AGRICULTURE

ഹൈറേഞ്ച് കുടിയേറ്റം എങ്ങനെയുണ്ടായി; കര്‍ഷകര്‍ പശ്ചിമഘട്ടം നശിപ്പിച്ചോ?

ഓരോ പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും പഴികേള്‍ക്കുന്നവരില്‍ പ്രധാനികള്‍ ഹൈറേഞ്ചിലേക്ക് കുടിയേറിയവരും അവിടെ ഉപജീവനത്തിനായി കൃഷി തുടങ്ങിയവരുമാണ്. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റവും കൃഷിയും എങ്ങനെ തുടങ്ങിയെന്ന് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

ഡോ സി ജോർജ് തോമസ്

കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള പ്രകൃതി ദുരന്തങ്ങളും ലോകത്ത് എല്ലായിടത്തുമെന്ന പോലെ കേരളത്തേയും വേട്ടയാടുകയാണ്. അതുമൂലമുണ്ടാകുന്ന അമിത മഴയും ഉരുള്‍പൊട്ടലുകളും മറ്റു പ്രകൃതി ദുരന്തങ്ങളും തുടര്‍ച്ചയായി കേരളത്തേയും ദുരന്തഭൂമിയാക്കുന്നുണ്ട്. ഓരോ പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും പഴികേള്‍ക്കുന്നവരില്‍ പ്രധാനികള്‍ ഹൈറേഞ്ചിലേക്ക് കുടിയേറിയവരും അവിടെ ഉപജീവനത്തിനായി കൃഷി തുടങ്ങിയ കര്‍ഷകരുമാണ്. ഈ അവസരങ്ങളില്‍ കുടിയേറ്റവും കൃഷിയും എങ്ങനെ തുടങ്ങിയെന്ന് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

എന്താണ് ഹൈറേഞ്ച്?

സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്ററിനും മുകളില്‍ ഉയരത്തിലുള്ള പ്രദേശങ്ങളെയാണ് കേരളത്തില്‍ പൊതുവേ ഹൈറേഞ്ച് എന്ന് വിളിക്കുന്നത്. വയനാട് ജില്ല മുഴുവന്‍, ഇടുക്കി ജില്ലയുടെ തൊടുപുഴ ഒഴിച്ചുളള പ്രദേശങ്ങള്‍, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകള്‍, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, കുളത്തുപ്പുഴ, തെന്മല പഞ്ചായത്തുകള്‍, തിരുവനന്തപുരം ജില്ലയിലെ പൊന്മുടി മേഖല തുടങ്ങിയവയെല്ലാം ഹൈറേഞ്ച് മേഖലയില്‍പ്പെടുന്നു.

എന്നാല്‍ തിരുവിതാംകൂറില്‍ ഹൈറേഞ്ച് എന്നു പറഞ്ഞിരുന്നത് പഴയ കോട്ടയം ജില്ലയുടെ ഉയരം കൂടിയ പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകള്‍ അടങ്ങിയ മലമ്പ്രദേശങ്ങളെയാണ് (ഇന്നത്തെ ഇടുക്കി ജില്ല). ഇവിടെ ഹൈറേഞ്ച് എന്നൊരു ഡിവിഷന്‍ തന്നെയുണ്ടായിരുന്നു. മലബാറില്‍ നിന്നു വ്യത്യസ്തമായി ഇപ്പറഞ്ഞ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് ധാരാളം പ്രത്യേകതകളുണ്ട്. മലബാര്‍ കുടിയേറ്റത്തിന് സര്‍ക്കാര്‍ പ്രത്യക്ഷമായി വലിയ സഹായമൊന്നും ചെയ്തതായി കാണുന്നില്ല. പക്ഷേ, ഹൈറേഞ്ച് കൂടിയേറ്റത്തിന് സര്‍ക്കാറിന്റെ പ്രത്യക്ഷമായ പ്രോത്‌സാഹനവും സഹായവുമുണ്ടായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്ററിനും മുകളില്‍ ഉയരത്തിലുള്ള പ്രദേശങ്ങളെയാണ് കേരളത്തില്‍ പൊതുവേ ഹൈറേഞ്ച് എന്ന് വിളിക്കുന്നത്.
മലബാര്‍ കുടിയേറ്റം പോലെ അത്ര സുഗമമായിരുന്നില്ല ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം. മലബാറില്‍ ജന്മിമാരില്‍ നിന്നു വിലയ്‌ക്കോ പാട്ടത്തിനോ ഭൂമി വാങ്ങാന്‍ എളുപ്പമായിരുന്നു. എന്നാല്‍, ഹൈറേഞ്ചിലെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായിരുന്നു.

ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം

മലബാര്‍ കുടിയേറ്റം പോലെ അത്ര സുഗമമായിരുന്നില്ല ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം. മലബാറില്‍ ജന്മിമാരില്‍ നിന്നു വിലയ്‌ക്കോ പാട്ടത്തിനോ ഭൂമി വാങ്ങാന്‍ എളുപ്പമായിരുന്നു. എന്നാല്‍, ഹൈറേഞ്ചിലെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായിരുന്നു. മാത്രമല്ല, മിക്കവാറും റിസര്‍വ് വനവുമായിരുന്നു എന്നതും കണക്കിലെടുക്കണം. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന്റെ നിബന്ധനകള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നതിനാലും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു കൊടുത്തപ്പോള്‍ കാലാവധി നിശ്ചയിച്ചിരുന്നു എന്നതു കൊണ്ടുമാകാം അവ പിന്നീട് സങ്കീര്‍ണമായി മാറിയത്. കുടിയേറിയ കര്‍ഷകര്‍ ഇത്തരം നൂലാമാലകളെക്കുറിച്ച് അത്ര ബോധവാന്മാരായിരുന്നില്ല എന്നു തോന്നുന്നു. മലബാറിലേക്ക് പോകുന്നതു പോലെ ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഹൈറേഞ്ചിലേക്ക് അവരും പോയത്.

തോട്ടങ്ങളുടെയും കുടിയേറ്റങ്ങളുടെയും കാലഘട്ടം

ഹൈറേഞ്ചില്‍ തോട്ടങ്ങളുടെയും കുടിയേറ്റങ്ങളുടെയും കാലഘട്ടം ഉണ്ടായിട്ടുണ്ട്. 1860 മുതല്‍ 1940 വരെ ''തോട്ടങ്ങളുടെ(പ്ലാന്റേഷന്‍) കാലഘട്ടം'' എന്നും 1940-1975 ''കുടിയേറ്റ കാലഘട്ടം'' എന്നും അറിയപ്പെടാറുണ്ട്. പ്ലാന്റേഷന്‍ കാലത്താണ് യൂറോപ്യന്മാര്‍ കാപ്പി, ഏലം, തേയില എന്നിവയുടെ വന്‍കിട തോട്ടങ്ങള്‍ പീരുമേട്, ദേവികുളം, മൂന്നാര്‍ എന്നീ പ്രദേശങ്ങളിലായി കൃഷിചെയ്തു തുടങ്ങുന്നത്. ഇതിന് ലൈസന്‍സ് എടുക്കണമായിരുന്നു, പാട്ടവും നല്‍കണം.

വനവിഭവമായിരുന്ന ഏലം

1860നു മുമ്പ് ഏലം കൃഷി ഉണ്ടായിരുന്നെങ്കിലും കൃഷിയും വിപണനവുമൊക്കെ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു. ആദ്യകാല ഏലത്തോട്ടങ്ങള്‍ ഒരു വന വിഭവം എന്ന രീതിയില്‍ സ്വാഭാവികമായി ഉണ്ടാവുന്നവയോ, ചെറിയ മനുഷ്യ ഇടപെടലോടെ വളരുന്നവയോ ആയിരുന്നു. ആദിവാസികളും തമിഴ് നാട്ടുകാരുമൊക്കെയാണ് ഏലകൃഷി നോക്കിയിരുന്നത്. വിളവെടുപ്പ്, കളനീക്കം ചെയ്യല്‍, തണല്‍ ക്രമീകരണം എന്നിവയ്ക്കു വേണ്ടി മാത്രമേ ഇവര്‍ തോട്ടത്തിലേക്ക് വരുമായിരുന്നുള്ളൂ. ആവശ്യത്തിന് ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിരുന്നു.

സര്‍ക്കാരിന്റെ കുത്തകയായിരുന്ന ഏലത്തിന്റെ കൃഷിയും വിപണനവും അവസാനിക്കുന്നത് 1896 ഏപ്രില്‍ 17 ലെ രാജകീയ വിളമ്പരത്തോടെയാണ്. കാര്‍ഡമം റിസര്‍വ് ആക്കിയ പൂപ്പാറ, ഉടുമ്പഞ്ചോല, വണ്ടന്‍മേട് എന്നിവിടങ്ങളിലാണ് ഏലത്തോട്ടങ്ങള്‍ വികസിപ്പിക്കാന്‍ അനുവാദം കൊടുത്തത്. അടിക്കാട് നീക്കി കൃഷി ചെയ്യാം, മരങ്ങള്‍ വെട്ടാന്‍ അനുവാദമുണ്ടായിരുന്നില്ല. ഈ രംഗത്തേക്കു ആദ്യം വരുന്നത് യൂറോപ്യന്മാര്‍ തന്നെ. പാമ്പാടുംപാറ എസ്റ്റേറ്റൊക്കെ അങ്ങനെ ഉണ്ടായതാണ്.

1862 ലാണ് കാപ്പിത്തോട്ടങ്ങള്‍ ആരംഭിക്കുന്നത്. 1893 ആയപ്പോഴേക്കും ഏകദേശം 40,000 ഏക്കര്‍ ഭൂമിയില്‍ കാപ്പികൃഷി സജീവമായി കഴിഞ്ഞു. പക്ഷേ, കാപ്പിത്തോട്ടങ്ങളെ ബാധിച്ച ഗുരുതരമായ ഒരു രോഗം കാരണം എസ്റ്റേറ്റ് ഉടമകള്‍ കാപ്പിയെ കൈയൊഴിഞ്ഞ് തേയിലയിലേക്ക് മാറാന്‍ തുടങ്ങി.

കാപ്പി, തേയില തോട്ടങ്ങളുടെ ആരംഭം

1862 ലാണ് കാപ്പിത്തോട്ടങ്ങള്‍ ആരംഭിക്കുന്നത്. 1893 ആയപ്പോഴേക്കും ഏകദേശം 40,000 ഏക്കര്‍ ഭൂമിയില്‍ കാപ്പികൃഷി സജീവമായി കഴിഞ്ഞു. പക്ഷേ, കാപ്പിത്തോട്ടങ്ങളെ ബാധിച്ച ഗുരുതരമായ ഒരു രോഗം കാരണം എസ്റ്റേറ്റ് ഉടമകള്‍ കാപ്പിയെ കൈയൊഴിഞ്ഞ് തേയിലയിലേക്ക് മാറാന്‍ തുടങ്ങി. 1914 ലെ കണക്കനുസരിച്ച് കണ്ണന്‍ ദേവന്‍ കമ്പനിക്കു മാത്രം മൂന്നാര്‍ ഭാഗത്ത് 26 എസ്റ്റേറ്റുകളിലായി 17,300 ഏക്കര്‍ ചായത്തോട്ടം ഉണ്ടായിരുന്നു. അതുപോലെ, യൂറോപ്യന്മാരുടെ ധാരാളം തോട്ടങ്ങള്‍ പീരുമേട്ടിലും ഉണ്ടായിരുന്നു.

പ്ലാന്റേഷന്‍ കാലത്ത് ചില മലയാളികളും ചായത്തോട്ടങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയതായി ചരിത്രമുണ്ട്. അങ്ങനെയൊരു വരവ് ആദ്യമുണ്ടാകുന്നത് 1910 ലാണ്. കോട്ടയം-മീനച്ചില്‍ സ്വദേശികളായ ഏഴു കുടുംബക്കാര്‍ തേയിലത്തോട്ടം തുടങ്ങാനുള്ള തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ ലൈസന്‍സുമായി പീരുമേട് താലൂക്കിലെ ഉപ്പുതറയില്‍ എത്തിയിരുന്നു. അക്കാലത്ത് തോട്ടം പിടിപ്പിക്കാനല്ലാതെ സാധാരണ കൃഷി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. യൂറോപ്യന്മാരേപോലെ തന്നെ തോട്ടം പിടിപ്പിക്കാനുള്ള വരവായതിനാല്‍ ''കുടിയേറ്റ കാലഘട്ട''ത്തില്‍ ഇതു പെടുത്താറില്ല.

പ്ലാന്റേഷന്‍ കാലത്ത് എസ്റ്റേറ്റുകളെ ബന്ധിപ്പിച്ചു കൊണ്ട് നല്ല റോഡുകളുണ്ടായത് പിന്നീട് വന്ന കുടിയേറ്റത്തിന് സൗകര്യമൊരുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്യന്മാര്‍ക്കു പുറമെ കുറച്ചു തമിഴ്‌നാട്ടുകാരും തോട്ടം തുടങ്ങിയതായി കാണാം. ഇതോടൊപ്പം ധാരാളം തമിഴ്‌നാട്ടുകാര്‍ തോട്ടം തൊഴിലാളികളായും എത്തി. ഇന്ത്യ സ്വതന്ത്രയായതിനു ശേഷം വിദേശികളുടെ പ്ലാന്റേഷനുകളും ഇന്ത്യക്കാരുടെ കൈയിലെത്തിച്ചേര്‍ന്നു.

രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള അതിരൂക്ഷമായ ഭക്ഷ്യ ക്ഷാമമാണ് ഹൈറേഞ്ചിലേക്കുള്ള വ്യാപക കുടിയേറ്റത്തിന് അനുമതി നല്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഹൈറേഞ്ച് കുടിയേറ്റത്തിന്റെ കാരണം

രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള അതിരൂക്ഷമായ ഭക്ഷ്യ ക്ഷാമമാണ് ഹൈറേഞ്ചിലേക്കുള്ള വ്യാപക കുടിയേറ്റത്തിന് അനുമതി നല്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബര്‍മ്മയില്‍ നിന്നുള്ള ഭക്ഷ്യധാന്യ ഇറക്കുമതി നിലച്ചുവെന്നു മാത്രമല്ല, റയില്‍വേ വാഗണുകളുടെ കുറവുകൊണ്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമവും പാളി. ഈ അടിയന്തിര സാഹചര്യത്തിലാണ് ''കുത്തകപാട്ട''വ്യവസ്ഥയില്‍ റിസര്‍വ് വനഭുമി ഭക്ഷ്യവിളകളുടെ കൃഷിക്ക് കൊടുക്കാമെന്നുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ആദ്യത്തെ ഉത്തരവ് 1940 ല്‍ ഉണ്ടാകുന്നത്. അതുപ്രകാരം ഹൈറേഞ്ചിലെ ഏകദേശം 24,000 ഏക്കര്‍ വനഭൂമി കൃഷിക്കായി വിട്ടു കൊടുക്കാന്‍ തീരുമാനമായി. 1942 മുതല്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിന് വനഭൂമി പതിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് മലയാളികളുടെ ഇടുക്കിയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്.

ഭക്ഷ്യക്ഷാമത്തെ മറികടക്കാന്‍

''ഗ്രോ മോര്‍ ഫുഡ്''

1947-48 വര്‍ഷങ്ങളില്‍ ഭക്ഷ്യക്ഷാമം കൂടുതല്‍ വഷളായി. ''ഗ്രോ മോര്‍ ഫുഡ്'' പദ്ധതി വന്നു. ഇതുപ്രകാരം റിസര്‍വ് വനങ്ങളുടെ പോലും റോഡരികിലും നദീതടങ്ങളിലും ഉള്ള കൃഷിക്കനുയോജ്യമായ ഭൂമി പാട്ടകൃഷിക്ക് ലഭ്യമാക്കിത്തുടങ്ങി. സര്‍വെ പോലും ചെയ്യാതെ ഹൃസ്വകാലത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നതിന് അനുമതി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചേക്കര്‍ വീതമാണ് നല്‍കിയിരുന്നത്. പാട്ടത്തിനു കൊടുത്തിരുന്ന ഭൂമി രണ്ടായി തിരിച്ചു. ഭക്ഷ്യപ്രതിസന്ധി കഴിഞ്ഞ് തിരിച്ചെടുത്തു വനമാക്കി മാറ്റേണ്ടവയെ റിവേര്‍ട്ടിബിള്‍ എന്നും സ്ഥിരമായി പട്ടയം കൊടുത്ത് വനത്തില്‍ നിന്നു വേര്‍തിരിക്കാവുന്നവയെ നോണ്‍ റിവേര്‍ട്ടിബിള്‍ എന്നും. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ ഇതൊന്നും നടപ്പാക്കാന്‍ ആവുമായിരുന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കുടിയാന്മാരെ അവിടെ തന്നെ കഴിയാന്‍ അനുവദിച്ചു.

1956-ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇടുക്കിയിലെ ഹൈറേഞ്ച് കേരളത്തിനൊപ്പം നില്‍ക്കാന്‍ ഇടയായതില്‍ നേരത്തെ പറഞ്ഞ കുത്തകപാട്ട കൃഷിയും ഈ കോളനികളുടെ രൂപീകരണവും വലിയ പങ്ക് വഹിച്ചു എന്നത് യാഥാര്‍ഥ്യമാണ്.

''ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം''

പട്ടം താണുപിള്ള തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ ''ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം'' പ്രകാരവും ധാരാളം പേര്‍ ഹൈറേഞ്ചിലേക്ക് വന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യമാണ് സ്‌കീമിനുമുണ്ടായിരുന്നത്. ഇടുക്കിയിലെ കല്ലാര്‍ പട്ടം കോളനി ഇങ്ങനെ ഉണ്ടായതാണ്. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന ഏകദേശം 50,000 ഏക്കര്‍ ഭൂമിയിലായി 8000 കുടുംബങ്ങളെ അധിവസിപ്പിക്കാനായിരുന്നു സ്‌കീം ലക്ഷ്യം വെച്ചത്. ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമിയും പണിയായുധങ്ങളും കൃഷിക്ക് വായ്പയും നല്കി. 1955 ജനുവരി 20ന് പട്ടം കോളനി ഔദ്യോഗികമായി രൂപം കൊണ്ടു. കോളനിരൂപീകരണത്തിന്റെ ലക്ഷ്യം മുഴുവന്‍ നേടാനായില്ലെങ്കിലും 1300 കുടുംബങ്ങള്‍ കല്ലാര്‍ പട്ടം കോളനിയില്‍ താമസമാരംഭിച്ചു. തുടര്‍ന്ന് കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളിലായി ഏകദേശം 100 വീതം കുടുംബങ്ങളും താമസക്കാരായി എത്തി.

മഴനിഴല്‍ പ്രദേശമായ മറയൂരില്‍ ജലദൗര്‍ലഭ്യം കാരണം താമസയോഗ്യമല്ലെന്ന പരാതിയെത്തുടര്‍ന്ന് മറ്റൊരു പ്രദേശം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ദേവിയാര്‍ എന്ന പ്രദേശം കണ്ടെത്തി മറയൂരിലെ കുടുംബങ്ങളെ അങ്ങോട്ട് പുനരധിവസിപ്പിക്കുകയും ചെയ്തു. അങ്ങനെ 1959 ല്‍ 73 കുടുംബങ്ങള്‍ മറയൂരില്‍ നിന്നു ദേവിയാറിലേക്ക് വന്നു. ദേവിയാര്‍ കോളനി രൂപമെടുത്തത് അങ്ങനെയാണ്.

1956-ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇടുക്കിയിലെ ഹൈറേഞ്ച് കേരളത്തിനൊപ്പം നില്‍ക്കാന്‍ ഇടയായതില്‍ നേരത്തെ പറഞ്ഞ കുത്തകപാട്ട കൃഷിയും ഈ കോളനികളുടെ രൂപീകരണവും വലിയ പങ്ക് വഹിച്ചു എന്നത് യാഥാര്‍ഥ്യമാണ്.

ഒന്നാം ഘട്ടത്തില്‍ കുടിയേറ്റം അല്പം മന്ദഗതിയിലായിരുന്നെങ്കില്‍ രണ്ടാം ഘട്ടം ആയപ്പോഴേക്കും വേഗത്തിലായി. കൂട്ടപ്പലായനം (exodus) എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒന്നായാണ് രണ്ടാം ഘട്ട കുടിയേറ്റം തിരുവിതാംകൂര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഭൂരിഭാഗവും ''പെസന്റ്''

കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ''പെസന്റ്'' എന്നു വിളിക്കാവുന്ന ചെറുകിട, നാമമാത്ര കര്‍ഷകരായിരുന്നു. നാട്ടിലെ ഭാഗം വെയ്ക്കലിനു ശേഷം കിട്ടിയ തുണ്ട് കര ഭൂമിയും കൊണ്ടിരുന്നാല്‍ പട്ടിണി കിടന്നു ചാകും എന്നു തിരിച്ചറിഞ്ഞ് കുടിയേറ്റം നടത്തിയവര്‍. മലേറിയ, കാട്ടുമൃഗങ്ങള്‍, മറ്റ് അസൗകര്യങ്ങളൊക്കെ ഉണ്ടാകും എന്നു വ്യക്തമായി അറിഞ്ഞ് തന്നെ വന്നവര്‍. നാട്ടില്‍ ധാരാളം ഭൂമിയുണ്ടായിരുന്നവര്‍ക്ക് കുടിയേറ്റത്തിന്റെ അവശ്യമുണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.കുടുംബം ഒന്നടങ്കം അധ്വാനിച്ച് കൃഷി ചെയ്യുക എന്നതായിരുന്നു ആദ്യകാല കുടിയേറ്റക്കാരുടെ കൃഷിരീതി.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭക്ഷ്യക്ഷാമമാണ് ഹൈറേഞ്ച് കുടിയേറ്റത്തിലേക്ക് നയിച്ച ഘടകം. അതിന് അനുമതി നല്‍കിയത് ഗവണ്‍മെന്റും. സ്വയം പട്ടിണികിടന്ന് മരിക്കാതിരിക്കാനും മറ്റുള്ളവരെ പട്ടിണിയില്‍ നിന്നു രക്ഷിക്കാനുമാണ് ഹൈറേഞ്ചിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന്റെ ഭൂരിഭാഗവുമുണ്ടായത്. പുതുതായുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളും ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും വരുമ്പോള്‍ കര്‍ഷകരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ കുടിയേറ്റത്തിന്റെ ഈ സാമൂഹിക പശ്ചാത്തലം കൂടി കാണേണ്ടതുണ്ട്.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS