ഹോര്‍ട്ടി കോര്‍പ്പ് പ്രാദേശികമായി പഴം പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചതിന്റെ നാളിതുവരെയുള്ള കുടിശ്ശിക തുക മുഴുവനായും കൊടുത്തു തീര്‍ക്കാന്‍ ധാരണയായി. കൃഷിമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുക സമയബന്ധിതമായി കൊടുത്തു തീര്‍ക്കാത്തതില്‍ മന്ത്രി അസംതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ ഹോര്‍ട്ടിക്കോര്‍പ്പ് വീഴ്ച വരുത്തുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം. ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വേണ്ടി വന്നാല്‍ അതും പരിഗണനക്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
സമയ ബന്ധിതമായി കര്‍ഷകര്‍ക്ക് കൃഷി ഇറക്കണമെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് സംഭരിച്ച ഉടന്‍ നല്‍കിയേ മതിയാവൂ എന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിലും വിപണനം നടത്തുന്നതിലും ഹൈടെക് സംവിധാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവണം. ഇടപെടല്‍ വേണ്ടിവന്നപ്പോഴെല്ലാം സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷം കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന ആയിരത്തി അറുന്നൂറ്റി ഇരുപത്തഞ്ച് ലക്ഷം രൂപ കടം സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തിട്ടുണ്ട്. ഈ വര്‍ഷവും ഹോര്‍ട്ടിക്കോര്‍പ്പ് കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന തുകയില്‍ ആയിരത്തി ഇരുപത്തി രണ്ട് ലക്ഷത്തിലധികം രൂപ ഇത് വരെ സര്‍ക്കാര്‍ കൊടുത്തു കഴിഞ്ഞതായും നാളിതു വരെ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക മുഴുവനായും കൊടുത്തു തീര്‍ക്കാനാണ് തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.
ആവശ്യം വരുന്ന തുക ലഭ്യമാക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറിക്കും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വിപണി ഇടപെടലുകളെ കാര്യക്ഷമമാക്കാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കര്‍ഷകര്‍ക്ക് സമയ ബന്ധിതമായി അവരുടെ ഉത്പന്നങ്ങള്‍ക്ക് വില കിട്ടുന്നതോടൊപ്പം ഹോര്‍ട്ടി കോര്‍പ്പ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ പുത്തന്‍ വിപണന ശൃംഖലകള്‍ പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.