ഒരു കാലത്ത് ഇവിടത്തെ മലമടക്കുകളില്‍ വിളഞ്ഞിരുന്നത് നെല്ലാണ്. നെല്‍കൃഷിക്കായാണ് വട്ടവടയിലെ മലനിരകള്‍ തട്ടുകളായി തിരിച്ചതും. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ മാറിക്കിടക്കുന്ന ഇവിടെ ഗോതമ്പും സ്‌ട്രോബറിയും കാരറ്റുമൊക്കെ വിളയിക്കുകയാണ് സുഭാഷ് ബോസ് എന്ന യുവകര്‍ഷകന്‍. എംബിഎ ബിരുദധാരിയായ ഇദ്ദേഹം ജൈവകൃഷിയാണ് നടത്തുന്നത്. തന്റെ വീടിനു സമീപമുള്ള കൃഷി ഭൂമിയില്‍ നടത്തുന്ന ഗോതമ്പുകൃഷിക്ക് ചെലവധികമില്ല. സാധാരണ വിപണിയില്‍ നിന്നു ലഭിക്കുന്ന ഗോതമ്പാണ് നടീല്‍വസ്തു. പിന്നീട് ഇതില്‍ നിന്നു തന്നെ വിത്തുശേഖരിക്കുന്നു. വിതച്ച് മൂന്നുമാസത്തിനുള്ളില്‍ തന്നെ വിളവെടുക്കാം. വീട്ടാവശ്യത്തിനായാണ് ഗോതമ്പുകൃഷി ചെയ്യുന്നത്. ആറുവര്‍ഷമായി സ്‌ട്രോബറി കൃഷിയും ചെയ്യുന്നു.
മലമടക്കുകളില്‍ ചെയ്യുന്ന കൃഷിയില്‍ ഒരേക്കര്‍ സ്‌ട്രോബറിയാണ്. കൃഷിയിട വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് വിപണനം. വിളകളില്‍ നിന്ന് ജാം, വൈന്‍, ജ്യൂസ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി, കൃഷിയിടം കാണാനെത്തുന്നവര്‍ക്ക് തന്നെ നല്‍കുന്നു. കൃഷിയിടം ഉഴുതശേഷം ജൈവവളങ്ങളും ചേര്‍ത്ത് വരമ്പുകളുണ്ടാക്കി അതിലാണ് തൈകള്‍ നടുന്നത്. മഹാബലിപുരത്തു നിന്നെത്തുന്ന തൈകള്‍ക്ക് ഒന്നിന് 20 രൂപയാണ് വില. നല്ല സീസണില്‍ കിലോയ്ക്ക് 500-600 രൂപവരെ ലഭിക്കും. ദിവസവും വിളവെടുക്കാവുന്ന വിളയാണ് സ്‌ട്രോബെറി. ദിവസം 15-20 കിലോ സ്‌ട്രോബെറി ലഭിക്കും. കാരറ്റ് വിത്ത് പ്രാദേശികമായി തന്നെ ലഭിക്കും. സാധാരണ വിത്തു വിതയ്ക്കുന്നതു പോലെ തന്നെയാണ് ഇതിന്റെ നടീല്‍. വിളകള്‍ മാറിമാറി കൃഷിയിടത്തില്‍ വളര്‍ത്തുന്ന വിളപരിക്രമ രീതിയാണ് കൃഷിയിടത്തില്‍ അവലംബിക്കുന്നത്.
ഫോണ്‍: സുബാഷ്- 80895 63186