ഈ കുഞ്ഞന്‍ തെങ്ങുകള്‍ക്ക് പറയാനൊരു കഥയുണ്ട്, ചെലവു ചുരുക്കലിന്റെ, കൊതിയൂറും രുചിയുള്ള കരിക്കിന്റെ, തുടര്‍ച്ചയായി ഉയരുന്ന ആക്രമണങ്ങളെ നേരിട്ടു മുന്നേറുന്നതിന്റെ ഒക്കെയാണത്. ആലപ്പുഴ തണ്ണീര്‍മുക്കത്തെ കര്‍ഷകന്‍ കുമാരപുരം വീട്ടില്‍ ഗോപിയുടെ 56 സെന്റിലാണിവ തലയുയര്‍ത്തി നില്‍ക്കുന്നത്. സണ്ണങ്കി, മലയന്‍പച്ച, ഓറഞ്ച് ഇനങ്ങളില്‍ പെട്ട 52 തെങ്ങുകളുള്ള ഈ തോട്ടം ഒന്നു കാണേണ്ടതു തന്നെ. കേരളത്തില്‍ കുള്ളന്‍ തെങ്ങുകള്‍ മാത്രമുള്ള അപൂര്‍വം തോട്ടങ്ങൡ ഒന്നുമാണിത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നു റിട്ടയറായ ശേഷമാണ് ഗോപി കൃഷിയിലേക്കു തിരിയുന്നത്. കാടുപിടിച്ച 56 സെന്റില്‍ കൃഷി തുടങ്ങിയാലോ എന്നായി ആലോചന.
മനസിലെന്നും കൃഷി
തുടരെ കാണാറുണ്ടായിരുന്ന കൃഷി വീഡിയോകളിലെ കുള്ളന്‍തെങ്ങുകള്‍ മനസിനെ വല്ലാതെ ആകര്‍ഷിച്ചു. കാടുപിടിച്ചു കിടക്കുന്ന പറമ്പ് വെട്ടിതെളിച്ച് ഓരോ തെങ്ങിന്‍തൈകളും നടുമ്പോള്‍ മനസില്‍ നിലം മുട്ടെകായ്ച്ച് കാറ്റത്ത് ഓലകളാട്ടി സന്തോഷം പ്രകടിപ്പിക്കുന്ന തെങ്ങുകളുടെ ചിത്രമായിരുന്നു. മനസില്‍ രൂഢമൂലമായ തെങ്ങുസ്‌നേഹം അങ്ങനെ കൃഷിയിടത്തിലേക്കെത്തി. കുള്ളന്‍തെങ്ങുകളെ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ പരിചരിച്ചു. രാവിലെ എഴുന്നേല്‍ക്കുന്ന ഗോപി ആറരയോടെ ആറര കിലോമീറ്ററിനപ്പുറം കഞ്ഞിക്കുഴിയിലുള്ള കൃഷിയിടത്തിലെത്തും. തന്റെ കൃഷിയോടുള്ള ആവേശം കണ്ടപലരും തനിക്ക് വട്ടാണെന്നു പറഞ്ഞ് പരിഹസിച്ചതും ഗോപിയുടെ ഓര്‍മയില്‍ നിന്നു മാഞ്ഞിട്ടില്ല. എന്നാല്‍ നിലംമുട്ടെ കായ്ച്ചു കിടക്കുന്ന തോട്ടമെന്ന സ്വപ്‌നത്തില്‍ നിന്ന് ഇതൊന്നും തന്നെ പിന്നോട്ടു നയിച്ചില്ലെന്നും ഗോപി പറയുന്നു.
പരിചരണത്തേക്കാള്‍ പ്രധാനമാണ് ശ്രദ്ധ
പരിചരണത്തേക്കാള്‍ പ്രധാനമാണ് ശ്രദ്ധ. കുള്ളന്‍ തെങ്ങുകളുടെ കരിക്കിന് നല്ല മധുരമാണ്. ഇതേ മധുരമാണ് ഇതിന്റെ തടിക്കുള്ളിലെ കാമ്പിനും അതിനാല്‍ ചെല്ലിയും ഈ രുചി തേടിയെത്തും. കൊമ്പന്‍ ചെല്ലിയാണ് ആദ്യമെത്തുക. ഇത് തടിതുളച്ച് കാമ്പുതിന്നുമ്പോള്‍ തന്നെ ചകിരിപോലെ തടിക്കുള്ളില്‍ നിന്നും പുറത്തേക്ക് വരും. ഇവിടെ കമ്പിയിട്ടു കുത്തിയാലല്‍ കൊമ്പനെ കുത്തിയെടുക്കാം. ഇതിനെ ഇങ്ങനെ നശിപ്പിച്ച ദ്വാരത്തില്‍ കീടനാശിനി ഒഴിച്ചില്ലെങ്കില്‍ ഇതിനകത്ത് ചെമ്പന്‍ചെല്ലി എത്തുകയും തെങ്ങിനെ അടിയേ മറിക്കുകയും ചെയ്യും. ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമുണ്ടെങ്കിലും ഇവയ്ക്കു മുകളില്‍ ഉപ്പിട്ടാല്‍ ഇവയുടെ മാംസം ഉരുകി ചത്തുപൊയ്‌ക്കൊള്ളും.
കല്ലുപ്പ് ജൈവമാര്‍ഗം
ചെല്ലിയെ നേരിടാന്‍ മറ്റൊരു ജൈവമാര്‍ഗം കല്ലുപ്പാണ്. കുറുപ്പന്തറഭാഗങ്ങളില്‍ ഉണക്കമീന്‍ സൂക്ഷിച്ചശേഷം കളയുന്ന കല്ലുപ്പു വാങ്ങിയാണ് തോട്ടത്തിലെത്തിക്കുന്നത്. ഇത് തൈയുടെ കവിളുകളിലും ചുവട്ടിലും ഇട്ടുകൊടുക്കും. ചെല്ലിയെ അകറ്റുന്നതിനൊപ്പം തെങ്ങിന് പച്ചപ്പു നല്‍കുന്നതില്‍ ഉപ്പിന് നല്ല റോളുണ്ട്.
ശാസ്ത്രീയ രീതിയിലാണ് ജലസേചനം. പഞ്ചസാരമണലാണ് കഞ്ഞിക്കുഴിയിലേത്. വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ ശേഷിയില്ലാത്തതിനാല്‍ ജലസേചനം എത്ര നടത്തിയാലും ഫലിക്കാത്ത സാഹചര്യമാണുള്ളത്. ഇതിനെ മറികടക്കാന്‍ തെങ്ങിന്‍ ചുവടുകളില്‍ ഗ്രാവലിറക്കി. ശേഷം തുള്ളിനന (ഡ്രിപ്പ് ഇറിഗേഷന്‍) സംവിധാനവുമൊരുക്കി. ദിവസം ഒരുമണിക്കൂര്‍ വീതം രണ്ടുനേരം ഡ്രിപ്പ് സംവിധാനം പ്രവര്‍ത്തിപ്പിച്ചാല്‍ തെങ്ങുകളുടെ ദാഹം മാറും. മാസം 300 മുല്‍ 700 വരെ കരിക്ക് ലഭിച്ച മാസങ്ങളുണ്ട്. കരിക്കൊന്നിന് 35 രൂപ വച്ചാണ് വിപണനം. തന്റെ കരിക്കിന് സ്ഥിരം ഉപഭോക്താക്കളുള്ളതിനാല്‍ വിപണി ഒരു പ്രശ്‌നമാകുന്നില്ല. രോഗികള്‍ക്കു നല്‍കാന്‍ ജൈവ കരിക്കുതേടി ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആളുകളെത്തുന്നുണ്ടെന്നും ഗോപി പറയുന്നു.
ഫോണ്‍: ഗോപി- 94461 41338.