AGRICULTURE

ഭാരതരത്‌നയ്ക്കും തടുക്കാനായില്ല; ഡല്‍ഹിയിലേക്ക് വീണ്ടും ട്രാക്ടറുകള്‍ ഉരുളുന്നത് എന്തിന്?

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ആളിക്കത്തിയ കര്‍ഷകരോഷം വീണ്ടും ഡല്‍ഹിയുടെ മണ്ണിനെ സമരച്ചൂടിലാക്കുകയാണ്. കര്‍ഷക സമരത്തിന്റെ തുടര്‍ച്ചയായാണ് കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്.

ഡോ ജോസ് ജോസഫ്

മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ആളിക്കത്തിയ കര്‍ഷകരോക്ഷം വീണ്ടും ഡല്‍ഹിയുടെ മണ്ണിനെ സമരച്ചൂടിലാക്കുകയാണ്. 2020-21 ല്‍ 13 മാസം നീണ്ട ഐതിഹാസിക കര്‍ഷക സമരത്തിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്. 2021 നവംബറില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

വര്‍ഷങ്ങളായി കൃഷിയില്‍ നിന്നുള്ള വരുമാനം കൂടുന്നില്ല. മാത്രമല്ല കാര്‍ഷിക, കാര്‍ഷികേതര വരുമാനങ്ങള്‍ തമ്മിലുള്ള അന്തരം മൂന്നു പതിറ്റാണ്ടിനിടയില്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പെരുകി. താങ്ങുവിലയില്‍ ന്യായമായ വര്‍ധനവില്ലാത്തതിനാല്‍ കര്‍ഷകരുടെ വരുമാനം ഇടിയുകയാണ്

ഭാരതരത്‌ന തുണച്ചില്ല

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (രാഷ്ട്രീയേതര വിഭാഗം) നേതൃത്വത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിനു നല്‍കിയ ഭാരതരത്‌ന പുരസ്‌കാരവും അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ജയന്ത് ചൗധരിയുടെ എന്‍ഡിഎ മുന്നണിയിലേക്കുള്ള കൂടുമാറ്റവും ഉത്തരേന്ത്യന്‍ കര്‍ഷകരെ തിരഞ്ഞെടുപ്പു കാലത്ത് അനുനയിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ആ പ്രതീക്ഷയെ തകിടം മറിക്കുന്നതാണ് രണ്ടാം കര്‍ഷക സമരം. ആദ്യസമരത്തില്‍ പങ്കെടുത്ത എല്ലാ കര്‍ഷക സംഘടനകളും രണ്ടാം സമരത്തില്‍ ഇല്ല. എങ്കിലും തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് നിസാരമായി തള്ളിക്കളയാനാവില്ല. സമരമുഖത്തുള്ള കര്‍ഷകരെ ക്രിമിനലുകളെപ്പോലെ നേരിടുന്നതിനെതിരെ ഭാരതരത്‌ന ഡോ. എം.എസ് സ്വാമിനാഥന്റെ പുത്രി ഡോ. മഥുര സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഒരു ഡസനോളം ആവശ്യങ്ങള്‍

ആദ്യ സമര കാലത്ത് ഉയര്‍ത്തിയിരുന്ന ഒരു ഡസനോളം ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ചു കൊണ്ടാണ് രണ്ടാം കര്‍ഷക സമരം.

1. എംഎസ്പി: കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന കുറഞ്ഞ താങ്ങുവിലയ്ക്ക് (മിനിമം സപ്പോര്‍ട്ട് പ്രൈസ് എംഎസ്പി) നിയമപരമായ ഗ്യാരന്റി നല്‍കണം എന്നതാണ് കര്‍ഷകരുടെ ആദ്യത്തെ ആവശ്യം. എംഎസ്പി നല്‍കാന്‍ ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ മുന്നോട്ടു വെച്ച ശിപാര്‍ശ അംഗീകരിക്കണം.

2.കേസുകള്‍ പിന്‍വലിക്കണം: 2020- 21 ലെ കര്‍ഷക സമരകാലത്ത് കര്‍ഷകര്‍ക്കെതിരേ ഒന്നര ലക്ഷത്തോളം കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നു. ഈ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം.

3. ഇരകള്‍ക്ക് നീതി :- ലഖിംപുര്‍ ഖേരി സംഭവത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.

4. ഇറക്കുമതി തീരുവ:- കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുകയും ഇവ വര്‍ധിപ്പിക്കുകയും വേണം. ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) നിന്നും പുറത്തുവരണം.

5. കടം എഴുതിത്തള്ളണം :- രാജ്യമൊട്ടാകെയുള്ള കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളണമെന്നതും സമരം ചെയ്യുന്ന കര്‍ഷകരുടെ ഡിമാന്‍ഡാണ്.

6. വൈദ്യുതി ഭേദഗതി നിയമം :- 2023 ലെ വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കണം. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കണം.

7. ഭൂമി ഏറ്റെടുക്കല്‍ :- 2013 നു മുമ്പുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരുജ്ജീവിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

8. പ്രതിമാസ പെന്‍ഷന്‍ :- 60 വയസ് തികഞ്ഞ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷയുടെ ഭാഗമായി 10000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കണം.

എംഎസ്പിയും വാദപ്രതിവാദങ്ങളും

ഉത്പാദനച്ചെലവിലും താഴെ വില: എംഎസ്പി ആവശ്യത്തിനു പിന്നിലെന്ത്?

കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കിക്കൊണ്ട് കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന വിളകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏറ്റവും കുറഞ്ഞ താങ്ങുവിലയാണ് മിനിമം സപ്പോര്‍ട്ട് പ്രൈസ് അഥവാ എംഎസ്പി. വര്‍ഷങ്ങളായി കൃഷിയില്‍ നിന്നുള്ള വരുമാനം കൂടുന്നില്ല. മാത്രമല്ല കാര്‍ഷിക, കാര്‍ഷികേതര വരുമാനങ്ങള്‍ തമ്മിലുള്ള അന്തരം മൂന്നു പതിറ്റാണ്ടിനിടയില്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പെരുകി. താങ്ങുവിലയില്‍ ന്യായമായ വര്‍ധനവില്ലാത്തതിനാല്‍ കര്‍ഷകരുടെ വരുമാനം ഇടിയുകയാണ്. 2003-04 നും 2012-13 നും ഇടയില്‍ എംഎസ്പി യില്‍ പ്രതിവര്‍ഷം 8-9 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ 2013-14 നും 2023-24 നും ഇടയില്‍ ഇത് അഞ്ചു ശതമാനം മാത്രമാണ് കൂടിയത്. കുതിച്ചുയര്‍ന്ന കൃഷിച്ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ എംഎസ്പി വര്‍ധനവ് നാമമാത്രമാണ്. കര്‍ഷകര്‍ക്ക് അവരുടെ ചെലവിന്റെയും അധ്വാനത്തിന്റെയും പ്രതിഫലമെങ്കിലും വിലയായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ പറയുന്നത്. എല്ലാക്കാലത്തും ഉത്പാദനച്ചെലവിലും താഴ്ന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിച്ച് നഷ്ടം സഹിക്കണമെന്ന് കര്‍ഷകരോട് എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. ഇതിന് നിയമ പരിരക്ഷ വേണമെന്നതാണ് മാര്‍ച്ച് നടത്തുന്ന കര്‍ഷക സംഘടനകളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസസ് (സിഎസിപി) ഓരോ വര്‍ഷവും കൃഷിച്ചെലവിന്റെ അടിസ്ഥാനത്തിലാണ് എംഎസ്പി പ്രഖ്യാപിക്കുന്നത്

എംഎസ്പിയുടെ നിലവിലെ സ്ഥിതി

23 വിളകള്‍ക്കാണ് രാജ്യത്തിപ്പോള്‍ കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സര്‍ക്കാര്‍ ഓരോ വര്‍ഷവും പുതുക്കി നിശ്ചയിക്കും. ഏഴു ധാന്യങ്ങള്‍, അഞ്ച് പയറു വര്‍ഗങ്ങള്‍, ഏഴ് എണ്ണക്കുരുക്കള്‍, നാല് വാണിജ്യ വിളകള്‍ (കരിമ്പ്, പരുത്തി, കൊപ്ര, ചണം) എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഓരോ വര്‍ഷവും താങ്ങുവില പ്രഖ്യാപിക്കാറുള്ളത്. ഇതില്‍ തന്നെ എംഎസ്പി നല്‍കി ഏറ്റവും കാര്യക്ഷമമായി സംഭരണം നടത്തുന്നത് നെല്ല്, ഗോതമ്പ് എന്നീ വിളകളാണ്. മറ്റ് വിളകളില്‍ എംഎസ്പി നല്‍കിയുള്ള സംഭരണം പരിമിതമാണ്. പഞ്ചാബ്, ഹരിയാന, വടക്കു പടിഞ്ഞാറന്‍ യു പി എന്നിവിടങ്ങളിലെ കര്‍ഷകരാണ് എം എസ്പി നല്‍കിയുള്ള നെല്ല്, ഗോതമ്പ് സംഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്തുന്നതിനും ആവശ്യമായ നെല്ലും ഗോതമ്പും ഓരോ വര്‍ഷവും സര്‍ക്കാര്‍ എംഎസ്പി നിരക്കില്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നു.

നിയമ സാധുതയില്ലാത്ത എംഎസ്പി

ആരാണ് നിശ്ചയിക്കുന്നത്?

കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസസ് (സിഎസിപി) ഓരോ വര്‍ഷവും കൃഷിച്ചെലവിന്റെ അടിസ്ഥാനത്തിലാണ് എംഎസ്പി പ്രഖ്യാപിക്കുന്നത്. സിഎസിപി നിയമ സാധുതയുള്ള ഒരു സമിതിയല്ല. ഇവര്‍ പ്രഖ്യാപിക്കുന്ന താങ്ങു വിലയ്ക്കും നിയമ സാധുതയില്ല. മൂന്നു രീതികളിലാണ് സിഎസിപി കുറഞ്ഞ താങ്ങുവില കണക്കാക്കുന്നത്. ഇതില്‍ ആദ്യത്തേത് എ-2 രീതിയാണ്. ഇതില്‍ വിത്ത്, വളം, കീടനാശിനി തുടങ്ങിയ നിവേശക വസ്തുക്കള്‍ക്കും പാട്ടത്തുക, തൊഴിലാളികളുടെ കൂലി, യന്ത്രങ്ങള്‍, ഇന്ധനം തുടങ്ങിയവയ്ക്കുമുള്ള ചെലവ് കണക്കാക്കി എം എസ് പി നിശ്ചയിക്കുന്നു.

രണ്ടാമത്തേത് എ2 + എഫ്എല്‍ രീതിയാണ്. എ 2 രീതിയിലെ ചെലവുകളുടെ കൂടെ കുടുംബാംഗങ്ങളെടുത്ത തൊഴിലിന്റെ മൂല്യം കൂടി കൂട്ടുന്നതാണിത്.

സര്‍ക്കാര്‍ അവകാശവും യാഥാര്‍ഥ്യവും

മൂന്നാമത്തേത് സമഗ്രമായ കൃഷിച്ചെലവ് കണക്കാക്കുന്ന സി 2 രീതിയാണ്. എ 2+ എഫ് എല്‍ ചെലവുകള്‍ക്കു പുറമെ സ്വന്തമായുള്ള കൃഷിഭൂമിയുടെ വാടക, സ്ഥിര ആസ്ഥികളുടെ പലിശ തുടങ്ങിയവയും കൂടി ഉള്‍പ്പെടുന്നതാണ് സി 2. കേന്ദ്ര സര്‍ക്കാര്‍ കൃഷിച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേര്‍ന്ന തുക കുറഞ്ഞ താങ്ങുവിലയായി നല്‍കുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ എ2 + എഫ് എല്‍ രീതിയില്‍ കൃഷിച്ചെലവ് കണക്കാക്കിയാണ് ഇത് നല്‍കുന്നത്.

എം എസ് സ്വാമിനാഥന്റെ ശിപാര്‍ശ

കര്‍ഷകര്‍ക്ക് സമഗ്രമായ സി 2 ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേര്‍ന്ന തുക എംഎസ്പിയായി നിശ്ചയിക്കണമെന്നായിരുന്നു ഭാരതരത്‌ന ഡോ എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനായ ദേശീയ കര്‍ഷക കമ്മീഷന്റെ ശുപാര്‍ശ. എല്ലാ വിളകള്‍ക്കും എംഎസ്പി നല്‍കാന്‍ നിയമപരമായ പരിരക്ഷ നല്‍കണമെന്നും അത് ഡോ.സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം നല്‍കണമെന്നുമാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ആരംഭം മുതലേ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നത്. എംഎസ്പിക്ക് നിയമപരമായ പരിരക്ഷ നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പു കൂടി കണക്കിലെടുത്തായിരുന്നു ആദ്യ കര്‍ഷകപ്രക്ഷോഭം കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചത്.

ഡോ. എംഎസ് സ്വാമിനാഥന്‍ അധ്യക്ഷനായ ദേശീയ കര്‍ഷക കമ്മീഷന്‍ 2004 നും 2006നും ഇടയില്‍ കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി അഞ്ച് റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ഡോ. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അതെപടി അംഗീകരിക്കണമെന്ന് രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്റെ സുപ്രധാന ശുപാര്‍ശകളിലൊന്നാണ് എംഎസ്പി നല്‍കുന്നത് സി 2 + 50 ശതമാനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നത്. 2007 ല്‍ ഡോ. സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്മെന്റ് ദേശീയ കര്‍ഷക നയത്തിന് അന്തിമ രൂപം നല്‍കി. എന്നാല്‍ എംഎസ്പി സംബന്ധിച്ച് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ നയത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തയാറായില്ല.

യോഗം ചേര്‍ന്നത് 37 തവണ: ഒന്നും സംഭവിച്ചില്ല

2022 ജൂലൈ 12ന് മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി എംഎസ് പി പരിഷ്‌ക്കാരത്തിന് ഒരു കമ്മിറ്റിയെ നിയമിച്ചു. മുന്‍ കേന്ദ്ര കൃഷി വകുപ്പു സെക്രട്ടറി സജ്ഞയ് അഗര്‍വാളായിരുന്നു കമ്മിറ്റി അധ്യക്ഷന്‍. എംഎസ്പി സമ്പ്രദായം എങ്ങനെ കാര്യക്ഷമമായി പരിഷ്‌ക്കരിക്കാമെന്നും പ്രകൃതി കൃഷി എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും പരിശോധിക്കാനായിരുന്നു കേന്ദ്രം കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. എംഎസ്പിക്ക് നിയമ പരിരക്ഷ നല്‍കുന്നത് കമ്മിറ്റിയുടെ പരിഗണനാ വിഷയമായില്ല. സമിതിയില്‍ വിവാദ കര്‍ഷക നിയമങ്ങളെ പിന്തുണക്കുന്നവരെ കുത്തി നിറച്ചത് വിവാദത്തിനു വഴിവച്ചു. സംയുക്ത കര്‍ഷക സമിതി പ്രതിനിധികളെ ഇതില്‍ ഉള്‍പ്പെടുത്തിയുമില്ല. കഴിഞ്ഞ 14 മാസത്തിനിടയില്‍ എംഎസ്പി കമ്മളറ്റി 37 തവണ യോഗം ചേര്‍ന്നു. ചര്‍ച്ച നടത്തി പിരിഞ്ഞതല്ലാതെ ഒരു ശുപാര്‍ശയും നല്‍കിയില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് കമ്മളറ്റി ഇനി റിപ്പോര്‍ട്ട് നല്‍കില്ലെന്നുറപ്പാണ്. മറ്റാരു കമ്മളറ്റിയെ നിയമിച്ച് തീരുമാനം വീണ്ടും വൈകിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതും സമരരംഗത്തുള്ള കര്‍ഷക സംഘടനകളെ പ്രകോപിച്ചിട്ടുണ്ട്.

രാജ്യത്തെ തീറ്റിപ്പോറ്റാന്‍ ലാഭവും നഷ്ടവും നോക്കാതെ പകലന്തിയോളം പണിയെടുക്കുന്ന അന്നദാതാക്കള്‍ക്ക് ബജറ്റ് പ്രസംഗങ്ങളിലെയും നയപ്രഖ്യാപനങ്ങളിലെയും ഭംഗിവാക്കുകളുടെ തലോടല്‍ മാത്രം മതിയാകില്ല

ഉദ്യോഗസ്ഥ എതിര്‍പ്പില്‍ നിഷ്പ്രഭമായ എംഎസ്പി

എംഎസ്പിക്ക് നിയമ പരിരക്ഷ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരില്‍ ഒരു പ്രബല വിഭാഗവും സ്വതന്ത്ര കാര്‍ഷിക വിപണിയെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധരും എതിരാണ്. ഇപ്പോള്‍ എംഎസ്പി നല്‍കി സംഭരിക്കുന്ന 23 വിളകളിലും ഇത് നടപ്പാക്കണമെങ്കില്‍ ഒരു വര്‍ഷം 10 ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് അവരുടെ വാദം. കര്‍ഷകരുടെ തുച്ഛമായ വായ്പ പോലും എഴുതിത്തള്ളാന്‍ പണമില്ലെന്നു വാദിക്കുന്ന മോദി സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 14.5 ലക്ഷം കോടി രൂപയുടെ കടമാണ് ഇതുവരെ എഴുതിത്തള്ളിയതെന്ന കര്‍ഷക വാദത്തിനും കേന്ദ്രം മറുപടി പറയേണ്ടി വരും.

ആഭ്യന്തര വിപണിയിലെയും വിദേശ വിപണിയിലെയും വില എംഎസ്പിയെക്കാള്‍ താഴെയായിരിക്കുമെന്നതിനാല്‍ ഉയര്‍ന്ന വില നല്‍കിയുള്ള സംഭരണം വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ വാദം. ഇത് കേന്ദ്ര ബജറ്റിനെയും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെയും തകിടം മറിക്കും. ആഭ്യന്തര വിപണിയില്‍ മാത്രം കാര്‍ഷികോത്പന്നങ്ങളുടെ വില 20- 30 ശതമാനം ഉയരും. പുതിയതായി സംഭരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വളരെയേറെ പണം ചെലവഴിക്കേണ്ടി വരും. രാജ്യത്തെ വിള സമ്പ്രദായങ്ങള്‍ മാറി മറിയും. കാര്‍ഷികോത്്പന്നങ്ങളുടെ കയറ്റുമതിയില്‍ രാജ്യത്തിന്റെ മത്സരക്ഷമത തകരുമെന്നും ഉദ്യോഗസ്ഥ ലോബി വാദിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്പനങ്ങള്‍ മുഴുവന്‍ കുറഞ്ഞ താങ്ങുവിലക്ക് വാങ്ങി സംഭരിക്കണമെന്നതല്ല കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയിലും കുറഞ്ഞ വിലക്ക് കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നത് കുറ്റകരമാക്കി നിയമ പരിരക്ഷ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഗ്യാരന്റി നിയമപരമായി ഉറപ്പാക്കിയാല്‍ സര്‍ക്കാര്‍ അസംഖ്യം കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങുമെന്ന് എതിര്‍പക്ഷത്തുള്ളൗര്‍ പറയുന്നു.

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ 2014 മുതലുള്ള എട്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 100474 കര്‍ഷകരും കര്‍ഷക തൊഴിലാളികളും കടക്കെണിയില്‍ കുരുങ്ങി ആത്മഹത്യ ചെയ്തു. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016ല്‍ പ്രധാനമന്ത്രി രാജ്യത്തിനു നല്‍കിയ വാഗ്ദാനം. ഇതു സാധിക്കണമെങ്കില്‍ കാര്‍ഷിക മേഖല പ്രതിവര്‍ഷം 10 ശതമാനത്തില്‍ കൂടുതല്‍ വളരണമായിരുന്നു

രാജ്യത്തെ 50 ശതമാനം കര്‍ഷക കുടുംബങ്ങളും കടക്കെണിയില്‍

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ 2019 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 50 ശതമാനം കര്‍ഷക കുടുംബങ്ങളും കടക്കെണിയിലാണ്. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ 2014 മുതലുള്ള എട്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 100474 കര്‍ഷകരും കര്‍ഷക തൊഴിലാളികളും കടക്കെണിയില്‍ കുരുങ്ങി ആത്മഹത്യ ചെയ്തു. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016ല്‍ പ്രധാനമന്ത്രി രാജ്യത്തിനു നല്‍കിയ വാഗ്ദാനം. ഇതു സാധിക്കണമെങ്കില്‍ കാര്‍ഷിക മേഖല പ്രതിവര്‍ഷം 10 ശതമാനത്തില്‍ കൂടുതല്‍ വളരണമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് നാലു ശതമാനത്തില്‍ താഴെയായിരുന്നു കാര്‍ഷിക വളര്‍ച്ച. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഉത്പാദനച്ചെലവിലെ കുതിച്ചു കയറ്റവും കാരണം കര്‍ഷകരുടെ യഥാര്‍ത്ഥ വരുമാനം ഇടിഞ്ഞു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടം രാജ്യവ്യാപകമായി എഴുതിത്തള്ളമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നാമമാത്രമായ വായ്പ തുക തിരിച്ചടക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുകയാണ്. ആദ്യ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനോ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

രാജ്യത്തെ തീറ്റിപ്പോറ്റാന്‍ ലാഭവും നഷ്ടവും നോക്കാതെ പകലന്തിയോളം പണിയെടുക്കുന്ന അന്നദാതാക്കള്‍ക്ക് ബജറ്റ് പ്രസംഗങ്ങളിലെയും നയപ്രഖ്യാപനങ്ങളിലെയും ഭംഗിവാക്കുകളുടെ തലോടല്‍ മാത്രം പോര. കോര്‍പ്പറേറ്റുകള്‍ക്കു നിര്‍ല്ലോഭം വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും അര്‍ഹമായ വിഹിതം കര്‍ഷകര്‍ക്കും നല്‍കാന്‍ തയാറാകണം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍