കൃഷിയുടെ ചരിത്രം തുടങ്ങുന്നതുതന്നെ കായ്കനികള്‍ ഭക്ഷിച്ചു ജീവിച്ച മനുഷ്യനില്‍നിന്നാണ്. അങ്ങനെ മനുഷ്യന്‍ ഭക്ഷിച്ചവ പിന്നീട് കൃഷിചെയ്യാന്‍ തുടങ്ങി എന്നുവേണം കരുതാന്‍. ഒരുലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ മനുഷ്യന്‍ കായ്കനികള്‍ ഭക്ഷിക്കാന്‍ തുടങ്ങിയെന്നു കരുതുന്നു.
വിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങുന്നതിനും മുമ്പേ മനുഷ്യന്‍ മൃഗപരിപാലനം തുടങ്ങിയിരുന്നു. ആദ്യം നായയേയും പിന്നീട് ചെമ്മരിയാടിനെയും ഇണക്കിവളര്‍ത്തിയ മനുഷ്യന്‍ഏതാണ്ട് ഇതേ കാലയളവില്‍തന്നെ അതായത് ഒരു പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ കൃഷിയില്‍ പിച്ചവച്ചു തുടങ്ങി. മധ്യപൂര്‍വ ഏഷ്യയില്‍ ക്രിസ്തുവിന് 7500 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഗോതമ്പ്, ബാര്‍ലി എന്നിവ കൃഷിചെയ്തിരുന്നു. സിന്ധു നദീതട സംസ്‌കാരത്തില്‍ ബിസി 2300 ല്‍ ബാര്‍ലി, ഗോതമ്പ്, പയര്‍, പരുത്തി എന്നിവ വളര്‍ത്തിയിരുന്നു.
കൃഷി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ് അന്നും ഇന്നും. അതിനാല്‍ കാലാവസ്ഥയെക്കുറിച്ച് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അന്നു മുതലേ അറിവുകള്‍ ശേഖരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന ഇക്കാലത്ത് അതിനനുസരിച്ചുള്ള പഠനങ്ങള്‍ ഉണ്ടാകുകയും കൃഷി ക്രമീകരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ നമ്മുടെ അന്നം മുടങ്ങാതിരിക്കൂ.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന ഇക്കാലത്ത് അതിനനുസരിച്ചുള്ള പഠനങ്ങള്‍ ഉണ്ടാകുകയും കൃഷി ക്രമീകരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ നമ്മുടെ അന്നം മുടങ്ങാതിരിക്കൂ.
മൂന്നു ഞാറ്റുവേലകളാണ് ജനുവരിയിലുള്ളത്. ഡിസംബര്‍ 29 നു തുടങ്ങി ജനുവരി 11 അവസാനിക്കുന്ന പൂരാടമാണ് ഇതില്‍ ഒന്നാമത്തേത്. ധനു 13 മുതല്‍ 26 വരെ നീളുന്ന ഈ ഞാറ്റുവേലയില്‍ വിരിപ്പുനെല്‍കൃഷി ചെയ്യുന്ന പാടങ്ങളില്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നടേണ്ട സമയമാണ്. ജലലഭ്യത ഉറപ്പാക്കിയാല്‍ ഇവ നന്നായി വിളയും. അടുക്കളത്തോട്ടങ്ങളിലും കൃഷിയിറക്കാം. ഗ്രോബാഗില്‍ മട്ടുപ്പാവിലും പറമ്പിലുമെല്ലാം നല്ല അസലായി പച്ചക്കറികള്‍ വിളയും. രാവിലത്തെ ചെറിയതണുപ്പും മഴയില്ലാത്ത അന്തരീക്ഷവും പകലത്തെ ചൂടുമെല്ലാം ഇഷ്ടപ്പെടുന്ന വിളയാണ് ചീര. കോവല്‍, മുളക്, വഴുതന, പാവല്‍, പടവലം എന്നിവയെല്ലാം നന്നായി ഫലം തരും. രാത്രികാലങ്ങളില്‍ തണുപ്പുള്ള കാലാവസ്ഥയുള്ളയിടങ്ങളില്‍ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ ശീതകാല പച്ചക്കറികളും ഈ ഞാറ്റുവേലയില്‍ നടാം. ഇവയുടെ തൈകള്‍ നട്ടാല്‍ മാര്‍ച്ചോടെ വിളവെടുക്കാം. തടമിളക്കി കുമ്മായപ്രയോഗം നടത്തി ഉണക്കച്ചാണകം അടിവളമായി നല്‍കി വിത്തിട്ടാല്‍ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ നമുക്ക് വിളയിക്കാനാകും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങള്‍ വേണം പച്ചക്കറികൃഷിക്കായി തിരഞ്ഞെടുക്കാന്‍. കൃത്യമായ ജലസേചനവും ഉറപ്പാക്കണം.
ജനുവരി 11 മുതല്‍ 24 വരെ നീളുന്ന രണ്ടാമത്തെ ഞാറ്റുവേലയാണ് ഉത്രാടം. ധനു 26 മുതല്‍ മകരം 10 വരെയുള്ള ഈ ഞാറ്റുവേലയില്‍ വേനല്‍ക്കാല പച്ചക്കറികൃഷിയുടെ ജോലികള്‍ തുടരണം. വേനല്‍ കനക്കുന്ന സമയമായതിനാല്‍ ഇലകളോ ചപ്പുചവറുകളോ ഉപയോഗിച്ച് ചെടിച്ചുവടുകളില്‍ പുതയിടുന്നത് നല്ലതാണ്. ജനുവരി 24 മുതല്‍ ഫെബ്രുവരി ഏഴുവരെയുള്ള തിരുവോണം ഞാറ്റുവേലയോടെയാണ് ജനുവരിയിലെ കാര്‍ഷിക കലണ്ടര്‍ അവസാനിക്കുന്നത്. മകരം പത്തുമുതല്‍ 24 വരെയാണ് ഈ ഞാറ്റുവേല. ഈ ഞാറ്റുവേല കഴിഞ്ഞ് വിരിപ്പുനിലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്താല്‍ വിജയിക്കില്ലെന്നാണ്. വിഷുവിനു വെള്ളരി വിളവെടുക്കണമെങ്കില്‍ മകരം 28ന് നടണമെന്നാണ് പറയുന്നത്. വിഷുവിനു ശേഷം ഇടമഴകള്‍ ഉണ്ടാകാം. മകരം 28 കഴിഞ്ഞു കൃഷിയിറക്കിയാല്‍ വിളവെടുപ്പു വെള്ളത്തിലാകുമെന്നു കരുതിയാണ് ഈ ഞാറ്റുവേലയ്ക്കുശേഷം വിരിപ്പു നിലങ്ങളില്‍ പച്ചക്കറികൃഷി ചെയ്യെരുതെന്നു പറയുന്നത്. വിത്തുതേങ്ങ സംഭരിക്കുകയും ഏത്തവാഴ നടുകയും ചെയ്യേണ്ട മാസമാണ് ഫെബ്രുവരി അതേക്കുറിച്ച് അടുത്തമാസം.