തിരുവനന്തപുരം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിൽ വെള്ളം കിട്ടാതെ കർഷകർ വലയുകയാണ്. ഇരുന്നൂറോളം ഏക്കറിലുള്ള കൃഷിയാണ് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുന്നത്. നെയ്യാർ ഇറിഗേഷൻ കനാൽ വഴിയുള്ള ജലസേചനം നിലച്ചതാണ് കാരണം. അറ്റകുറ്റപ്പണിയുടെ പേരിൽ രണ്ട് വർഷം മുൻപ് ഇറിഗേഷൻ കനാൽ അടച്ചു. വായ്‌പ എടുത്തും പാട്ടമെടുത്തുമിറക്കിയ കൃഷിയാണ് വിളവെടുപ്പ് എത്തുന്നതിന് മുൻപേ നശിച്ചത്. പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തിരുന്നാലാണ് കർഷകർക്ക് കൃഷിയിടത്തിലേക്ക് അല്പം വെള്ളം ലഭിക്കുക.
മഴക്കാലത്ത് ലഭിക്കുന്ന വെള്ളമാണ് കൃഷിക്ക് വേണ്ടി ഇവിടെയുള്ളവരുടെ മറ്റൊരു സ്രോതസ്സ്. 60 വർഷം പഴക്കമുള്ള പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് കുടിവെള്ളത്തിനും, കൃഷിക്കുമായി ജനങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ, പമ്പ് ഹൗസിന്റെ അവസ്ഥയും ശോചനീയമാണ്. യാതൊരു ശുദ്ധീകരണ സജ്ജീകരണങ്ങളും ഇവിടെയില്ല. ആകെയുള്ള വെള്ളത്തിന്റെ അളവും തീരെ കുറവാണ്. ഇറിഗേഷൻ കനാൽ വഴി വെള്ളമെത്തുന്നത് തടസപ്പെട്ടതോടെ ചെറു തോടുകളും കൈവഴികളും വറ്റിവരളാൻ തുടങ്ങി.
നീരുറവകൾ വറ്റിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കഴിഞ്ഞ 30 ദിവസമായി വെള്ളമെത്താത്ത വീടുകളും ഇവിടെയുണ്ട്. കനത്ത വേനലിൽ കിണറുകളെല്ലാം വറ്റി വരണ്ടു. പരാതികളുമായി പഞ്ചായത്തുകളിലെ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല. ജീവിതം പൂർണമായും വഴി മുട്ടുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിസഹായരാണ് ഇവിടത്തെ കർഷകർ.