കടലാമ വിഷയത്തില്‍ കുരുങ്ങി ഇന്ത്യയുടെ കടല്‍ ചെമ്മീന്‍ കയറ്റുമതി മേഖലയ്ക്കുണ്ടാകുന്നത് പ്രതിവര്‍ഷം 2500 കോടിയുടെ നഷ്ടം. മത്സ്യബന്ധന വലകളില്‍ കടലാമകളെ രക്ഷിക്കാനുള്ള ടര്‍ട്ടില്‍ എക്സ്‌ക്ലൂഡര്‍ ഡിവൈസ് (ടിഇഡി-ടെഡ്) ഇന്ത്യ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് 2019 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതിക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതി പ്രധാനമായും നടക്കുന്നത് അമേരിക്കയിലേക്കും ചൈനയിലേക്കുമാണ്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത് 60,523.89 കോടിയുടെ 17,81,602 ടണ്‍ സമുദ്രോത്പന്നങ്ങളാണ്. ഇതില്‍ 40.19 ശതമാനവും ചെമ്മീന്‍ കയറ്റുമതിയായിരുന്നു. വരുമാനത്തിന്റെ 66.12 ശതമാനം സംഭാവന ചെയ്തതും ചെമ്മീന്‍ തന്നെ. നിരോധനത്തില്‍ ഉള്‍പ്പെടാത്ത ഇനങ്ങളില്‍ നിന്നായി 40,013.54 കോടിയുടെ ചെമ്മീനാണ് പ്രതിസന്ധികള്‍ക്കു നടുവിലും ഇന്ത്യ കയറ്റിയയച്ചത്. കയറ്റുമതിയില്‍ 0.69 ശതമാനം വളര്‍ച്ച കൈവരിക്കാനും ചെമ്മീന്‍ മേഖലയ്ക്കായി. എന്താണ് നിരോധനത്തിനു പിന്നില്‍, കടലാമകളും ചെമ്മീനും തമ്മിലെന്താണ് ബന്ധം. ഒന്നു പരിശോധിക്കാം.
ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതി പ്രധാനമായും നടക്കുന്നത് അമേരിക്കയിലേക്കും ചൈനയിലേക്കുമാണ്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത് 60,523.89 കോടിയുടെ 17,81,602 ടണ്‍ സമുദ്രോത്പന്നങ്ങളാണ്. ഇതില്‍ 40.19 ശതമാനവും ചെമ്മീന്‍ കയറ്റുമതിയായിരുന്നു. വരുമാനത്തിന്റെ 66.12 ശതമാനം സംഭാവന ചെയ്തതും ചെമ്മീന്‍ തന്നെ.
എന്താണ് ടര്‍ട്ടില്‍ എക്സ്‌ക്ലൂഡര്‍ ഡിവൈസ് (TED)
മത്സ്യബന്ധന വലയില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണിത്. വലയില്‍ കുരുങ്ങുന്ന ആമകള്‍ക്ക് ഇതിലൂടെ രക്ഷപ്പെടാന്‍ സാധിക്കും. വലയുടെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ബാരിയര്‍ ഗ്രിഡാണ് ആമകളെ വലയില്‍ നിന്നു പുറത്തു കടക്കാന്‍ സഹായിക്കുന്നത്. ഗ്രിഡിന് മുകളിലോ താഴെയോ ഉള്ള രക്ഷപെടല്‍ ദ്വാരത്തിലേക്കെത്തുന്ന ആമകള്‍ക്ക് ക്ഷതമൊന്നുമേല്‍ക്കാതെ ഇതുവഴി രക്ഷപെടാന്‍ സാധിക്കും. ടെഡിലെ മെറ്റല്‍ ഗ്രിഡ് വലയ്ക്കകത്തേക്കുള്ള പ്രവേശനം തടയുന്നു. അതേസമയം ചെമ്മീനും മറ്റു മത്സ്യങ്ങളും ബാറുകളിലൂടെ കടന്നു പോയി വലയ്ക്കുള്ളില്‍ തന്നെ കുരുങ്ങുകയും ചെയ്യുന്നു. സ്രാവുകള്‍ പോലുള്ള വലിയ മത്സ്യങ്ങളെ സുരക്ഷിതമായി വലയില്‍ നിന്ന് രക്ഷപ്പെടാനും ടെഡ് സഹായിക്കുന്നു.
കടലാമകളും കടലും തമ്മിലെന്ത്?
കടല്‍ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ജീവിവര്‍ഗമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍. കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്‌സിജനും നല്‍കുന്ന കടല്‍പ്പുല്ലുകള്‍(sea grass)വളര്‍ന്നു വലുതായി നശിച്ചു പോകാതെ സംരക്ഷിക്കുന്നത് കടലാമകളാണ്. കരയിലെ പുല്ലു വെട്ടി നാം മനോഹരമായി സംരക്ഷിക്കുന്നതുപോലെ കടല്‍പുല്ല് വെട്ടുന്നരീതിയില്‍ തിന്ന് കടലിനടിയല്‍ ഒരു പുല്‍തകിടി നിലനിര്‍ത്തുന്നതും ഇവ തന്നെ. ഇവിടെയാണ് കടലിലെ നിരവധിയിനം ജീവികള്‍ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും.
പതിനായിരക്കണക്കിന് സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രത്തിനടിയല്‍ പവിഴപ്പുറ്റുകള്‍ തീര്‍ക്കുന്ന പാറക്കെട്ടുകള്‍. വളരെ സാവധാനം വളരുന്ന ഒന്നാണിവ. ഇവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കടല്‍സ്‌പോഞ്ചുകളെ തിന്നു നശിപ്പിക്കുന്നതും കടലാമകളാണ്. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകള്‍ നിലനില്‍ക്കണമെങ്കിലും കടലാമകള്‍ വേണം. കൊടുങ്കാറ്റിനേയും തിരമാലകളെയും തടഞ്ഞ് തീരത്തെ രക്ഷിക്കുന്നതിനാല്‍ കടല്‍തീര ആവാസവ്യവസ്ഥയെയും പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുന്നുണ്ടെന്നു പറയാം. ലക്ഷദ്വീപു പോലുള്ള നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രധാന വരുമാനമാര്‍ഗവും ആകര്‍ഷണവുമാണ് പവിഴപ്പുറ്റുകള്‍.
മത്സ്യലാര്‍വകളെയും മുട്ടകളെയും തിന്നു നശിപ്പിച്ച് കടലില്‍ മത്സ്യലഭ്യത കുറക്കുന്നതില്‍ പ്രധാനിയാണ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന കടല്‍ജീവികള്‍. ലതര്‍ബാക്ക് എന്നയിനം കടലാമകള്‍ ജെല്ലിഫിഷിനെ തിന്നു നശിപ്പിക്കുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
ഇങ്ങനെ കടല്‍ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കടലാമകള്‍ വലിയ പങ്ക് വഹിക്കുന്നതിനാലാണ് ലോകവ്യപാകമായി കടലാമ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. ജെല്ലിഫ്ഷ് എന്നു തെറ്റിധരിച്ച് കടലില്‍ എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം കടലാമകള്‍ ഭക്ഷിക്കുന്നത് കടലാമയുടെ നിലനില്‍പ് തന്നെ അവതാളത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിലൂടെ ഇവ നഷ്ടപ്പെടാതിരിക്കാന്‍ ലോകവ്യാപകമായി മത്സ്യബന്ധനവലകളില്‍ ടെഡ് ഘടിപ്പിക്കണമെന്ന് യുനസ്‌കോ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യ ഇവ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് യുഎസ് കടല്‍ചെമ്മീന്‍ കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
കടലാമകളും ഇന്ത്യയും
ലോകത്തിലുള്ള കടലാമകളുടെ തീര്‍ഥാടനകേന്ദ്രമായി അറിയപ്പെടുന്നത് ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകളാണ്. ഒഡീഷയിലെ ഏക സമുദ്രവന്യജീവി ( marine wildlife sanctuary) സങ്കേതമാണ് ഗഹിര്‍മാത. ഒലിവ് റിഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമകളുടെ പ്രജനനകേന്ദ്രമായതിനാല്‍ ഇവിടെ നടത്തുന്ന ബോട്ട് മത്സ്യബന്ധനത്തില്‍ ടര്‍ട്ടില്‍ എക്‌സ്‌ക്യൂഡര്‍ ഡിവൈസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബോട്ടില്‍ ഒന്നര രണ്ടുമണിക്കൂര്‍ ട്രോളിംഗ് നടക്കുമ്പോള്‍ കടലാമകളോ സ്രാവുകളോ കുരുങ്ങാം. കടലിന്റെ അടിത്തട്ടില്‍ വല ഇടിക്കുമ്പോള്‍ കടലാമകള്‍ക്ക് പരിക്കേല്‍ക്കുന്നതിനാലാണ് ഇവിടെ ടെഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ടെഡ് ഘടിപ്പിക്കേണ്ടതല്ലേ?
വലിയ കൂടുപോലുള്ള വലകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു ഗ്രില്ലാണ് ടെഡ്. മത്സ്യബന്ധനസമയത്ത് വലയ്ക്കരികിലെത്തുന്ന കടലാമകള്‍ ഇതില്‍തട്ടി വലയില്‍ നല്‍കിയിരിക്കുന്ന ദ്വാരത്തിലൂടെ രക്ഷപെടുന്നു. സ്രാവു പോലുള്ള വലിയ മത്സ്യങ്ങളും കടലിനടിയിലെ അവശിഷ്ടങ്ങളും വലയില്‍ കയറാതെ ടെഡ് നോക്കും. കടലിലെ ഒഴുക്കിനനുകൂലമായാണ് വലവലിക്കുന്നെന്നതിനാല്‍ മത്സ്യങ്ങള്‍ വലക്കുള്ളില്‍ കുരുങ്ങുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശകലനം. എന്നാല്‍ ടെഡ് ഘടിപ്പിച്ചാല്‍ 10-20 ശതമാനം മത്സ്യനഷ്ടം ഉണ്ടാകുമെന്ന് മത്സ്യതൊഴിലാളികള്‍ വാദിക്കുന്നു. കടലാമകളെ കാണുന്ന തീരങ്ങളിലെ മത്സ്യബന്ധനത്തില്‍ ടെഡ് നിര്‍ബന്ധമാക്കിയാല്‍ പോരെ എന്നതാണ് മറ്റൊരു ചോദ്യം. ഒരു വലയില്‍ ഇതു ഘടിപ്പിക്കാന്‍ 25,000 രൂപയിലധികം ചെലവു വരുമെന്നതാണ് മറ്റൊരു പരാതിയായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ക്കും കയറ്റുമതിക്കും പ്രശ്‌നങ്ങളുണ്ടാകാതെ ഈ പ്രശ്‌നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷവും കയറ്റുമതി നിരോധനം തുടര്‍ന്നാല്‍ അത് ചെമ്മീന്‍ വിലയിടിവിലേക്കും വന്‍ സാമ്പത്തിക നഷ്ടത്തിലേക്കും അതുവഴി മത്സ്യതൊഴിലാളികളുടെ വരുമാന ശോഷണത്തിലേക്കും നയിക്കും.