AGRICULTURE

കുളമ്പുരോഗത്തെ രാജ്യത്തുനിന്ന് ഇല്ലായ്മ ചെയ്യാനാകുമോ? നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയന്ത്രണ പ്രതിരോധപദ്ധതി

ഡോ സാബിന്‍ ജോര്‍ജ്

'രാജ്യത്തിനും കർഷകർക്കും ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അതീവപ്രാധാന്യമുള്ള രണ്ടു കന്നുകാലിരോഗങ്ങളാണ് കുളമ്പുരോഗവും ബ്രൂസല്ലോസിസും. ഇവയെ നിയന്ത്രിക്കാനായി, ഒരു പക്ഷേ ലോകം കണ്ട എറ്റവും ബൃഹത്തായതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം (vaccination programme) ദേശീയ മൃഗരോഗനിയന്ത്രണ പദ്ധതിയുടെ (NADCP) ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ പൂർണ ധനസഹായത്തോടെ നടന്നുവരികയാണ്.

2019 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്കായി അഞ്ചുവർഷത്തേയ്ക്ക് 13,343 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പശു, എരുമ, ചെമ്മരിയാട്, ആട്, പന്നി തുടങ്ങിയ മുഴുവൻ വളർത്തുമൃഗങ്ങൾക്ക് കുളമ്പുരോഗകുത്തിവയ്പ്പും, നാലു മുതൽ 8 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്ക് ബ്രൂസല്ല വാക്സിനും നൽകുന്നതാണ് പദ്ധതിയുടെ മുഖ്യ കർമ പരിപാടി.

2030 വർഷത്തോടെ രാജ്യത്തു നിന്ന് കുറമ്പുരോഗത്തെ നിർമാർജനം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ഇരട്ടക്കുളമ്പുള്ള കന്നുകാലികളെ ബാധിക്കുന്ന വൈറസ് ബാധയായ കുളമ്പുരോഗം പാലുല്പാദനത്തേയും വളർച്ചാനിരക്കിനെയും ശാരീരികക്ഷമതയെയുമൊക്കെ ബാധിക്കുന്നു. ഈ രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള മൃഗ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വ്യാപാര ഉപരോധത്തെയും നേരിടേണ്ടി വരുന്നു. കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മുഴുവൻ കന്നുകാലികളിലും നടത്തുന്ന വാക്സിനേഷൻ വഴി 2025 വർഷത്തോടെ കുളമ്പുരോഗത്തെ നിയന്ത്രിച്ച്, 2030 വർഷത്തോടെ രാജ്യത്ത് നിന്ന് നിർമാർജനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗർഭമലസൽ തുടങ്ങി നിരവധി പ്രത്യുത്പാദന, ഉത്പാദന നഷ്ടങ്ങൾക്ക് കാരണമാകുന്ന ബ്രൂസല്ലാരോഗത്തെ 4-8 മാസം പ്രായമുള്ള പെൺകിടാവുകൾക്ക് നൽകുന്ന ഒരൊറ്റ ആജീവനാന്ത കുത്തിവയ്പ്പിലൂടെ നിയന്ത്രിക്കാൻ കഴിയും.

കാലിവസന്തയെ തുരത്തി, ഇനി കുളമ്പുരോഗം രോഗപ്രതിരോധ ശേഷിയില്‍ ഏറെ മുന്‍പിലായ നാടന്‍ കന്നുകാലി ജനുസ്സുകള്‍ ഏറെക്കുറെ പടിയിറങ്ങി, ഉത്പാദനക്ഷമതയുള്ള വിദേശ സങ്കര ജനുസ്സുകള്‍ നാട്ടില്‍ വാഴാന്‍ തുടങ്ങിയതോടെ രോഗപ്രതിരോധശേഷിയില്‍ പിന്നിലായ കന്നുകാലി സമ്പത്തിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു. രോഗബാധമൂലമുള്ള മരണം, ഉല്‍പാദന പ്രത്യുല്‍പാദനക്ഷമതയിലെ കുറവ്, ഉയര്‍ന്ന ചികിത്സാ ചിലവ് എന്നിവ രാജ്യത്തിന്റെയും കര്‍ഷകരുടെയും സമ്പദ് സ്ഥിതിയെ ബാധിക്കുന്നു.

കുളമ്പുരോഗം മൂലം മാത്രമുള്ള വാര്‍ഷിക സാമ്പത്തിക നഷ്ടം ദേശീയതലത്തില്‍ ഇരുപതിനായിരം കോടി രൂപയില്‍ അധികം

സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം, കാലിവസന്ത, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ രോഗം, ആടുവസന്ത തുടങ്ങി അകിടുവീക്കം വരെ മൃഗസംരക്ഷണ മേഖലയില്‍ വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നു. കുളമ്പുരോഗംമൂലം മാത്രമുള്ള വാര്‍ഷിക സാമ്പത്തിക നഷ്ടം ദേശീയതലത്തില്‍ ഇരുപതിനായിരം കോടി രൂപയില്‍ അധികമാണത്രേ. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കി ഒരു മൃഗാരോഗ്യ-രോഗനിയന്ത്രണ പദ്ധതിയ്ക്ക് വർഷങ്ങൾക്ക് മുൻപേ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

കാലിവസന്തയെന്ന മഹാവിപത്തിനെ ചിട്ടയായ സമഗ്ര സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പിലൂടെ രാജ്യത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് സാധിച്ചു. കുളമ്പുരോഗ നിയന്ത്രണം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ 2004 ല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡുമായി സഹകരിച്ച് ഗോരക്ഷ പദ്ധതിയ്ക്ക് തുടക്കമിട്ടു. കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞമെന്ന നിലയിലാണ് ഈ പദ്ധതി തുടങ്ങിവച്ചത്.

കുളമ്പുരോഗം മാരകമാണെന്നും രോഗം വരുന്നതു തടയാന്‍ പ്രതിരോധമാണ് ഏക പോംവഴിയെന്നും കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നടത്തിയുമാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കൂടാതെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നിയമാനുസൃതം നിര്‍ബന്ധവുമാക്കിയിരിക്കുന്നു. കുത്തിവയ്പെടുത്ത പശുക്കളുടെ ചെവിയില്‍ ടാഗ് പതിപ്പിക്കുകയും കുത്തിവയ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കുറ്റകരമാക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന ഗവണ്‍മെന്റ് നടത്തി വരുന്ന ഈ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീട്ടിലെത്തി കന്നുകാലികളെ കുത്തിവയ്ക്കുന്നു.

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ഈ ഊര്‍ജ്ജിത പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഏകോപിപ്പിക്കപ്പെടുന്നു. പ്രതിരോധ കുത്തിവയ്പിന് നല്‍കുന്ന വാക്‌സിന്റെ ഉല്‍പാദനം മുതല്‍ കുത്തിവയ്പിന് ശേഷം മൃഗങ്ങളില്‍ പ്രതിരോധശഷിയുടെ അളവു നിര്‍ണ്ണയംവരെ പരിശോധിക്കപ്പെടുന്നു. കൂടാതെ അതിര്‍ത്തികളിലെ ചെക് പോസ്റ്റുകളില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കന്നുകാലികളുടെ ആരോഗ്യ പരിശോധനയും, അറവുശാലകളിലെ പരിശോധനകൾക്കുമൊപ്പം രോഗം പൊട്ടിപ്പുറപ്പെടുന്ന സമയങ്ങളിലെ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമൊക്കെ ചേര്‍ന്ന സമഗ്ര പദ്ധതിയാണ് ഗോരക്ഷ.

കർഷകർ അറിയേണ്ടത്

വാക്സിനേഷൻ വിജയിക്കണമെങ്കിൽ

മനുഷ്യരിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും വാക്‌സിനേഷന്‍ അഥവാ രോഗപ്രതിരോധ കുത്തിവയ്പുകളുടെ കാര്യത്തില്‍ മിഥ്യാധാരണകള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അതിനാല്‍ എന്താണ് രോഗപ്രതിരോധ വാക്‌സിനെന്നും അവയുടെ ശരീരത്തിലെ പ്രവര്‍ത്തന രീതി എങ്ങനെയെന്നും മനസ്സിലാക്കുന്നത് ഉചിതമാണ്.

രോഗമുണ്ടാക്കുന്ന അണുക്കളുടെ രോഗമുണ്ടാക്കുന്ന ശേഷി നശിപ്പിച്ച് അവയുടെ രൂപവും, സ്വഭാവവും മാറ്റി ആരോഗ്യമുള്ള മൃഗങ്ങളില്‍ പ്രവേശിപ്പിച്ച് അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയാണ് കുത്തിവയ്പ്പ് വഴി ചെയ്യുന്നത്. ദീര്‍ഘമായ ഗുണനിലവാര സുരക്ഷ പരിശോധനകള്‍ നടത്തിയാണ് വാക്‌സിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്. വാക്‌സിനുകൾ ഉത്പാദനം മുതല്‍ ഉപയോഗം വരെ ശീതസ്ഥിതിയില്‍ (കോള്‍ഡ് ചെയിന്‍) നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

രോഗപ്രതിരോധ കുത്തിവയ്പുകളുടെ വിജയത്തിന് ഏറെ പ്രധാനമാണ് സാമൂഹിക പ്രതിരോധം (herd immunity)

പൂര്‍ണ ആരോഗ്യമുള്ള മൃഗങ്ങളിലെ പ്രതിരോധ കുത്തിവയ്പ് പൂര്‍ണ വിജയം കൈവരിക്കുകയുള്ളൂ. വിരബാധയും മറ്റും വിജയത്തിന് തടസ്സമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുമ്പ് വിരമരുന്ന് നല്‍കുന്നത്. കൂടാതെ എഴുമാസത്തിലേറെ ഗര്‍ഭിണിയായ പശുക്കളെ പ്രതിരോധ കുത്തിവയ്പില്‍ നിന്ന് ഒഴിവാക്കണം. രോഗപ്രതിരോധ കുത്തിവയ്പുകളുടെ വിജയത്തിന് ഏറെ പ്രധാനമാണ് സാമൂഹിക പ്രതിരോധം (herd immunity). ഒരു പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങളില്‍ ആവശ്യമായ രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതാണ് വിജയകരമായ സാമൂഹിക പ്രതിരോധം. ഈ സാഹചര്യം രോഗാണുക്കള്‍ക്ക് അവിടെ നിലനിന്നുപോകാനുള്ള സാഹചര്യം തടയുന്നു.

വിപുലവും തീവ്രവുമായ രീതിയില്‍ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോഴും പൂര്‍ണമായ വിജയം കൈവരിക്കാന്‍ സാധിക്കാതെ വരുന്നത് പല ഘടകങ്ങളാലാണ്. അയല്‍ സംസ്ഥാനങ്ങളിൽ നിന്ന് അനിയന്ത്രിതമായി ചെക്ക് പോസ്റ്റുകളിലൂടെ കന്നുകാലികളെ കൊണ്ടുവരുന്നതും കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവു ശാലകളിലേക്ക് കൊണ്ടുവരുന്നതുമാണ് (10 ലക്ഷത്തിലധികം പശുക്കളെയാണ് ഒരു വര്‍ഷം മാംസാവശ്യത്തിനായി കേരളത്തിലേക്ക് കൊണ്ടുവരുന്നതത്രേ. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നതും [ആറ് മാസം ഇടവിട്ട് കുത്തിവയ്പ് നടത്തേണ്ടതാണ്]), സ്ഥലത്തെ 80 ശതമാനം കന്നുകാലികളെയും കുത്തിവയ്ക്കാതിരുന്നതും വാക്സിനേഷന്റെ പരാജയകാരണങ്ങളിൽ ഉൾപ്പെടുന്നു.

അനാപ്ലാസ്മ, തൈലേറിയ രോഗങ്ങള്‍, വിവിധ വിരബാധകള്‍ എന്നിവ സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതും, പാലുല്പാദനം കുറയുമെന്ന ഭയത്താല്‍ കുത്തിവയ്പ്പ് എടുക്കാന്‍ ക്ഷീരകര്‍ഷകര്‍ വിസമ്മതിക്കുന്നതും, സീല്‍ തുറന്ന വാക്‌സിന്‍ തുടര്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്നതും, വാക്‌സിന്‍ നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കാത്ത സാഹചര്യമുണ്ടാകുന്നതുമൊക്കെ പ്രശ്‌നങ്ങളാണ്.

കൃത്യമായ അളവില്‍ സമയങ്ങളിൽ വിരമരുന്ന് നല്‍കുകയും ചെള്ള്, പേന്‍ തുടങ്ങിയവയ്ക്ക് മരുന്ന് പ്രയോഗിക്കുകയും ചെയ്യണം. അയല്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റില്‍ മൂന്നാഴ്ച നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സൗകര്യമുണ്ടാകണം. രോഗപ്രതിരോധ കുത്തിവയ്പ്പിന് ശേഷം മാത്രമേ കന്നുകാലികളെ കടത്തിവിടാവൂ. കേരളത്തിലെ മുഴുവൻ ചെക്പോസ്റ്റുകളിലും കന്നുകാലികള്‍ക്ക് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. വാക്‌സിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ മികച്ച ശീതീകരണ സംഭരണികള്‍ അനിവാര്യം. കന്നുകാലികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് പദ്ധതികളിൽ സഹകരിക്കുന്നതു വഴി ഉരുക്കളുടെ ആരോഗ്യവും നാടിന്റെ സാമ്പത്തിക സംരക്ഷണവുമാണ് നാം ഉറപ്പാക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും