങ്ങള്‍ ഉണക്കുന്നത്. ആര്‍ക്കും സ്വന്തം വീട്ടുമുറ്റത്തു തന്നെ വന്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍ സാധിക്കുന്ന ഒരു സംരംഭമാണിതെന്ന് ജീജി പറയുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന തേന്‍ ജീജിസ് നാച്ചുറല്‍ ഹണി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നുമുണ്ടിദ്ദേഹം.
ഫോണ്‍: ജീജി മാത്യു- 94461 33137.