മഴക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ തനിയെ മുളച്ചുവരികയും നിറയെ കായ്കളുണ്ടാവുകയും ചെയ്യുന്ന ഞൊട്ടാഞൊടിയന്‍ എന്ന കാട്ടുചെടിയെ ഒരു പാഴ്ചെടിയായി മാത്രമേ നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളു. എന്നാല്‍, കട്ടപ്പനക്കാരനായ ജോസ് ജോര്‍ജിന് ഞൊട്ടാഞൊടിയന്‍ ചില്ലറക്കാരനല്ല. കിലോയ്ക്ക് 1000 മുതല്‍ 2000 രൂപ വരെ വിലകിട്ടുന്ന കാര്‍ഷിക ഉത്പന്നമാണ് ജോസിന് ഞൊട്ടാഞൊടിയന്‍.
മൊട്ടാബ്ലി, മുട്ടാംബ്‌ളിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന ഞൊട്ടാഞൊടിയന്റെ പാകമായ പഴം നാട്ടിന്‍പുറങ്ങളില്‍ കുട്ടികള്‍ നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കി കളിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഗൃഹാതുരത്വത്തോടെ ഇന്നും പലരും ഇത് ഓര്‍ക്കുന്നുണ്ടാകും. എന്നാല്‍ ഇത്രയും വിപണി മൂല്യം ഈ കാട്ടുപഴത്തിനുണ്ടെന്ന് അറിയുന്നത് അടുത്തകാലത്താണ്. ഗോള്‍ഡന്‍ ബെറി എന്നറിയപ്പെടുന്ന ഈ പഴത്തിന്റെ 10 എണ്ണം അടങ്ങുന്ന പായ്ക്കറ്റിന് സൗദി അറേബ്യയില്‍ 10 റിയാലാണെന്ന് (ഏകദേശം 200 രൂപയിലധികം വരും) ജോസ് ജോര്‍ജ് പറയുന്നു.
ഞൊട്ടാഞൊടിയന് കൃഷിയിലേക്കെത്തുന്നത്
യാദൃശ്ചികമായാണ് ജോസ് ജോര്‍ജ് ഞൊട്ടാഞൊടിയന്‍ കൃഷിയിലേക്കെത്തുന്നത്. സുഹൃത്തിന്റെ പറമ്പില്‍ ധാരാളമായുണ്ടായിരുന്ന ഈ കാട്ടുചെടി വല്ലപ്പോഴുമൊക്കെ പറിച്ചുകഴിയ്ക്കാറുണ്ടായിരുന്നുവെന്ന് ജോസ് പറയുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുറച്ചുപേര്‍ ഇത് സ്ഥിരമായി പറിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അവരോട് കാര്യം അന്വേഷിക്കുന്നത്. മരുന്നിന് ഉപയോഗിക്കുന്നവര്‍ക്ക് വില്‍ക്കാനാണെന്നും ആയിരം രൂപയോളം ലഭിക്കുമെന്നും അവര്‍ പറഞ്ഞതില്‍ നിന്നാണ് ഞൊട്ടാഞൊടിയന് വിപണി മൂല്യമുണ്ടെന്ന് ജോസ് തിരിച്ചറിയുന്നത്. വിപണി കണ്ടെത്താന്‍ സാധിക്കുമോ ഇല്ലയോ എന്ന് പോലും നോക്കാതെ ഞൊട്ടാഞൊടിയന്‍ കൃഷിചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജോസ് പറഞ്ഞു.
'തുടക്കത്തില്‍ പരിചയക്കാര്‍ക്കും സുഹൃത്തുകള്‍ക്കും വെറുതെ കൊടുത്തിരുന്ന ഞൊട്ടാഞൊടിയന് ഓണ്‍ലൈനില്‍ ഇപ്പോള്‍ നിരവധി ആവശ്യക്കാരാണ്. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ മാത്രം തികയുന്നില്ല. വേനല്‍ക്കാലത്ത് ചെടികള്‍ തനിയെ നശിച്ച് പോകും. മഴ തുടങ്ങിയാല്‍ തഴച്ചുവളരും. ഈ ചെടിക്ക് പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ല. കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല. ഇതിന്റെ പച്ച കായയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരവുമാണ്'. ജോസ് പറഞ്ഞു.
ആന്റി ഓക്‌സിഡന്റിന്റെ കലവറയായ ഞൊട്ടാഞൊടിയന്റെ ഗുണങ്ങള്‍ ചെറുതല്ലാത്തതുകൊണ്ടുതന്നെയാണ് ഈ കാട്ടുപഴത്തിന് ഇത്രയും വിപണി മൂല്യം. വിദേശ രാജ്യങ്ങളില്‍ ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടെന്നും വലിയ വിപണി മൂല്യമുണ്ടെന്നും അന്വേഷിച്ചപ്പോള്‍ മനസിലായതായി ജോസ് പറയുന്നു. ഒരു ചെടി നട്ടാല്‍ മൂന്ന് മാസത്തിനകം വിളവെടുക്കാന്‍ സാധിക്കും. 5-8 മാസം വരെ ഒരു ചെടിയില്‍ നിന്ന് വിളവ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകമായ പഴത്തിനകത്തെ വിത്ത് പാകിയാണ് തൈകള്‍ മുളപ്പിച്ചത്. തുടക്കത്തില്‍ തന്നെ അഞ്ഞൂറോളം തൈകള്‍ മുളപ്പിച്ചിരുന്നു. മലവാഴ, മാലി മുളക് തുടങ്ങി വ്യത്യസ്തമായ മറ്റ് കൃഷികളും ജോസ് ജോര്‍ജ് ചെയ്യുന്നുണ്ട്.
ഫോൺ: 9747547757