AGRICULTURE

കുട്ടനാട്ടിൽ കണ്ടെത്തിയത് എച്ച്5എന്‍1 പക്ഷിപ്പനി; മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ വേണം കരുതൽ

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള ജന്തുജന്യരോഗങ്ങളുടെ (സൂനോട്ടിക്) പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങളിലൊന്നാണ് പക്ഷിപ്പനി

ഡോ. എം. മുഹമ്മദ്‌ ആസിഫ്

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടന്‍ മേഖലയില്‍ ആയിരക്കണക്കിന് താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് രോഗമേഖലകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് മൃഗസംരക്ഷണവകുപ്പ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അഥവാ പക്ഷിപ്പനി.

ഓര്‍ത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ വൈറസുകളാണ്പക്ഷിപ്പനിക്ക് കാരണമാവുന്നത്. വൈറസുകളെ അവയിലടങ്ങിയ ഉപരിതലപ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ ഉപയിനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പൊതുവെ തീവ്രത കൂടിയ എച്ച്5എന്‍1 (H5N1)ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളാണ് ആലപ്പുഴയില്‍ ഇപ്പോള്‍ രോഗകാരണമായതെന്നാണ് ഭോപാലിലെ അതിസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കുട്ടനാടന്‍ മേഖലയില്‍ പറന്നെത്തിയ ദേശാടന ജലപക്ഷികളാണ് വൈറസിന്റെ വാഹകരായതെന്നാണ് പ്രാഥമിക അനുമാനം.

പക്ഷിപ്പനിമനുഷ്യരിലേക്ക് പകരുമോ?

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള ജന്തുജന്യരോഗങ്ങളുടെ (സൂനോട്ടിക്) പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങളിലൊന്നാണ് പക്ഷിപ്പനി. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും, രോഗബാധയേറ്റതോ ചത്തതോ ആയ പക്ഷികളെ മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈകാര്യം ചെയ്യുന്നതു വഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊറോണ വൈറസ് പോലെയോ നിപ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കുള്ള പകര്‍ച്ചാനിരക്കും തുലോം കുറവാണ്. എന്നാല്‍ വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യസംഘടനയും നല്‍കിയിട്ടുണ്ട്.

പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകളുമായി ചേര്‍ന്ന് പുതിയ ജനിതകഘടനയാര്‍ജിച്ച് ഒരു ആഗോള മഹാമാരിയായി (പാന്‍ഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ഇതും പക്ഷിപ്പനിവൈറസിന്റെ വ്യാപനം കര്‍ശനമായ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഓര്‍മിപ്പിക്കുന്നു.

പക്ഷിപ്പനി വ്യാപനം എങ്ങനെ?

ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്റെ വ്യാപനത്തിലും നിലനില്‍പ്പിലും പരിണാമത്തിലുമെല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ സാധാരണ രോഗമുണ്ടാക്കില്ല. എന്നാല്‍ ശരീരസമ്മര്‍ദമുണ്ടാവുന്ന സാഹചര്യങ്ങളില്‍ (ഉദാഹരണം വരള്‍ച്ച. തീറ്റ ദൗര്‍ലഭ്യം, മറ്റ് അപകടങ്ങള്‍) ഈ വാഹകപക്ഷികളിലും വൈറസ് രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്.

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും സ്രവങ്ങളും കാഷ്ഠവുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ശരീരസ്രവങ്ങളും കാഷ്ഠവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണു മലിനമായ ജലകണികകള്‍, പൊടിപടലങ്ങള്‍, തൂവലുകള്‍ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും.

മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. കാരണം 70ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും.

രോഗലക്ഷണങ്ങളും പകര്‍ച്ചനിരക്കും രോഗതീവ്രതയും മരണനിരക്കുമെല്ലാം വൈറസിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. ഇന്‍ഫ്‌ളുവന്‍സ വൈറസ് ഗ്രൂപ്പിലെ എച്ച്5, എച്ച്7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം. അതിതീവ്ര വൈറസ് ബാധയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെ പക്ഷികള്‍ കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യതയുണ്ട്.

ഏതെങ്കിലും രീതിയില്‍ പക്ഷിപ്പനി വൈറസ് രോഗമേഖലയില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചാല്‍ നിയന്ത്രണം അതീവ ദുഷ്‌കരമാവും. മാത്രമല്ല സംസ്ഥാനത്തിന്റെ പക്ഷിവളര്‍ത്തല്‍ മേഖലയുടെ തന്നെ നടുവൊടിയുകയും ചെയ്യും. മാത്രമല്ല മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ പക്ഷിപ്പനി വൈറസിന്റെ വ്യാപനം തടയാനുള്ള ദ്രുതനടപടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍

പക്ഷികള്‍ കൂട്ടമായി ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്‌കരിക്കുകയെന്നതാണ് ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്ന നിയന്ത്രണമാര്‍ഗം. പറന്നുനടക്കുന്ന രോഗവാഹകരും രോഗബാധിതരുമായ പക്ഷികളേക്കാള്‍ വളര്‍ത്തുപക്ഷികളുമായാണ് മനുഷ്യര്‍ക്ക് ഏറ്റവും സമ്പര്‍ക്കമുണ്ടാവാന്‍ ഇടയുള്ളത്. അതുകൊണ്ടുതന്നെ വളര്‍ത്തുപക്ഷികള്‍ക്ക് രോഗബാധയേറ്റാല്‍ മനുഷ്യരിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യതയും ഉയരും. ഇതാണ് രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാന്‍ പ്രധാന കാരണം. ഒപ്പം അവയുടെ മുട്ട, തീറ്റ, കാഷ്ഠം, മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവയും സുരക്ഷിതമായി സംസ്‌കരിക്കണം.

രോഗബാധിതമേഖലയില്‍നിന്ന് പക്ഷികളെയും പക്ഷികളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപകരണങ്ങള്‍ എന്നിവയും തൂവല്‍, കാഷ്ഠം, ലിറ്റര്‍ അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവാന്‍ പാടില്ല.

രോഗബാധയേറ്റതോ ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷികാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം. രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളെയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക്, കൈയുറ, ഏപ്രണ്‍, ഗോഗിള്‍, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരം പ്രതിരോധമരുന്നുകള്‍ കഴിക്കണം.

രോഗബാധിതമേഖലയില്‍നിന്ന് പക്ഷികളെയും പക്ഷികളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപകരണങ്ങള്‍ എന്നിവയും തൂവല്‍, കാഷ്ഠം, ലിറ്റര്‍ അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവാന്‍ പാടില്ല.

ചുറ്റുവട്ടങ്ങളില്‍ പറന്നുനടക്കുന്ന നാട്ടുപക്ഷികളും കാട്ടുപക്ഷികളും ദേശാടനപക്ഷികളുമെല്ലാം രോഗവാഹകരും രോഗബാധിതരുമാവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും കാട്ടുപക്ഷികളുടെയും സമ്പര്‍ക്കം തടയാന്‍ ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിനു 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഫാമിന്റെ പരിധിയില്‍ നിക്ഷേപിക്കരുത്.

ജലപക്ഷികളും ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം.

മതിയായ അണുനശീകരണം നടത്തിയശേഷം മാത്രമേ തൊഴിലാളികളെയും വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമെല്ലാം ഫാമിനകത്തേക്ക് പ്രവേശിപ്പിക്കാവൂ. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം. ഗ്ലൂറ്ററല്‍ ഡിഹൈഡ് സംയുക്തങ്ങള്‍ അടങ്ങിയ കോര്‍സൊലിന്‍, ലൈസോള്‍, രണ്ടുശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായിനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയെല്ലാം ഫാമില്‍ ഉപയോഗിക്കാവുന്നതും ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും (ഹൗസ് ഹോള്‍ഡ് ബ്ലീച്ച്) പക്ഷിപ്പനിവൈറസുകളെ തടയാന്‍ ഉപയോഗിക്കാവുന്ന മികച്ച അണുനാശിനിയാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50ഗ്രാം ബ്ലീച്ചിങ് പൗഡര്‍ കലക്കി കൂടും പരിസരവും വൃത്തിയാക്കാം.

ഫാമിലേക്ക് പുതിയ പക്ഷികളെ കൊണ്ടുവരുമ്പോള്‍ മുഖ്യഷെഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കേണ്ടത് ഏറെ പ്രധാനം.

മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട

മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. കാരണം 70ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. പച്ചമുട്ടയും പാതിവെന്ത ഇറച്ചിയും മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.

രോഗമേഖലയില്‍നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കമുണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. രോഗമേഖലയില്‍ പക്ഷിവിപണനത്തിന് സര്‍ക്കാര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് സുരക്ഷിതമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ