AGRICULTURE

നെല്ല് വിതയ്ക്കാം; ഒരുങ്ങാം, ശീതകാല പച്ചക്കറി കൃഷിക്കായി

കൃഷിയിടങ്ങളില്‍ ഒക്ടോബര്‍ മാസം ചെയ്യേണ്ടതെന്തെന്നു നോക്കാം. ഏലം വിളവെടുപ്പിലേക്ക്. കുരുമുളകിന്റെ മാതൃവള്ളികള്‍ ശേഖരിക്കാം, ഇഞ്ചിക്കും മഞ്ഞളിനും മണ്ണുകൂട്ടലും നടത്താം.

സി എസ് അനിത

കേരളത്തിനിത് ശീതകാല പച്ചക്കറി കൃഷി കാലമാണ്. നവംബര്‍, ഡിസംബര്‍ മാസമാണ് ഇതിന് ഏറ്റവും അനുയോജ്യം. കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ ശീതകാലപച്ചക്കറികള്‍ വിത്തുപാകിയാണ് നടുന്നതെങ്കില്‍ ഈ മാസം പകുതിയോടെയെങ്കിലും പാകണം. സെന്റിന് രണ്ടു ഗ്രാം വിത്തു മതിയാകും. 20-25 ദിവസമാകുമ്പോള്‍ പറിച്ചുനടാം. തൈകളുടെ കടചീയാതിരിക്കാന്‍ സ്യൂഡോമോണസ് പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസം കൂടുമ്പോള്‍ ഒഴിച്ചു കൊടുക്കാം. ഇവയുടെ വിത്തുകള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ(വിഎഫ്പിസികെ) ജില്ലാ കേന്ദ്രങ്ങളിലും, കൃഷിവകുപ്പ് ഫാമുകളിലും നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ (0471-2343974, 0491-2566414), അഗ്രോ സൂപ്പര്‍ ബസാര്‍ (0471-2471347) എന്നിവിടങ്ങളിലും ലഭിക്കും. നടാന്‍ പാകത്തില്‍ ട്രേകളില്‍ വളര്‍ത്തിയ തൈകള്‍ വിഎഫ്പിസികെയും കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും നവംബര്‍-ഡിസംബര്‍ മാസത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കൃഷിയുടെ മുന്നൊരുക്കങ്ങള്‍ക്കായി അടുത്ത മാസം ചെയ്യേണ്ട കൃഷിപ്പണികളും ഇവിടെ ചേര്‍ക്കുന്നു.

കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ ശീതകാലപച്ചക്കറികള്‍ വിത്തുപാകിയാണ് നടുന്നതെങ്കില്‍ ഈ മാസം പകുതിയോടെങ്കിലും പാകണം.

കാബേജും കോളിഫ്‌ളവറും നന്നായി വിളയാന്‍

കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ ചാലുകളിലോ ചട്ടികളിലോ ചാക്കുകളിലോ നട്ടുപിടിപ്പിക്കാം. ചെടികള്‍ തമ്മില്‍ രണ്ടടി അകലം നല്‍കാം. ധാരാളം സൂര്യപ്രകാശവും നല്ല നീര്‍വാര്‍ച്ചയും വേണം. അമ്ലാംശം കൂടുതലുള്ള പ്രദേശത്ത് നിലമൊരുക്കുമ്പോള്‍ സെന്റിന് രണ്ടുമൂന്നു കിലോ കുമ്മായം ചേര്‍ത്തു കൊടുക്കാം. 19:19:19 അല്ലെങ്കില്‍ 20:20:20 എന്ന വെള്ളത്തിലലിയുന്ന രാസവള മിശ്രിതം വിത്തുപാകി രണ്ടിലപ്രായം മുതല്‍ 1-2.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ആറാഴ്ചവരെ നല്‍കാം. വളര്‍ച്ചയുടെ തോതനുസരിച്ച് വളത്തിന്റെ തോതും കൂട്ടണം. നട്ട് മൂന്നാഴ്ചയ്ക്കുശേഷം മണ്ണിര കമ്പോസ്റ്റ്, കടലപിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ 2:1:1 അനുപാതത്തില്‍ 50 ഗ്രാം വീതം നല്‍കാം. ചെടികള്‍ വളരുന്നതനുസരിച്ച് മണ്ണ് കയറ്റി കൊടുക്കണം. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം.

കാപ്‌സിക്കം നടുമ്പോള്‍

കാപ്‌സിക്കം ചെടികള്‍ 45X45 സെന്റീമീറ്റര്‍ അകലത്തില്‍ നടണം. സെന്റിന് 650 ഗ്രാം യൂറിയ, 800 ഗ്രാം മസൂറിഫോസ്, 160 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. പകുതി യൂറിയയും പൊട്ടാഷും മുഴുവന്‍ മസൂറിഫോസും പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും ബാക്കിയുള്ള പൊട്ടാഷും യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനുശേഷവും നല്‍കാം. നട്ട് രണ്ടു മാസത്തിനുശേഷമാണ് ബാക്കി യൂറിയ നല്‍കേണ്ടത്. ജൈവവളങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം.

കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവയും വിളയിക്കാം

കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവ വിത്തുപാകിയാണ് കൃഷി ചെയ്യുന്നത്. ഇവയുടെ തൈകള്‍ പറിച്ചു നടാന്‍ പാടില്ല. വിത്തിടുന്നതിനുമുമ്പ് ചാണകപ്പൊടി സെന്റിന് 100 കിലോ എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക. 1.5, 2 കിലോഗ്രാം കുമ്മായവും ചേര്‍ത്തുകൊടുക്കാം. ഒരു സെന്റിലേക്ക് റാഡിഷിന് 45 ഗ്രാമും കാരറ്റിന് 25 ഗ്രാമും ബീറ്റ്‌റൂട്ടിന് 30 ഗ്രാമും വിത്ത് വേണ്ടിവരും. സെന്റിന് 2.8 കിലോഗ്രാം യൂറിയ, 1.25 കിലോ മസൂറിഫോസ്, 1.4 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ നല്‍കണം. റാഡിഷിന് മൊത്തം വളവും നട്ട് ഒരാഴ്ചയ്ക്കുശേഷം നല്‍കാം. കാരറ്റിനും ബീറ്റ്‌റൂട്ടിനും യൂറിയയും പൊട്ടാഷും രണ്ടോ മൂന്നോ പ്രാവശ്യമായി വേണം നല്‍കാന്‍. നട്ട് മൂന്നാഴ്ചയ്ക്കുശേഷം തിങ്ങിവളരുന്ന തൈകള്‍ പറിച്ചു മാറ്റി അകലം ക്രമീകരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും വിത്തുകള്‍ക്കും തൈകള്‍ക്കും വിഎഫ്പിസികെ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍: തിരുവനന്തപുരം - 0471-2334480, 9446455663, കൊല്ലം - 0474-2451364, 9447988455, ആലപ്പുഴ - 0479-2380976, 9447988655, കോട്ടയം - 0481-2534709, 9447988255, ഇടുക്കി - 04864-223502, 9447988155, പത്തനംതിട്ട - 0473-4252030, 9447988355, എറണാകുളം - 0484-2427455, 2422273, തൃശൂര്‍ - 0480-2755458, 9447987755, മലപ്പുറം - 0483-2768987, 9447984455, കോഴിക്കോട്- 0495-2225517, 9447982255, കണ്ണൂര്‍ - 0497 2708211, 9447983355, വയനാട് - 04936-286012, 9447226275, പാലക്കാട് - 04922-222706, 9447986655, കാസര്‍ഗോഡ് - 0467-2217410, 9447983355.

നെല്ല് വിതയ്ക്കാം, പറിച്ചുനടാം

വിരിപ്പുകൃഷി വിളവെടുപ്പിനുശേഷം മുണ്ടകനുള്ള ഒരുക്കങ്ങള്‍ പലയിടത്തും പൂര്‍ത്തിയായി കാണുമല്ലോ. മഴ മൂലം ഇനിയും വിതയും പറിച്ചുനടീലും പൂര്‍ത്തിയാകാത്ത പാടങ്ങളില്‍ അവ പൂര്‍ത്തിയാക്കണം. നിലമൊരുക്കുന്ന സമയത്ത് ചാണകം ഏക്കറിന് രണ്ടു ടണ്‍ എന്ന തോതിലോ മണ്ണിര കമ്പോസ്റ്റ് ഏക്കറിന് ഒരുടണ്‍ എന്ന തോതിലോ ചേര്‍ക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണില്‍ ഏക്കറിന് 140 കിലോഗ്രാം കുമ്മായം അടിവളമായി ചേര്‍ക്കണം. ഈ സമയം പാടത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. 48 മണിക്കൂറിനുശേഷം വെള്ളം കയറ്റി കഴുകി ഇറക്കണം. കുമ്മായമിട്ടശേഷം ഒരാഴ്ച കഴിഞ്ഞേ രാസവളം ചേര്‍ക്കാന്‍ പാടുള്ളൂ. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ധാഭിപ്രായം സ്വീകരിച്ചാകണം വളപ്രയോഗം.

വിത്തു വിതയ്ക്കാന്‍ ഡ്രംസീഡര്‍

നെല്‍വിത്തു വിതയ്ക്കാന്‍ ഡ്രംസീഡറോ പറിച്ച് നടീലിന് യന്ത്രമോ ഉപയോഗിക്കാം. യന്ത്രമുപയോഗിക്കുന്നിടത്ത് പായ് ഞാറ്റടി തയാറാക്കണം. യന്ത്രനടീലാണെങ്കില്‍ നെല്ല് വീഴാതെ വിളവ് കൂട്ടാന്‍ സഹായിക്കും. വിത്ത് മുളപ്പിക്കുന്ന സമയത്ത് സ്യൂഡോമോണസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. ഇതിനായി ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 12-16 മണിക്കൂര്‍ കുതിര്‍ത്തശേഷം സാധാരണപോലെ മുളപ്പിച്ച് വിതയ്ക്കാം.

സെപ്റ്റംബറില്‍ നടുകയോ വിതയ്ക്കുകയോ ചെയ്ത പാടങ്ങളില്‍ ഈ മാസം മേല്‍വളം ചേര്‍ക്കാം. നട്ട് മൂന്നാഴ്ച കഴിഞ്ഞും വിതച്ച് നാലര ആഴ്ച കഴിഞ്ഞും വളപ്രയോഗം നടത്തണം. ഇതിന് ഒരാഴ്ച മുമ്പ് ഏക്കറിന് 100 കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. രാസവളപ്രയോഗത്തിനു മുമ്പ് പാടത്തു നിന്നു വെള്ളം വാര്‍ത്തുകളയണം. വളപ്രയോഗത്തിനുശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ. നെല്‍ച്ചെടിക്ക് 45 ദിവസം പ്രായമാകുന്നതുവരെ കളശല്യം നിയന്ത്രിക്കണം. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരേ പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞ് ഏഴു മുതല്‍ 10 ദിവസത്തെ ഇടവേളകളില്‍ അഞ്ചു മുതല്‍ ആറു വരെ തവണ ട്രൈക്കോകാര്‍ഡുകള്‍ പാടത്ത് നാട്ടണം. ഒരേക്കറിന് രണ്ട് സിസി എന്ന തോതിലാണ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടത്. വിതയ്ക്കുന്ന പാടങ്ങളില്‍ 25 ദിവസങ്ങള്‍ക്കുശേഷം കാര്‍ഡ് വയ്ക്കാം. ഓരോ പ്രാവശ്യവും പുതിയ കാര്‍ഡ് തന്നെ വാങ്ങിവയ്ക്കാന്‍ ശ്രദ്ധിക്കുക.

നെല്ലിലെ കുലവാട്ടം, പോളരോഗം എന്നിവയ്‌ക്കെതിരേ സ്യൂഡോമോണസ് ഫലപ്രദമായി ഉപയോഗിക്കാം. ഞാറ് പറിച്ചു നടുന്നതിനു മുമ്പ് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇതില്‍ ചുവട് മുക്കിയശേഷം നടാം. അല്ലെങ്കില്‍ ഈ ലായനി പാടത്തുതളിച്ചു കൊടുക്കുകയുമാകാം. ഇതേ ബാക്ടീരിയല്‍ കള്‍ച്ചര്‍ ഒരു കിലോഗ്രാം 50 കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേര്‍ത്തുവച്ച ശേഷം പാടത്ത് വിതറുകയുമാകാം. കുട്ടനാടന്‍ പാടങ്ങളിലും കോള്‍പാടങ്ങളിലും വെള്ളം വറ്റിച്ച ശേഷം വിത തുടങ്ങണം.

നെല്ലിലെ കുലവാട്ടം, പോളരോഗം എന്നിവയ്‌ക്കെതിരേ സ്യൂഡോമോണസ് ഫലപ്രദമായി ഉപയോഗിക്കാം. ഞാറ് പറിച്ചു നടുന്നതിനു മുമ്പ് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇതില്‍ ചുവട് മുക്കിയശേഷം നടാം.

തെങ്ങിന്‍ തടങ്ങളില്‍, തുലാമഴ പിടിച്ചു നിര്‍ത്താം

തുലാമഴയ്ക്കു മുമ്പായി തെങ്ങിന്റെ ഇടകിളയ്ക്കലും മണ്ടവൃത്തിയാക്കലും നടത്തണം. തുലാമഴ പരമാവധി തോട്ടത്തില്‍ പിടിച്ചു നിര്‍ത്താന്‍ ചാലുകളില്‍ തൊണ്ട് മലര്‍ത്തി അടുക്കി മണ്ണിട്ടു മൂടണം. മഴക്കുഴികള്‍ എടുക്കണം. തെങ്ങിന്‍തടത്തില്‍ പച്ചിലകള്‍ കൊണ്ട് പുതയിടുകയുമാകാം.

തീരപ്രദേശങ്ങളിലും മണല്‍ പ്രദേശങ്ങളിലും മഴയ്ക്കു മുമ്പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം കുറയ്ക്കാനും കൂടുതല്‍ ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങാനും സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, വാഴ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാന്‍ പറ്റിയ സമയമാണിത്. തെങ്ങിന്റെ മണ്ടവൃത്തിയാക്കുന്ന അവസരങ്ങളില്‍ കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കുന്നതിനായി മണലും ഉപ്പും കലര്‍ത്തി ഇടണം. കൊമ്പന്‍ ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാന്‍ മെറ്റാറൈസിയം കള്‍ച്ചര്‍ വളക്കുഴികളില്‍ ഒരു ക്യൂബിക്കടിക്ക് 80 മില്ലി ലിറ്റര്‍ എന്ന തോതില്‍ ചേര്‍ത്തു കൊടുക്കണം. പൂങ്കുലചാഴിയെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനികളായ നിംബിസിഡിന്‍, നീമസാള്‍ തുടങ്ങിയവ നാല് മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കുന്നതും ഫലപ്രദമാണ്. ആക്രമണം രൂക്ഷമാണെങ്കില്‍ മണ്ടവൃത്തിയാക്കിയശേഷം കാര്‍ബാറില്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി പുതിയ പൂങ്കുലയൊഴിച്ച് രണ്ട് മുതല്‍ ഏഴു മാസം വരെ പ്രായമായ മച്ചിങ്ങയില്‍ തളിക്കുക. തവാരണയില്‍ പാകി ആറു മാസത്തിനകം മുളക്കാത്ത വിത്തു തേങ്ങ നീക്കം ചെയ്യുക. സെപ്റ്റംബര്‍ മാസത്തില്‍ വളപ്രയോഗം നടത്താത്ത തോട്ടത്തില്‍ വളപ്രയോഗം നടത്തുക.

കൂമ്പുചീയലിനുള്ള സാധ്യത കൂടുതലുള്ള സമയമാണ്. രോഗം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മഴക്കാലാരംഭത്തില്‍ തന്നെ അന്തര്‍വ്യാപനശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അകോമിന്‍ 40) എന്ന കുമിള്‍നാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കില്‍ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മില്ലിലിറ്റര്‍ അക്കോമിന്‍ 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളില്‍ മഴയില്ലാത്ത ദിവസങ്ങളില്‍ ഒഴിക്കണം. കൂമ്പുചീയല്‍ ബാധിച്ച തെങ്ങുകളില്‍ കേടുവന്ന ഭാഗം വെട്ടിമാറ്റി ബോര്‍ഡോ കുഴമ്പ് തേക്കുക.

തീരപ്രദേശങ്ങളിലും മണല്‍ പ്രദേശങ്ങളിലും മഴയ്ക്കു മുമ്പ് മണ്ണ് കൂന കൂട്ടാവുന്നതാണ്. ഇത് കളശല്യം കുറയ്ക്കാനും കൂടുതല്‍ ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങാനും സഹായിക്കും.

കമുകിന് കൊത്തുകിള

കളനിയന്ത്രണത്തിനും തുലാമഴ മണ്ണിലേക്കിറക്കുന്നതിനും കൊത്തുകിള നടത്തുക. സെപ്റ്റംബറില്‍ വളപ്രയോഗം നടത്തിയില്ലെങ്കില്‍ കവുങ്ങിനു ചുറ്റും 0.75-1.0 മീറ്റര്‍ അകലത്തില്‍ 15-20 സെന്റീമീറ്റര്‍ ആഴത്തില്‍ എടുത്ത തടങ്ങളില്‍ വളപ്രയോഗം നടത്തണം. വേരുപടലം മുകളില്‍ കാണുന്നുണ്ടെങ്കില്‍ മണ്ണിട്ടു കൊടുക്കുക. വേപ്പിന്‍പിണ്ണാക്ക് രണ്ടു കിലോഗ്രാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാം.

കുരുമുളകിന്റെ മാതൃവള്ളികള്‍ ശേഖരിക്കാം

നടീല്‍ വസ്തുക്കള്‍ ശേഖരിക്കുന്നതിനായുള്ള മാതൃവള്ളികള്‍ തെരഞ്ഞെടുക്കുക. ഇളം കൊടികള്‍ക്ക് തണല്‍ ക്രമീകരിച്ചു നല്‍കുക. കളനിയന്ത്രണവും പുതയീടിലും നടത്തണം. പൊള്ളുവണ്ടിന്റെ ശല്യം കാണുന്ന പ്രദേശങ്ങളില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുക.

ഇഞ്ചിക്കും മഞ്ഞളിനും , മണ്ണുകൂട്ടി കൊടുക്കാം

നല്ല വിളവ് ലഭിക്കുന്നതിനായി കളയെടുപ്പും മണ്ണുകൂട്ടി കൊടുക്കലും തുടരാം. വിത്തെടുക്കുന്നതിനായി രോഗരഹിതവും ആരോഗ്യവുമുള്ള ചെടികള്‍ നില്‍ക്കുന്ന തടങ്ങള്‍ തെരഞ്ഞെടുക്കുക. ഇഞ്ചിയുടെ മൂടുചീയല്‍ കണ്ടാല്‍ അവ പിഴുതുമാറ്റി ബോര്‍ഡോമിശ്രിതം ഒഴിച്ചു കൊടുക്കുക. മഞ്ഞളിന്റെ രോഗങ്ങള്‍ക്കെതിരേയും ബോര്‍ഡോമിശ്രിതം ഫലപ്രദമാണ്.

ഏലത്തിന്റെ വിളവെടുപ്പു കാലം

ഏലത്തിന്റെ വിളവെടുപ്പു കാലമാണ്. പറിച്ചെടുത്ത കായ്കള്‍ നന്നായി ഉണക്കി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക.

നേന്ത്രനു നനയ്ക്കാം

നേന്ത്രനില്‍ നന തുടരാം. കീടരോഗബാധയില്ലാത്ത നല്ല കുല തരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വിളവെടുത്ത് 10 ദിവസത്തിനുള്ളില്‍ കന്നുകളിളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാന്‍ സഹായിക്കും. കന്നുകളുടെ മുകള്‍ഭാഗം 15-20 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചു നീക്കണം. ചാണകവെള്ളവും ചാരവും കലര്‍ന്ന ലായനിയില്‍ വാഴക്കന്നുകള്‍ നന്നായി മുക്കിയശേഷം മൂന്നുനാലു ദിവസം വെയില്‍ നേരിട്ട് തട്ടാത്തവിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലില്‍ത്തന്നെ ഉണക്കി നടാനുപയോഗിക്കാം. വാഴക്കന്നുകള്‍ക്ക് നിമാവിരശല്യം വരാതിരിക്കാന്‍ ചെറിയ ചൂടുവെള്ളത്തില്‍ (വെള്ളം തിളപ്പിച്ച് അത്രയും അളവ് തണുത്ത വെള്ളം ചേര്‍ത്തെടുക്കണം) കന്നുകള്‍ 20 മിനിറ്റ് ഇട്ടുവയ്ക്കണം. നടുന്നതിന് മുമ്പ് വാഴക്കന്നുകള്‍ രണ്ടുശതമാനം വീര്യമുള്ള (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്യൂഡോമോണസ് ഫ്‌ളൂറസന്‍സ് ലായനിയില്‍ മുക്കിവയ്ക്കണം. 50 സെന്റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ കാല്‍ മുതല്‍ അര കിലോഗ്രാം വരെ കുമ്മായം ചേര്‍ത്ത് പരുവപ്പെടുത്തണം. അടിവളമായി 10 കിലോഗ്രാം കാലിവളമോ മണ്ണിരകമ്പോസ്റ്റോ, ഒരു കിലോ വേപ്പിന്‍ പിണ്ണാക്കോ ചേര്‍ക്കണം. ജൈവവളത്തിന്റെ കൂടെ ട്രൈക്കോഡര്‍മ ചേര്‍ക്കുന്നതും നന്ന്. വരികളും ചെടികളും തമ്മില്‍ രണ്ടു മീറ്റര്‍ ഇടയകലം നല്‍കണം. ജീവാണുവളമായ പിജിപിആര്‍ മിശ്രിതം 50 ഗ്രാം ഒരു ചുവട്ടില്‍ ചേര്‍ക്കുന്നതും നല്ലതാണ്. (ഫോണ്‍- 9495301905)

ഇടവിളയായി ചീര, വെള്ളരി, പയര്‍, മുളക്

വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, വെള്ളരി, പയര്‍, മുളക് നടാം. വാഴക്കന്ന് നട്ടതിനുശേഷം പച്ചിലവളച്ചെടികളായ ചണമ്പ്, ഡെയിഞ്ച, വന്‍പയര്‍ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാമെന്ന തോതില്‍ വിതയ്ക്കാം. നടുന്ന സമയം 90 ഗ്രാം യൂറിയ, 325 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. നട്ട് ഒരു മാസം കഴിഞ്ഞവയ്ക്ക് ഇവ 65 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്ന തോതില്‍ ചേര്‍ക്കണം.

പച്ചക്കറി വിത്തുപാകാം

പച്ചക്കറി വിത്തുപാകലും പറിച്ചു നടീലും തുടരാം. സെപ്റ്റംബറില്‍ നട്ട പച്ചക്കറികള്‍ക്ക് ആവശ്യമായ വളപ്രയോഗവും ജൈവകീടരോഗനിയന്ത്രണമാര്‍ഗങ്ങളും നടത്തുക.

പൂന്തോട്ടത്തില്‍

വാര്‍ഷിക പുഷ്പവിളകളുടെ വിത്തുമുളപ്പിക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ സമയമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ