AGRICULTURE

ഒരു തടത്തില്‍ അഞ്ചിനം വിളകള്‍; 10 ഏക്കറില്‍ നിന്ന് 52 ലക്ഷം

ഒരേ തടത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇനം പച്ചക്കറികള്‍ ഒരേസമയം വിളയിക്കുകയാണ് ഇദ്ദേഹം. ഇതിലൂടെ അഞ്ചു സീസണിലായി ലഭിക്കേണ്ട വരുമാനം ഒറ്റ തവണയായി ഇദ്ദേഹത്തിന്റെ കൈകളിലെത്തുന്നു

ടോം ജോർജ്

പാലക്കാട് ജില്ലയിലെ എലവഞ്ചേരി ഒരു കാര്‍ഷിക ഗ്രാമമാണ്. ഇവിടെ കൃഷിരീതിയിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയനാകുകയാണ് കെ എന്‍ ശിവദാസന്‍ എന്ന കര്‍ഷകന്‍. ഒരേ തടത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇനം പച്ചക്കറികള്‍ ഒരേസമയം വിളയിക്കുകയാണ് ഇദ്ദേഹം. ഇതിലൂടെ അഞ്ചു സീസണിലായി ലഭിക്കേണ്ട വരുമാനം ഒറ്റ തവണയായി ഇദ്ദേഹത്തിന്റെ കൈകളിലെത്തുന്നു.

കഴിഞ്ഞ വര്‍ഷം രണ്ടു തവണയായി 10 ഏക്കറില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ നിന്നു ലഭിച്ച വരുമാനം 52 ലക്ഷം രൂപയാണ്. മനം കുളര്‍പ്പിക്കുന്ന കാഴ്ചകളാണ് ഈ കൃഷിയിടം സമ്മാനിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു സീസണിലായാണ് ഇവിടെ പച്ചക്കറി കൃഷി നടക്കുന്നത്. പാടങ്ങളില്‍ വലിയ അതിര്‍ത്തി വരമ്പുകള്‍ കോരി അതിനു നടുവിലെ വാരങ്ങളിലാണ് പച്ചക്കറി വിളയിക്കുന്നത്. ഇവയ്ക്കു നല്‍കുന്ന വളമുപയോഗിച്ച് അതിര്‍ത്തി വരമ്പിലെ തെങ്ങും കവുങ്ങും സമൃദ്ധമായി കായ്ക്കുന്നു.

കൃഷി രണ്ടു സീസണിലായി

രണ്ടു സീസണിലായാണ് എലവഞ്ചേരി മാദക്കോട്ടെ പാടത്ത് പച്ചക്കറി വിളയുന്നത്. ഏപ്രിലില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുന്നതാണ് ആദ്യ സീസണ്‍. ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീളുന്നതാണ് രണ്ടാംകൃഷി. 11 ഇനം പച്ചക്കറികളാണ് രണ്ടു സീസണിലുമായി വിളയുന്നത്. ടില്ലറുപയോഗിച്ചാണ് തടം തയാറാക്കുന്നത്. ശേഷം മണ്ണു നടുവേ മാറ്റി ആട്ടിന്‍ കാഷ്ടം, കോഴിക്കാഷ്ടം, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയിട്ട് തടം മൂടും. ഒരു വര്‍ഷത്തേക്ക് പിന്നെ അടിവള പ്രയോഗമില്ല. ശേഷം നിശ്ചിത ഇടവേളകളില്‍ 19:19, 18:18, 13:0:45 തുടങ്ങിയ വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ നല്‍കുകയാണ് പതിവ്.

കായീച്ച കെണി, മഞ്ഞ പ്ലാസ്റ്റിക്കില്‍ ആവണക്കെണ്ണ പുരട്ടി ആ എണ്ണയില്‍ പറ്റിപ്പിടിച്ച് കീടങ്ങള്‍ ചാകുന്ന മഞ്ഞകാര്‍ഡ് തുടങ്ങി ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങളാണ് തോട്ടത്തില്‍ അവലംബിക്കുന്നത്. മിത്ര ബാക്ടീരിയയായ സ്യൂഡോമോണസ് നേരിട്ട് തളിക്കുന്നത് ഒഴിവാക്കി, ഇത് തേങ്ങാവെള്ളത്തില്‍ ശര്‍ക്കര കലക്കി അതിലൊഴിച്ച് 30 ദിവസം സൂക്ഷിച്ച് വീര്യം വര്‍ധിപ്പിച്ച് പത്തിരട്ടി വെള്ളവും ചേര്‍ത്ത് ചെടികള്‍ക്കു നല്‍കുന്നു. ബാക്ടീരിയല്‍ വാട്ടം പോലുള്ള രോഗങ്ങള്‍ തടയുന്നതിനും സസ്യ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

കൃഷിയിടത്തെ പല പ്ലോട്ടുകളായി തിരിച്ച് പല വിളകളാണ് കൃഷി ചെയ്യുന്നത്. ഒരു പ്ലോട്ടില്‍ കുറ്റിപ്പയര്‍, വള്ളിപ്പയര്‍, പടവലം എന്നിവ ഒരുമിച്ച് കൃഷി ചെയ്യുന്നു. മറ്റൊന്നില്‍ പീച്ചില്‍, മത്തന്‍, കുമ്പളം, കുറ്റിപ്പയര്‍, വള്ളിപ്പയര്‍ എന്നിവ ഒന്നിച്ചു വളരുന്നു. അടുത്ത സ്ഥലത്ത് സലാഡ് കുക്കുംബര്‍, ചുരയ്ക്ക തുടങ്ങിയവ കൃഷി ചെയ്യുന്നു. ബഹുവിള കൃഷിയായതിനാല്‍ ഒന്നിന് വില കുറഞ്ഞാലും മറ്റൊന്ന് അതു പരിഹരിക്കും. ഈ കൃഷിയിടത്തിനുള്ളില്‍ തന്നെയുള്ള ഫാം ഹൗസിന്റെ രണ്ടാം നിലയില്‍ ബോയര്‍ ഇനത്തിലെ ആടിനെയും നാടന്‍ ആടുകളേയും വളര്‍ത്തുന്നു.

ഇറച്ചിക്കായിട്ടാണ് ബോയര്‍ ആടുകളെ വളര്‍ത്തുന്നത്. സാധാരണ ആടുകളേക്കാള്‍ കൂടുതല്‍ ഇറച്ചി ഇവയില്‍ നിന്നു ലഭിക്കുമെന്നതാണ് പ്രത്യേകത. മറ്റൊരു 95 സെന്റില്‍ 10 സെന്റില്‍ പഴത്തോട്ടമൊരുക്കിയിരിക്കുന്നു. 85 സെന്റിലെ കുളത്തില്‍ കാര്‍പ്പ് ഇനം മത്സ്യങ്ങളും വരാലും തിലാപ്പിയയുമെല്ലാം പച്ചക്കറിയും സിഒ ഇനത്തിലെ പുല്ലും ഭക്ഷിച്ച് ശുദ്ധ വെജിറ്റേറിയന്‍മാരായി വളരുന്നു.

പഴത്തോട്ടത്തില്‍ 10 മാസം കൊണ്ടു കായ്ച്ച വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവാണ് മുഖ്യ ഇനം. ആദ്യ കായ്പായതിനാല്‍ ചെറുപ്പത്തിലെ പറിച്ച് ഇടിഞ്ചക്കയായി ഇത് വിപണിയിലെത്തിക്കുന്നു. 10 കിലോ വരെ തൂക്കം വയ്ക്കുന്ന ഇത് പഴമാക്കിയാല്‍ ചെടിക്ക് ദോഷം വരുമോ എന്ന ചിന്തയാണ് ഇതിനു പിന്നില്‍. വിളവൈവിദ്യമൊരുക്കുന്ന കൃഷിയിടവും കൃഷി രീതിയുമെല്ലാം കാണേണ്ടതു തന്നെ.

ആശ്രയമായി സ്വാശ്രയ കര്‍ഷക വിപണി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വിഎഫ്പിസികെ)ക്കു കീഴില്‍ കര്‍ഷകര്‍ നടത്തുന്ന സ്വാശ്രയ കര്‍ഷകവിപണിയിലേക്കാണ് ഇവിടത്തെ ഉത്പന്നങ്ങള്‍ എത്തുന്നത്. വര്‍ഷം 15 കോടിയുടെ ബിസിനസ് നടക്കുന്ന വിപണിയാണിത്. സമീപ ഗ്രാമങ്ങളില്‍ കൃഷി ചെയ്താലും ഇവിടത്തെ വിപണിയിലെത്തിച്ച് വില്‍പന നടത്താം.

ശിവദാസന്‍: ഫോണ്‍- 98473 92112.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി