AGRICULTURE

സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നില്ല; കര്‍ഷകദിനത്തില്‍ കരിദിനാചരണം

നെല്ലുവില ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം കര്‍ഷകര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഓഗസ്റ്റ് 21 ന് വിധിപറയും.

ടോം ജോർജ്

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധം കനക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കൃഷിവകുപ്പ് നാളെ (ചിങ്ങം ഒന്ന് -ഓഗസ്റ്റ് 17) നടത്തുന്ന കര്‍ഷകദിനാഘോഷം വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബഹിഷ്‌ക്കരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് വിവിധ കര്‍ഷക സംഘടനകളുടെ നീക്കം.

ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് പ്രതിഷേധ സംഗമം നടത്തും. മറ്റു കര്‍ഷകസംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പാലക്കാട് പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും പ്രതിഷേധ സംഗമങ്ങള്‍ നടക്കുമെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ പറഞ്ഞു.

കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ വഞ്ചിച്ച സര്‍ക്കാരിനെതിരെ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കരിദിനമായി ആചരിക്കുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദും വ്യക്തമാക്കുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും കര്‍ഷകരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും കര്‍ഷകദിന ചടങ്ങുകളില്‍ പങ്കെടുക്കുക. നെല്ലുവില കിട്ടാത്തതിനാല്‍ കര്‍ഷകദിന ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്ന് കേരള നെല്‍- നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടനും പറഞ്ഞു.

സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നൂറിലധികം കര്‍ഷകര്‍ ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഓഗസ്റ്റ് 21 ന് വിധിപറയും

കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടേയും നെല്ലുവിലയാണ് ഇതുവരെ പൂര്‍ണമായി കൊടുത്തു തീര്‍ക്കാത്തത്. കുട്ടനാട്ടിലെ രണ്ടാംകൃഷിയിലും പാലക്കാട്ടെ ഒന്നാം കൃഷിയിലും ഇത് വന്‍ പ്രതിസന്ധിയാണുണ്ടാക്കുന്നത്. 430 കോടിയോളം രൂപയാണ് സംഭരിച്ച നെല്ലുവിലയായി ഇനിയും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയോളമാണ്. നെല്ലു നല്‍കുമ്പോള്‍ ലഭിക്കുന്ന പാഡി റെസീപ്റ്റ് ഷീറ്റും (പി.ആര്‍.എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതെല്ലാം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് കര്‍ഷകര്‍.

സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നൂറിലധികം കര്‍ഷകര്‍ ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഓഗസ്റ്റ് 21 ന് വിധിപറയും. വിഷയം ഹൈക്കോടതിയിലെത്തിയ ഉടനേ 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കി തുടങ്ങിയെങ്കിലും പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ കടുത്ത അതൃപ്തിയിലാണ് കര്‍ഷകര്‍.

സപ്ലൈക്കോ അംഗീകരിച്ച മില്ലുകള്‍ നെല്ലടുക്കുമ്പോള്‍ നല്‍കുന്ന പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) ബാങ്കുകളില്‍ നല്‍കി വ്യക്തിഗത വായ്പയായാണ് ബാങ്കുകള്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തുക നല്‍കുമ്പോള്‍ ഇത് തിര്യേ നല്‍കുകയാണ് പതിവ്.

കിലോയ്ക്ക് 28.20 രൂപ നിരക്കിലാണ് ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത്. എന്നാല്‍ 28രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നത്. ശേഷിക്കുന്ന 20 പൈസ പിന്നീട് നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 18.80 രൂപ കേന്ദ്രവിഹിതവും 9.40 രൂപ സംസ്ഥാന വിഹിതവുമാണ്. 50000 രൂപയ്ക്കു താഴെയുള്ള തുക കൊടുത്തുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നതെങ്കിലും പലകര്‍ഷകരും തുക ലഭിക്കാതെ കടക്കെണിയിലേക്കു നീങ്ങുകയാണ്.

സപ്ലൈക്കോ അംഗീകരിച്ച മില്ലുകള്‍ നെല്ലടുക്കുമ്പോള്‍ നല്‍കുന്ന പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) ബാങ്കുകളില്‍ നല്‍കി വ്യക്തിഗത വായ്പയായാണ് ബാങ്കുകള്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തുക നല്‍കുമ്പോള്‍ ഇത് തിരികെ നല്‍കുകയാണ് പതിവ്. എന്നാല്‍ ഇനിമുതല്‍ കേരളാ ബാങ്ക് വഴിയാണ് നെല്ലുവില നല്‍കുന്നതെന്നു പറഞ്ഞ് 1000 രൂപ മുടക്കി കര്‍ഷകരെകൊണ്ട് ഇവിടെ അക്കൗണ്ട് തുടങ്ങിച്ചു. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍ 15 വരെ എടുത്ത നെല്ലിന്റെ പണമേ തങ്ങള്‍ നല്‍കൂ എന്നാണ് കേരളാബാങ്ക് പിന്നീട് പറഞ്ഞത്. ഇതേതുടര്‍ന്ന് ഫെഡറല്‍, എസ്ബിഐ, കാനറ ബാങ്കുകളില്‍ കര്‍ഷകര്‍ അപേക്ഷ നല്‍കിയെങ്കിലും തങ്ങള്‍ക്ക് നെല്ലുവില വിതരണ ഉത്തരവൊന്നും ലഭിച്ചില്ലെന്നു പറഞ്ഞ് അപേക്ഷ നിരസിച്ചെന്ന് കുട്ടനാട്ടിലെ കര്‍ഷകനായ ജോസി പറയുന്നു.

കുട്ടനാട്ടില്‍ രണ്ടാം കൃഷിയും പാലക്കാട് ഒന്നാം കൃഷിയും ഇറക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 1400 രൂപവീതവും ഉത്പാദന ബോണസ് ഇനത്തില്‍ ഹെക്ടറിന് 800 രൂപ വീതവും നല്‍കികൊണ്ടിരുന്നതും മൂന്നു വര്‍ഷമായി നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

നെല്ലുവില ലഭിക്കാത്തതിനാല്‍ പലരുടെയും കാര്‍ഷിക വായ്പ തിരിച്ചടവും മുടങ്ങുകയാണ്.കര്‍ഷകരുടെ സിബില്‍ സ്‌കോറിനെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഇതിനാല്‍ മറ്റു വായ്പകളും കര്‍ഷകര്‍ക്കു നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുകയാണ്. കാര്‍ഷിക വായ്പയായി നാലു ശതമാനം പലിശനിരക്കില്‍ ലഭിക്കുന്ന വായ്പകള്‍ നെല്ലുവില ലഭിക്കുമ്പോള്‍ അടച്ച് പുതിയ വായ്പയായി അടുത്തത് എടുത്താണ് കര്‍ഷകര്‍ കൃഷി മുന്നോട്ടു നീക്കുന്നത്. നെല്ലു വില പലപ്പോഴായി ലഭിക്കുന്നതിനാല്‍ ഈ വായ്പ പുതുക്കാനാവത്തതുമൂലം ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നതായി എടത്വയിലെ കര്‍ഷകനായ ടിറ്റോ എടയാടി പറയുന്നു.

ഗതികെട്ട് കര്‍ഷകര്‍

നെല്ലുവില ലഭിക്കാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാലക്കാട്ടെയും കുട്ടനാട്ടിലെയും കര്‍ഷകര്‍. പലിശയ്ക്ക് കടമെടുത്തും സ്വര്‍ണം പണയം വച്ചുമൊക്കെ കൃഷിയിറക്കുന്ന കര്‍ഷകര്‍, ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. നെല്ലുവിലകിട്ടാതായതോടെ ജപ്തി ഭീഷണി നേരിടുകയാണ് പലരും. കുട്ടനാട്ടില്‍ രണ്ടാം കൃഷിയും പാലക്കാട് ഒന്നാം കൃഷിയും ഇറക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. പമ്പിംഗ് സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 1400 രൂപവീതവും ഉത്പാദന ബോണസ് ഇനത്തില്‍ ഹെക്ടറിന് 800 രൂപ വീതവും നല്‍കികൊണ്ടിരുന്നതും മൂന്നു വര്‍ഷമായി നല്‍കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി