ഓറഞ്ചും മുസമ്പിയും മുട്ടപ്പഴവും മാങ്ങയും ചക്കയുമൊക്കെ വിളയുന്ന 500 ല്‍ അധികം ഭക്ഷ്യവനങ്ങള്‍. പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജന്മമെടുത്ത കര്‍ഷക കൂട്ടായ്മയായ ജൈവ്ഓര്‍ഗ് കേരളത്തിലങ്ങോളമിങ്ങോളം ഭക്ഷ്യവനങ്ങള്‍ എന്ന ആശയം പ്രചരിപ്പിക്കുകയാണ്. ചെറിയ സ്ഥലത്തും നിര്‍മിക്കാവുന്ന ഭക്ഷ്യവനം എന്ന ആശയം നെഞ്ചിലേറ്റിയ ഒരുപറ്റം കര്‍ഷകര്‍. അവര്‍ക്കെന്തു സഹായവും ചെയ്യാന്‍ സന്നദ്ധരായി ജൈവ് ഓര്‍ഗിന്റെ പ്രവര്‍ത്തകര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 500 ല്‍ അധികം ഭക്ഷണക്കാടുകള്‍ എന്ന നേട്ടത്തിനു പിന്നില്‍ ഇവരുടെ അധ്വാനം ചില്ലറയല്ല.
ഏറ്റെടുക്കുന്ന സ്ഥലം ആദ്യം ആളുകള്‍ക്ക് എത്തിപ്പെടാവുന്ന രീതിയില്‍, വെള്ളം സംരക്ഷിക്കുന്ന തരത്തില്‍ ചരിവുകൊടുത്ത് ലെവലാക്കുക എന്നതാണ് ആദ്യപടി. മേല്‍മണ്ണ് നഷ്ടപ്പെടുത്താതെ നിരപ്പാക്കിയ ഭൂമിയില്‍ വിവിധയിനം നാടന്‍, വിദേശി ഫലവര്‍ഗത്തൈകള്‍ നടുന്നു. പ്രത്യേകമായി തയ്യാറാക്കിയ കമ്പോസ്റ്റ് മിശ്രിതം മേല്‍മണ്ണുമായി കൂട്ടിയോജിപ്പിച്ച ശേഷമാണ് തൈകള്‍ നടുന്നത്. ജീവാണുക്കളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന കമ്പോസ്റ്റ്, ചെടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്.
പോഷകങ്ങള്‍ നല്‍കാന്‍ സസ്യങ്ങള്‍
പഴവര്‍ഗങ്ങള്‍ക്ക് തുടര്‍ വളര്‍ച്ചയില്‍ പോഷകങ്ങള്‍ നല്‍കാന്‍ ഭക്ഷ്യവനത്തിനുള്ളില്‍ അവയെ വിത്തു വിതച്ച് മുളപ്പിക്കുന്നു. പയര്‍വര്‍ഗങ്ങള്‍, ചോളം, ബന്തി തുടങ്ങിയവയെല്ലാം പഴവര്‍ഗങ്ങള്‍ക്കു ചുറ്റും കിളിര്‍പ്പിച്ച് അത് യഥാസമയങ്ങളില്‍ ഒടിച്ച് ചെടികള്‍ക്ക് വളമാക്കുന്നു. ഫുഡ് ഫോറസ്റ്റ് ഫാമിങ് എന്നത് ഒരു നിശബ്ദ കാര്‍ഷിക വിപ്ലവമാണ്. പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലെ പരിസ്ഥിതി സ്‌നേഹികളും, സംസ്ഥാന ദേശീയതലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതുമായ ഒരു കൂട്ടം കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഒരു കാര്‍ഷിക സംസ്‌കാരമാണിത്. ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, മണ്ണ്, ജല സംരക്ഷണം, ആവാസവ്യവസ്ഥ തിരിച്ചുപിടിക്കല്‍ എന്നിവയാണ് ഈ കൃഷിരീതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. രാസകീടനാശിനികളുടെ ഉപയോഗം പാടെ ഒഴിവാക്കി, മണ്ണിന്റെ നഷ്ടപ്പെട്ടുപോയ സ്വാഭാവിക ഗുണം തിരിച്ചുപിടിക്കുന്ന, പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ടുള്ള സൂക്ഷ്മാണു കൃഷിരീതിയാണിത്.
കുറഞ്ഞ കാലംകൊണ്ട്
2015 ല്‍ തുടങ്ങിയ ഈ കൃഷിരീതി കുറഞ്ഞ കാലംകൊണ്ട് ദക്ഷിണേന്ത്യയില്‍ 387 വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അനുയോജ്യമായ സമയങ്ങളില്‍ കൃഷിയിറക്കി പച്ചിലകളും നൈട്രജന്‍ സംയുക്തങ്ങളുടെ കലവറയായിട്ടുള്ള പയറുവര്‍ഗങ്ങളും എള്ള്, കടുക്, ചോളം, തുവര, ചെണ്ടുമല്ലി മുതലായ സസ്യങ്ങളെ, പ്രധാന ചെടിക്ക് ജീവനുള്ള പുതയായി നല്‍കുന്ന ലൈവ് മള്‍ച്ചിങ്ങാണ് ഇതിന്റെ പ്രധാന പ്രത്യേകത. വേനല്‍ക്കാലത്ത് കൃഷിഭൂമിയില്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കാതിരിക്കുന്നതിനും മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനും വേണ്ടി നാല്‍പ്പതോളം വൈവിധ്യമുള്ള ചെടികള്‍ കൊണ്ട് നല്‍കുന്ന ലൈവ് ഷെയ്ഡിങ്ങും ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്. രണ്ടുവര്‍ഷം കൊണ്ടുതന്നെ ഭക്ഷ്യവനത്തില്‍ നിന്ന് പഴവര്‍ഗങ്ങള്‍ കിട്ടിത്തുടങ്ങും. ഫാംടൂറിസം മാതൃകയായും ഭക്ഷ്യവനം പ്രചരിക്കുന്നുണ്ട്.
ഫോണ്‍: റെജി- 9496603761. സൂര്യപ്രകാശ്- 980975 3968, ഉദയന്‍: 97472 87141.